ഈ വര്‍ഷം കേരളത്തിലെ റോഡ് അപകടങ്ങള്‍ പകുതിയായി കുറയ്ക്കാനാവശ്യമായ ശക്തമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റോഡ് അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇതിനായി ഫലപ്രദമായ ബോധവല്‍ക്കരണവും കര്‍ശന പരിശോധനയും നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും റോഡ് സേഫ്റ്റി ബോധവല്‍ക്കരണ പരിപാടിയുടെ ചിഹ്നമായ പിങ്കു ടൈഗറിന്റെയും കിറ്റിഷോയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പൊലീസ് മേധാവികളുടെയും സമ്മേളനത്തില്‍ റോഡപകടങ്ങളുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് അപകടങ്ങള്‍ പകുതിയായി കുറക്കാന്‍ സോഷ്യലിസ്റ്റ് മത്സരത്തോടെയുളള പ്രവര്‍ത്തനം ജില്ലകള്‍ നടത്തണം. ഓരോ വര്‍ഷവും റോഡില്‍ ഒരുപാട് ജീവനാണ് പൊലിയുന്നത്. പ്രതിവര്‍ഷം കേരളത്തില്‍ ശരാശരി നാലായിരത്തിലേറെപ്പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ നടക്കുന്ന അപകടങ്ങളിലേറെയും ഒഴിവാക്കാനാവുന്നവയാണെന്നാണ് അപകടങ്ങള്‍ സംഭവിക്കുന്ന രീതികള്‍ അവലോകനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത്. കൃത്യമായ ഇടപെടലിലൂടെ നമുക്ക് അത് തടയാനാകണം. മദ്യപിച്ചു വാഹനമോടിക്കുന്നത് ഒട്ടേറെ അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ചെറു പ്രായത്തിലുള്ളവര്‍ക്കു സ്പീഡ് ഒരു ഹരമാണ്. ഇതും വലിയ തോതില്‍ അപകടങ്ങള്‍ക്കു ഇടയാക്കുന്നുണ്ട്.
ചെറിയ പ്രായത്തില്‍ ജീവച്ഛവമായി കിടപ്പിലാകുന്നവര്‍ ഏറെയാണ്. ഉറക്കമൊഴിച്ചുള്ള ദീര്‍ഘമായ യാത്ര അപകടങ്ങളിലേക്കെത്തുന്നുണ്ട്. പ്രധാന റോഡുകളില്‍ ഇടയ്ക്ക് വാഹനം നിര്‍ത്തി ചായയോ, കാപ്പിയോ കഴിക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവരെ ട്രാഫിക് നിയമം അറിയിക്കാനും ആ അറിവ് പരിശോധിക്കാനും ഉള്ള നടപടികളും വേണം. ഇതിന് ബഹുജനങ്ങളുടെ സഹകരണം പ്രധാനമാണ്. മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തുറമുഖ‑പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.