Monday
27 May 2019

റഫാല്‍; വിശേഷാധികാരമുള്ള രേഖകള്‍ അനുവാദമില്ലാതെ ഹാജരാക്കാനാവില്ലെന്ന് എ ജി

By: Web Desk | Thursday 14 March 2019 10:53 PM IST


ഡല്‍ഹി: റഫാല്‍ കേസില്‍ കോടതിക്ക് മുന്‍പില്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കണോയെന്ന കാര്യത്തില്‍ ഉത്തരവ് പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഈ രേഖകള്‍ വിശേഷാധികാരമുള്ള രേഖകളാണെന്നും അനുമതിയില്ലാതെ ഇത് ഹാജരാക്കാനാവില്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദങ്ങളെ തുടര്‍ന്നാണിത്. എന്നാല്‍ ദേശീയ സുരക്ഷയുടെ പേരില്‍ എല്ലാം മാറ്റിവയ്ക്കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചത് ഫോട്ടോ കോപ്പി എടുത്ത ശേഷമാണെന്ന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. സെക്ഷന്‍ 123 തെളിവ് നിയമപ്രകാരവും വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും രേഖകള്‍ അനുമതിയില്ലാതെ ഹാജരാക്കാനാവില്ലെന്നുമാണ് വേണുഗോപാല്‍ വാദിച്ചത്. എന്നാല്‍ അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കേസുകളിലെ സൂക്ഷ്മമായ വിവരങ്ങള്‍ക്ക് വിവരാവകാശ നിയമം ബാധകമാണെന്ന് പറഞ്ഞ ജസ്റ്റിസ് കെ എം ജോസഫ് സര്‍ക്കാരിന്റെ വാദത്തെ തള്ളി.
ചോര്‍ന്ന രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ നിന്ന് ഒഴിവാക്കണമെന്നും എ ജി കോടതിയില്‍ വാദിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ വാങ്ങലുകളെ കുറിച്ച് സിഐജിയുടെ റിപ്പോര്‍ട്ടില്‍ എല്ലാ വിവരങ്ങളുമുണ്ടാകാറുണ്ട്. അത് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന കാര്യമാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള വാദങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും ഹര്‍ജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷണും പറഞ്ഞു. രേഖകള്‍ പരിശോധിക്കണോ വേണ്ടയോയെന്നത് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന സമയത്തായിരിക്കും കോടതി ഉത്തരവിടുക.
റഫാല്‍ ഇടപാടിന്റെ രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് സുപ്രീംകോടതിയില്‍ പറഞ്ഞ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്നീട് നിലപാട് തിരുത്തി രംഗത്ത് വന്നിരുന്നു. രേഖകള്‍ മോഷണം പോയിട്ടില്ലെന്നും യഥാര്‍ഥ രേഖയുടെ ഫോട്ടോകോപ്പിയാണ് പുറത്തുപോയതെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ രഹസ്യരേഖകളായി കണക്കാക്കുന്നവയുടെ പകര്‍പ്പുകള്‍ പുനഃപരിശോധനാ ഹര്‍ജിക്കാര്‍ ഉപയോഗിച്ചു. രേഖകള്‍ മോഷണം പോയെന്നത് തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു.
റഫാല്‍ ഇടപാടിനെ പറ്റി പുറത്തുവന്ന രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും ഇത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നും നടപടിയെടുക്കുമെന്നും മാര്‍ച്ച് ആറിന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് വിവാദമായിരുന്നു.