Site iconSite icon Janayugom Online

ശ്രീലങ്കയില്‍ നിന്നു് വീണ്ടും അഭയാര്‍ത്ഥി പ്രവാഹം

RefugeeRefugee

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിൽ നിന്ന് വീണ്ടും അഭയാർത്ഥികൾ ഇന്ത്യയിലേക്ക് ഒഴുകുന്നു. ഏഴുകുടുംബത്തിൽ നിന്നുള്ള 19 പേര്‍ തലൈമന്നാറിൽ നിന്നും ധനുഷ്‌കോടിയിൽ എത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ മണ്ഡപം മറൈൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രശ്‌നംമൂലം ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതുകൊണ്ടാണ് ഇന്ത്യയിലേക്ക് കുടിയേറാന്‍ ശ്രമിച്ചതെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തി. 1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പ് സ്പീക്കർ മഹിന്ദ യാപ അബിവർധന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയിൽ നിന്ന് വീണ്ടും അഭയാർത്ഥി പ്രവാഹം തുടങ്ങിയത്.

വിദേശനാണ്യം ഇല്ലാതായതോടെ ശ്രീലങ്കയിൽ ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും നേരിട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ മുഴുപ്പട്ടിണിയിലാണ്. ദിവസങ്ങളായി രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

രാജ്യത്തെ ഇന്ധനക്ഷാമം മത്സ്യബന്ധന മേഖലയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ വടക്കൻ തമിഴരുടെ പ്രധാന ഉപജീവനമാർഗമാണ് മത്സ്യബന്ധനം. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

Eng­lish Sum­ma­ry: Refugee flow again from Sri Lanka

You may like this video also

Exit mobile version