May 25, 2023 Thursday

Related news

January 8, 2023
January 8, 2023
November 14, 2022
November 1, 2022
October 31, 2022
September 12, 2022
September 9, 2022
August 21, 2022
June 24, 2022
May 6, 2022

അഭയാർത്ഥികളും ശത്രു നിയമങ്ങളും

സതീഷ്ബാബു കല്ലമ്പലത്ത്
January 25, 2020 5:15 am

ഇന്ത്യയിൽ ഒരു മത കേന്ദ്രീകൃത വിവേചന വിരോധാഭാസം നടന്നു. അതും ഗാന്ധിജിയുടെ ജന്മനാട്ടിൽ. ഇത് പറയുന്നത് മറ്റാരുമല്ല. ഐക്യരാഷ്ടസഭയുടെ അഭയാർത്ഥി കമ്മിഷൻ തന്നെയാണ്. പരിസ്ഥിതി അഭയാർത്ഥികളെ മത ന്യൂനപക്ഷ അഭയാർത്ഥികളായി ചിത്രീകരിച്ചു. ചിത്രം മാറ്റി. ഇത് ഒരു ചെറിയ കാര്യമല്ല. നമ്മുടെ രാജ്യത്തിന്റ അതിർത്തിയിൽ കാലാവസ്ഥാമാന്ദ്യം ജന്മം നൽകിയ പരിസ്ഥിതി അഭയാർത്ഥികൾ വർധിക്കുമ്പോഴാണ് മുസ്‌ലിങ്ങളെ അഭയാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയ നിയമം വന്നത്! ക്രൂരതയുടെ പര്യായം! ഹിറ്റ്ലർപോലും തന്റെ കാൽക്കീഴിലെത്തിയ അഭയാർത്ഥികൾക്ക് സംരക്ഷണം നൽകിയിട്ടുണ്ട്! കാലാവസ്ഥാ വ്യതിയാനം നാം പണ്ട് വരച്ചുവച്ച അതിർത്തികൾ ക്രമേണ ഇല്ലാതാക്കും എന്ന് യുഎൻഎച്ച്ആർ നമുക്ക് എല്ലാവർക്കും മുന്നറിയിപ്പ് നൽകിയത് മോഡിക്ക് അറിയാം. കഴിഞ്ഞ കുറച്ച് ദശകങ്ങളായി ബ്രഹ്മപുത്ര നദി സമുദ്രജലനിരപ്പിൽ നിന്നും മൂന്ന് അടിയോളം ഉയർന്നപ്പോൾ, മൂന്നു ലക്ഷത്തോളം ജനങ്ങൾക്ക് കൃഷിയിടവും വീടും നഷ്ടപ്പെട്ടു. സർക്കാർ ഇവരെ സഹായിച്ചില്ല.

ഇവിടെയുള്ളതുപോലെയുള്ള സഹായധനമൊന്നും അവിടെയില്ല. സ്ത്രീകളടക്കം ഒരു നിവൃത്തിയുമില്ലാതെ സ്വന്തം കുട്ടികളെ ചേർത്തുപിടിച്ച് നാടുവിടുകയല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. ആസ്സാമീസും ബംഗ്ലാദേശുകാരും പാകിസ്ഥാൻകാരും ഒന്നാകുന്നു. സംസ്ക്കാരങ്ങൾ പരസ്പരം പങ്കിട്ടു കഴിയുന്ന കാലത്തേക്കാണ് കാലാവസ്ഥാ വ്യതിയാനം നമ്മെ എത്തിക്കുന്നത്. പ്രളയം പങ്കിടുന്നു. ഈ അവസ്ഥയിലാണ്, മതപരിഗണനയുടെ അടിസ്ഥാനത്തിൽ മുസ്‌ലിം ന്യൂനപക്ഷ അഭയാർത്ഥികളെ തടഞ്ഞുകൊണ്ടുള്ള ഒരു നിയമം സർക്കാർ കൊണ്ടുവന്നത്. അമിതമായ കാലാവസ്ഥാ വ്യതിയാനംകൊണ്ട് ധാരാളം ആളുകൾ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും, ജാതി മത വ്യത്യാസം കൂടാതെ ഇന്ത്യയിൽ വന്നിട്ടുണ്ട്. ഗംഗാ ഡൽറ്റയിൽ നിന്നും ബ്രഹ്മപുത്ര നദി കര കവിഞ്ഞൊഴുകിയതിന്റെ ഫലമായി 2010 മുതൽ 2018 വരെ 13200 പേരോളം ഇന്ത്യയിൽ അഭയം പ്രാപിച്ചിട്ടുണ്ട്.

മോഡി കരുതുന്നതുപോലെ മതപീഡനംകൊണ്ടല്ല ഇവർ പലായനം ചെയ്യുന്നത്. പക്ഷെ പട പേടിച്ച് പന്തളത്തെത്തിയപ്പോൾ പന്തം കൊളുത്തി പട എന്നു പറഞ്ഞതുപോലെ ഇന്ത്യയിൽ ഗവൺമെന്റ് മുസ്‌ലിം പൗരന്മാർക്ക് നേരെ സംഘടിതമായി ആക്രമണം നടത്തുന്നതാണ് കാണുന്നത്. ആൾക്കൂട്ട ആക്രമണം, കൊലപാതകം പോലെയുള്ള അതിതീവ്ര വർഗ്ഗീയത മു­­സ്‌ല­ിം രാഷ്ട്രങ്ങളായ ബംഗ്ലാദേശിലോ പാക്കിസ്ഥാനിലോ അ­ഫ്ഗാനിസ്ഥാനിലോ പോലും ഇല്ല. പരിസ്ഥിതി അഭയാർത്ഥികളായി എല്ലാ മതത്തിലും പെട്ടവരുണ്ട്. ഇന്ത്യയിൽ അഭയം പ്രാപിച്ച 2.3 മില്യൻ ബംഗ്ലാദേശുകാരിൽ 72 ശതമാനത്തോളം മുസ്‌ലിങ്ങൾ ആണ്. അത്ഭുതപ്പെടേണ്ട! മതപീഡനം സഹിക്കവയ്യാതെ ഓടിപ്പോന്നവരല്ല ഇവർ. യഥാർത്ഥത്തിൽ പരിസ്ഥിതി അഭയാർത്ഥികളാണ്. അതുപോലെ 0. 7 മില്യൻ പാകിസ്ഥാനികളും ഇന്ത്യയിൽ ഉണ്ട്. ഇൻഡസ് നദി കരകവിഞ്ഞൊഴുകി പാർപ്പിടവും തൊഴിലും നഷ്ടപ്പട്ടു ഇന്ത്യയിൽ അഭയം തേടി. സർക്കാർ കണക്ക് പ്രകാരം വെറും 6596 പേർ മാത്രമണ് അഫ്ഗാനിസ്ഥാൻകാർ. അതിൽ 72 ശതമാനം പേരും മുസ്‌ലിങ്ങൾ ആണ്.

പാകിസ്ഥാനിൽ നിന്നും മതപീഡനം സഹിക്കാനാകാതെ എത്ര ഹിന്ദു സഹോദരങ്ങളാണ് ഇത്തരം രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ കുടിയേറി പാർത്തിട്ടുള്ളതെന്ന് മോഡി സർക്കാരിന് വിവരം ഉണ്ടോ? മതപീഡനം സഹിക്കവയ്യാതെ, എത്ര ഹിന്ദുക്കളും സിക്കുകാരും ക്രിസ്ത്യാനികളും ഇന്ത്യയിൽ അഭയം തേടി പൗരത്വത്തിന് സർക്കാറിൽ അപേക്ഷ നൽകിയിട്ടുണ്ട്? ആരും ഇല്ല. പരിസ്ഥിതി അഭയാർത്ഥികളെ മതപീഡനം സഹിക്കാനാകാതെ കുടിയേറിപ്പാർത്തവരാക്കി ചിത്രീകരിച്ചു. എന്തിന്? അഹിന്ദുക്കളെ നാടുകടത്താനും ലോകത്തുള്ള ഹിന്ദുക്കളെ ഇന്ത്യയിൽ കൊണ്ടുവരാനും. ഇതിനാണ് വികൃതമാക്കി കാണിക്കുന്ന ചിത്രം നമ്മുടെ മുന്നിൽ വച്ചത്. ബിജെപിയുടെ തുറുപ്പു ശീട്ടാണല്ലോ ദേശീയത. ദേശീയതയിൽ സ്വന്തം രാജ്യവും അതിലെ പ്രശ്നങ്ങളും മാത്രമേ ഉള്ളൂ. അയൽ രാജ്യത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ, നമ്മളെ ബാധിക്കാത്തപക്ഷം, അത് ഒരു ദേശീയ പ്രശ്നമല്ല. അത് അവരുടെ മാത്രം പ്രശ്നം. എന്നാൽ പൗരത്വ ബില്ലിൽ ദേശീയ പ്രശ്നം മാത്രമല്ല ഉള്ളത്. അതിൽ ബാഹ്യപ്രശ്നവും കൂടിയുണ്ട്.

എന്താണ് അത്? വിദേശ രാഷ്ട്രങ്ങളിലെ ഹിന്ദു വിഭാഗക്കാർക്കുപോലും അറിയാത്ത അവരുടെ പ്രശ്നം, ഒരു ദേശീയപ്രശ്നം ആയി കാണുന്നത് ദേശീയതയുടെ ഇരട്ടത്താപ്പ് നയമാണ്. ഇതാണ് കഴിഞ്ഞ ലോക കേരളസഭയിൽ, ബംഗ്ലാദേശിൽ സ്ഥിരമായി താമസിക്കുന്ന ഒരു ബിസിനസുകാരൻ പറഞ്ഞത്. അവർ മത രാഷ്ട്രമായിട്ടു പോലും, ഹിന്ദുക്കൾക്ക് പൂജ നടത്തുന്നതിനും ആരാധിക്കുന്നതിനും സർക്കാർ എല്ലാ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ടെന്ന്.

എന്തിന് എനിമി പ്രോപ്പർട്ടി ഓർഡർ (Ene­my Prop­er­ty Order) 2018?

പണ്ട് രാജാക്കൻമാർ രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തി സ്വത്തുക്കൾ കണ്ടുകെട്ടുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. പല രാജാക്കന്മാരും സ്വത്ത് സമ്പാദിച്ചത് ഇങ്ങിനെയാണ്. അതുപോലെ നാടുവിട്ടുപോയ ഇന്ത്യക്കാരുടെ സ്വത്തും ആസ്തികളും സർക്കാരിലേക്ക് കണ്ടുകെട്ടുന്ന ഒരു നിയമമാണ് ശത്രുക്കളുടെ സ്വത്ത് വിജ്ഞാപനം 2018.(Enemy propetry order 2018). ഇതനുസരിച്ച് രാജ്യം വിട്ടുപോയവരുടെ സ്വത്തുക്കളും സമ്പാദ്യങ്ങളും സർക്കാറിലേക്ക് വന്നുചേരും. അന്ന് ഇങ്ങനെ ഒരു നിയമം സർക്കാർ കൊണ്ടുവന്നപ്പോൾ അതിൽ ഒളിഞ്ഞുകിടക്കുന്ന ഗൂഢതന്ത്രം ആർക്കും മനസിലായില്ല. അതുകൊണ്ട് തന്നെ കാര്യമായ ഒരു എതിർപ്പും ഉണ്ടായില്ല. പൗരത്വ ദേദഗതി നിയമം 2019 വന്നപ്പോഴാണ് ഇതിന്റെ ഉള്ളിലുള്ള കുരുക്ക് ബോധ്യപ്പെടാൻ തുടങ്ങിയത്.

ഇതനുസരിച്ച് ഇന്ത്യയുടെ ശത്രുരാജ്യത്തേക്ക് പോയി താമസിക്കുന്നവരുടെ സ്വത്തും സർക്കാരിന് കണ്ടുകെട്ടാം. പൗരത്വ നിയമം നടപ്പിലാക്കാൻ തുടങ്ങിയാൽ, ആവശ്യമായ രേഖകൾ സമർപ്പിക്കാൻ പറ്റാത്ത മുസ്‌ലിങ്ങൾ ഇന്ത്യ വിട്ടുപോകുമ്പോൾ ഈ നിയമം ഉപയോഗിച്ച് സർക്കാറിന് അവരുടെ സ്വത്ത് കണ്ടുകെട്ടാം. ആൾക്കൂട്ട ആക്രമണവും, കൊലപാതകവും, പൗരത്വ ഭേദഗതി ബില്ലും എല്ലാം ബന്ധപ്പെടുത്തി വായിക്കുമ്പോൾ മാത്രമേ ഈ ശത്രുസ്വത്ത് നിയമത്തിന്റെ അപകടം ബോധ്യപ്പെടൂ! രാജ്യത്തിലെ ഒരു നിയമത്തിന് “ശത്രു” എന്ന പേര് നൽകിയതുതന്നെ ആദ്യമായിട്ടാണ്. എന്നു മാത്രമല്ല ഇത് ഭരണഘടനാവിരുദ്ധവും കൂടിയാണ്.

ഇന്ത്യൻ ഭരണഘടനയിൽ ഒരു സ്ഥലത്തും ശത്രു എന്ന വാക്ക് കാണില്ല. ഐക്യം. വൈവിദ്ധ്യം എന്നീ പദങ്ങളാണ് ഉപയോഗിച്ചത്. നിയമപരമായ സംരക്ഷണം ഏതു മതത്തിൽ പെട്ടവനായാലും തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന രാജ്യത്തിലെ പൗരനാകാനാണ് ആദ്യം മുൻഗണന കൊടുക്കുന്നത്. പിന്നീടാണ് മതം. ഇന്ത്യയിലെ പ്രത്യേക സാഹചര്യമല്ല ഏതു ജാതിയിലും മതത്തിലും പെട്ടവനായാലും ഇന്ത്യയുടെ ഭരണഘടനയുടെ കെട്ടുറപ്പ് തന്നെയാണ് ഇതിന് കാരണം. പാക്കിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ ഏതെങ്കിലും മുസ്‌ലിം സഹോദരങ്ങൾ ഇന്ത്യയിൽ അഭയാർത്ഥിയായിട്ടുണ്ടങ്കിൽ അത് നമ്മുടെ ഭരണഘടനയുടെ മതേതരത്വം ഒന്നുകൊണ്ട് മാത്രമാണ്. ഈ കെട്ടുറപ്പാണ് മോഡി പൗരത്വ ഭേദഗതി നിയമത്തിലൂടെ തകർത്തെറിഞ്ഞത്.

എല്ലാ മതക്കാരുടെയും കൂടെ ഒരുമിച്ച് ജീവിക്കാൻ അവസരം ഒരുക്കുന്ന വലിയ മതപഠന ശാലയാണ് മതേതരത്വം നമുക്ക് സമ്മാനിക്കുന്നത്. ഈ പഠനശാലയിലൂടെ മതം കടന്നുപോകുമ്പോൾ, മതങ്ങൾക്കു കിട്ടുന്ന സഹിഷ്ണുത, അനുരഞ്ജനം, ഐക്യം തുടങ്ങിയവ മറ്റെവിടെയും കിട്ടില്ല. മതേതരത്വം മതസംഹിതകളെ ശുദ്ധീകരിച്ച് മാനുഷികമൂല്യം ഉൾക്കൊള്ളുന്നതാക്കുന്നു. മതേതരത്വത്തിലൂടെ കടന്നുവരുന്ന മതങ്ങൾക്ക് മതേതരത്വം എന്ന വലിയ മാനുഷികമൂല്യം ഉൾക്കൊള്ളുന്ന ഭരണഘടനാ തത്വത്തെയാണ് മോഡി സർക്കാർ തകർക്കാൻ ശ്രമിക്കുന്നത്. മതരാഷ്ട്രങ്ങളിലെ നിയമങ്ങൾ കൂടുതൽ കർക്കശമാണ്. അതിൽ മാനുഷികമൂല്യം ഇല്ല. മതേതരത്വത്തിൽ അത് ഉണ്ട്. ഉദാഹരണത്തിന് മുസ്‌ലിം രാഷ്ട്രങ്ങളിലായാലും മോഡി ഭാവനയിൽ കാണുന്ന ഹിന്ദു രാഷ്ട്രങ്ങളിലായാലും ഒരു പൗരൻ ചെറിയ തെറ്റു ചെയ്താൽപോലും കഠിനശിക്ഷയാണ് നൽകുന്നത്. തെറ്റുകൾക്ക് നേരെയുള്ള ജനക്കൂട്ട ആക്രമണം ഇതിന് തെളിവാണ്.

നിയമത്തിന് മുന്നിൽ തുല്യത, മതപരമായ സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്യ്രവും തൊഴിൽ നിയമ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന മതേതര ഭരണഘടനയുള്ളതുകൊണ്ടാണ് പല അയൽ രാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് പരിസ്ഥിതി അഭയാർത്ഥികൾ ഇന്ത്യയിൽ അഭയം തേടുന്നത്. പലവിധ മതത്തിൽപെട്ടവർ ഇന്ത്യയിൽ കുടിയേറിയാലും നിലവിലെ മുസ്‌ലിങ്ങളുടെ അനുപാതത്തിൽ, മോഡിയല്ല ഇനി ആരു വിചാരിച്ചാലും യാതൊരു മാറ്റവും ഉണ്ടാകില്ല എന്ന് വാഷിങ്ങ്ടൺ ആസ്ഥാനമായ പ്യൂ റിസേർച്ച് സെന്റർ പഠനം നടത്തി കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ മുസ്‌ലിങ്ങളുടെ അനുപാതം 2050 ആകുമ്പോഴേക്കും നിലവിലെ ഒമ്പത് ശതമാനത്തിൽ നിന്നും ഏഴു ശതമാനമായി ചുരുങ്ങും.

എന്നാൽ, പാക്കിസ്ഥാനിൽ മുസ്‌ലിങ്ങൾ 2050 ആകുമ്പോഴേക്കും നിലവിലെ രണ്ടു ശതമാനമായി തന്നെ തുടരും. കാരണം അഞ്ചു വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് ഇന്ത്യയേക്കാൾ കൂടുതലാണ് ഈ വികസ്വര രാഷ്ട്രത്തിൽ എന്നതു തന്നെ. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നാലും മതേതരത്വത്തിൽ നിന്ന് തിരിച്ചുപിടിച്ച് ഒരു ഹിന്ദു രാഷ്ട്രമാക്കാൻ കഴിയില്ല എന്നാണ് പ്യൂ റിസർച്ച് സെന്റർ നിഗമനത്തിലെത്തിയത്. അതിന് കാരണം ഇവിടത്തെ മതേതരത്വം തന്നെ.

Eng­lish sum­ma­ry: Refugees and Ene­my Laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.