ജയ് ശ്രീരാം വിളിച്ചില്ല; മുസ്ലിം സമുദായക്കാരനായ കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം, കുട്ടിയുടെ നില ഗുരുതരം 

Web Desk
Posted on July 29, 2019, 10:04 am

ലഖ്‌നൗ: ജയ് ശ്രീരാം വിളിച്ചില്ല എന്നാരോപിച്ച് പതിനഞ്ചുകാരനായ കൗമാരക്കാരനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഉത്തര്‍ പ്രദേശിലെ ഛന്ദൗലിയിലാണ് മുസ്ലിം സമുദായക്കാരനായ ആണ്‍കുട്ടിയെ ജയ് ശ്രീരാം വിളിക്കാത്തതിന് തീകൊളുത്തിയത്.  അറുപത് ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചു.

ജയ് ശ്രീരാം എന്ന് വിളിക്കാന്‍ തന്നോട് ചിലര്‍ ആവശ്യപ്പെട്ടതായും വിസമ്മതിച്ചതിനാണ് തന്നെ ആക്രമിച്ചതെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.  ‘ജയ് ശ്രീറാം’ വിളിക്കാത്തതിന് നാലു പേര്‍ ചേര്‍ന്ന് പൊള്ളലേല്‍പ്പിക്കുകയായിരുന്നെന്ന് കുട്ടി പറയുന്ന ദൃശ്യം ആശുപത്രി കാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കാശിയിലെ കബീര്‍ ചൗര ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചത്.

നാല് പേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് കൈകള്‍ കെട്ടുകയും മറ്റൊരാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു ആശുപത്രിയില്‍ വെച്ച് കുട്ടി പറഞ്ഞതായി ആജ് തക് ടി.വി റിപോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. മഹാരാജ്പൂര്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടന്നത് എന്ന് പറഞ്ഞ കുട്ടി പിന്നീട് ഹട്ടീജ ഗ്രാമത്തില്‍വെച്ചാണെന്ന് മൊഴി മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

YOU MAY LIKE THIS VIDEO