വി പി ഉണ്ണികൃഷ്ണൻ

മറുവാക്ക്

February 21, 2020, 5:15 am

ആര്‍ത്തവം വരുത്തിവയ്ക്കുന്ന പുനര്‍ജന്മ വിനാശങ്ങള്‍

Janayugom Online

മനുവാദികള്‍ ആര്‍ഷഭാരത സംസ്കൃതിക്ക് നവംനവങ്ങളായ ‘മാനങ്ങള്‍’ സൃഷ്ടിക്കുന്ന തിരക്കിലാണ്. ‘അച്ഛാദിന്‍’ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗര ചത്വരങ്ങളിലും സൃഷ്ടിച്ചു കഴിഞ്ഞ നരേന്ദ്രമോഡി ഭരണകൂടം നൂറ് കോടിയില്‍പരം ചെലവഴിച്ച് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കുന്നതിനായി പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ വന്‍മതിലുകള്‍ തീര്‍ക്കുകയും കാല്‍നൂറ്റാണ്ടുകാലമായി കഴിഞ്ഞുകൂടുന്ന മനുഷ്യരെ അവരുടെ ചേരികളില്‍ നിന്ന് നിമിഷാര്‍ധംകൊണ്ട് ആട്ടിപുറത്താക്കുവാന്‍ നിശ്ചയിക്കുകയും ചെയ്യുന്നു. ജനതയെ ഭിന്നിപ്പിക്കുവാനും രാഷ്ട്രത്തെ വിഭജിക്കുവാനും മതമതിലുകള്‍ തീര്‍ക്കുന്നവര്‍ ‘അച്ഛാ ദിനു‘കളാല്‍ സമ്പന്നമായ ഇന്ത്യയുടെ കാഴ്ചകള്‍ ട്രംപിന്റെ കണ്ണുകളില്‍ നിന്ന് മറച്ചുപിടിക്കുന്നത് കഷ്ടം തന്നെ. മതിലുകള്‍ സൃഷ്ടിക്കുന്ന അജണ്ടകളില്‍ പ്രാധാന്യമേറിയ ഒന്നായി ‘ആര്‍ത്തവം’ വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന മലീമസ മനസുകളുടെ അഴിഞ്ഞാട്ട താവളങ്ങളായി കലാലയങ്ങളെപോലും ദുഷ്ടശക്തികള്‍ പരിണമിപ്പിക്കുന്നു. സംഘപരിവാര ഭരണനിയന്ത്രണത്തിലുള്ള ഇ­ന്ത്യയില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സംസ്ഥാനമായ ഗുജറാത്തിലെ സഹജനാനന്ദ കോളജാണ് ഏറ്റവും ഒടുവില്‍ അപമാനകരവും കേട്ടുകേള്‍വിയില്ലാത്തതുമായ മതമൗലിക നീചത്വത്തിനും അന്ധവിശ്വാസ അനാചാര അഴിഞ്ഞാട്ടത്തിനും വേദിയായത്.

ആര്‍ത്തവനാളുകളില്‍ ഹോസ്റ്റല്‍ അടുക്കളയില്‍ കയറി അശുദ്ധമാക്കിയെന്നും അമ്പലത്തില്‍ കടന്ന് അശുദ്ധിയുണ്ടാക്കി ദെെവത്തിന് അപ്രീതി വരുത്തിവയ്ക്കുകയും ആര്‍ത്തവമില്ലാത്ത കുട്ടികളോട് അടുത്തിടപഴകി അവരെ ശുദ്ധിരഹിതരാക്കുകയും ചെയ്തു എന്ന കൊടുംപാതകങ്ങള്‍ ചുമത്തപ്പെട്ട അറുപത്തിയെട്ട് വിദ്യാര്‍ത്ഥിനികള്‍ കലാലയത്തിനുള്ളില്‍ വെച്ച് ആര്‍ത്തവ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടു. ദെെവത്തോടും ആചാരാനുഷ്ഠാനങ്ങളോടും വെല്ലുവിളി ഉയര്‍ത്തുന്നവരുടെ ധാര്‍ഷ്ട്യത്തെ സനാതന ഹിന്ദുക്കളുടെ ഭരണത്തി­ല്‍ വച്ചുപൊറുപ്പിച്ചാല്‍ അതിനേക്കാള്‍ വലിയ പാതകം മറ്റൊന്നില്ല. അതുകൊണ്ടാണ് വരിവരിയായി നിര്‍ത്തി ആര്‍ത്തവ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഉത്തരേന്ത്യന്‍ നാടുകളില്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ വെളിപറമ്പുകളിലാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതെങ്കിലും ശൗചാലയങ്ങളുടെ കാര്യത്തില്‍ ഊറ്റംകൊള്ളുന്നവരാണ് നരേന്ദ്രമോഡിയും അമിത്ഷായും അവരുടെ ദാസന്മാരും വാഴ്ത്തുപാട്ടുകാരും. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയര്‍ത്തുന്നതുപോലും പാവങ്ങള്‍ക്ക് ശൗചാലയം നിര്‍മ്മിക്കാനാണെന്ന് അവര്‍ പറഞ്ഞുപഠിപ്പിക്കുന്നുണ്ട്. സഹജനാനന്ദ കോളജില്‍ ശൗചാലയം ഉണ്ടായത് നന്നായി.

അതുകൊണ്ട് ആര്‍ത്തവ പരിശോധനയ്ക്ക് അല്‍പമാത്രമായെങ്കിലും രഹസ്യസ്വഭാവം കിട്ടി. പരിശോധന നടത്തിയത് കോളജ് പ്രിന്‍സിപ്പാല്‍ അടക്കമുള്ള വനിതാ സിംഹിണികളാണ്. തുല്യനീതിക്കുവേണ്ടി പുരുഷന്‍മാരെ പരിശോധനാ സംഘത്തിലുള്‍പ്പെടുത്താതിരുന്നത് പെണ്‍കുട്ടികളുടെ ഭാഗ്യം. സംഘികളുടെ ഭാഷയില്‍ മൊഴിഞ്ഞാല്‍ മുജ്ജന്മ സു­കൃതം. അടുക്കളയിലും അമ്പലത്തിലും കടക്കുന്നതും മറ്റു പെണ്‍കുട്ടികളുമായി ആര്‍ത്തവക്കാര്‍ അ­­ടുത്തിടപഴകുന്നതും മാത്രമല്ല കുറ്റകൃത്യങ്ങള്‍. ഹോസ്റ്റല്‍ മുറികളില്‍ ആര്‍ത്തവകാലത്ത് നിലത്ത് കിടന്നുറങ്ങണം എന്ന നിയമാവലി ലംഘിച്ച് കട്ടിലുകളില്‍ വലിഞ്ഞുകയറി ശയിക്കുന്നു. പൊറുക്കാനാവാത്ത പാതകം. ‘മനുസ്മൃതി’ രാഷ്ട്രത്തിന്റെ ഭരണഘടനയാവണമെന്ന് വാദിക്കുന്ന ഗോല്‍വാള്‍ക്കറുടെ അനുചരന്‍മാര്‍ സ്ത്രീകളുടെ കാര്യത്തിലും മനുവിന്റെ സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുകയാണ്.

‘പിതാ രക്ഷതേ കൗമാരേ 

ഭര്‍തൃ രക്ഷതേ യൗവ്വനേ 

പുത്രാ രക്ഷതേ വാര്‍ധക്യേ

നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’

സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കാത്ത അടിമക്കൂട്ടമാണെന്ന മനുവാദം തന്നെയാണ് സംഘകുടുംബ ഫാസിസ്റ്റ് ഭരണത്തില്‍ അരങ്ങേറുന്നത്. ആര്‍ത്തവ പരിശോധനയുടെ വാര്‍ത്തകള്‍ പുറത്തുവരികയും പ്രതിഷേധം ഉയരുകയും ചെയ്തപ്പോള്‍ കേസെടുത്ത കേന്ദ്ര വനിതാകമ്മിഷന്‍ ഇപ്പോള്‍ ഉദ്ഘോഷിക്കുന്നൂ; ആര്‍ത്തവ ആചാരങ്ങള്‍ ലംഘിക്കപ്പെടാതെ പാലിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥിനികളും കലാലയത്തിലുണ്ടെന്നും അവര്‍ അത്തരത്തില്‍ മൊഴികള്‍ നല്‍കിയെന്നും നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ നിയോഗിക്കപ്പെട്ട വനിതാ കമ്മിഷന്‍ ഈ വിധമല്ലാതെ വനിതകളുടെ സ്വകാര്യതയും സുരക്ഷിതത്വവും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കും1 ആര്‍ത്തവ പരിശോധന നടന്ന കലാലയം അമ്പലത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്.

സ്വാമി നാരായണന്‍ ഭുജ് മന്ദിറിന്റെ കെെകാര്യ കര്‍തൃത്വത്തിലുള്ള കലാലയത്തിലെ ആര്‍ത്തവ പരിശോധന പ്രതിഷേധം ക്ഷണിച്ചുവരുത്തിയപ്പോള്‍ പ്രിന്‍സിപ്പാള്‍ റീത്ത റാണിങ്ക, ഇന്‍സ്റ്റിറ്റ്യൂട്ട് കോ-ഓര്‍ഡിനേറ്റര്‍ അനിതാ ചൗഹാന്‍, ഹോസ്റ്റല്‍ റെക്ടര്‍ റെമീലാ ഹീരാനി, പ്യൂണ്‍ നയന ഗൊരാസിയ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നിര്‍ബന്ധിതമായെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്ന് നടപടിക്കൊപ്പം ആവര്‍ത്തിക്കുകയും ചെയ്തു. നമ്മുടെ വീടുകളിലെ അടുക്കളകളിലേക്ക് സംഘപരിവാരം കടന്നുകയറാന്‍ തുടങ്ങുകയും എന്തു ഭക്ഷണം കഴിക്കണമെന്ന് നിശ്ചയിക്കുകയും ചെയ്യുന്നതുപോലെ ആര്‍ത്തവത്തെ മുന്‍നിര്‍ത്തി കലാലയ വളപ്പുകളിലും ഹോസ്റ്റല്‍ അടുക്കളകളിലും അധിനിവേശം നടത്തുകയാണ്. കോളജ് ട്രസ്റ്റ് നിയന്ത്രിക്കുന്ന ക്ഷേത്രാശ്രമത്തിലെ ‘സന്യാസി’ സ്വാമി കൃഷ്ണസ്വരൂപ്- സംഘികള്‍ക്ക് അയാള്‍ സ്വരൂപ്ജിയാണ്- ഒരു വര്‍ഷം മുമ്പുതന്നെ അനുയായികളോട് ‘ഭുജ് രാത്രി’ സഭയിലെ പ്രഭാഷണത്തില്‍ പറഞ്ഞു. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ അവര്‍ തെരുവ് പെണ്‍കുട്ടികളായി ജനിക്കും. ആര്‍ത്തവപ്പെണ്ണുങ്ങള്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്ന പുരുഷന്മാര്‍ കാളകളായി പുനര്‍ജനിക്കും. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ തെരുവ് പെണ്‍പട്ടിയായി ജനിച്ചാല്‍ കൊടിച്ചി പട്ടിയാവരുതേ എന്ന് പ്രാര്‍ത്ഥിക്കേണ്ടി വരും. ആണുങ്ങള്‍ ഉഴവുകാളകളായി ജനിക്കേണമേ എന്ന് മനമുരുക്കി യാചിക്കേണ്ടി വരും. അവരെല്ലാം സംഘികളുടെ അനുചരന്‍മാരായിരിക്കും. പശു മാതാവായതുകൊണ്ട് കാളപിതാക്കളുടെ എണ്ണം ഉയരേണ്ടതുണ്ടല്ലോ.

പുരുഷന്മാര്‍ ഭക്ഷണം പാചകം ചെയ്യാന്‍ പഠിക്കേണ്ടത് മതത്തിന്റെ രഹസ്യങ്ങള്‍ പാലിക്കുവാന്‍ ആവശ്യമാണെന്നും ആയതിനാല്‍ പുരുഷന്മാര്‍ വിവാഹിതരാകുന്നതിനു മുമ്പുതന്നെ പാചകവിദ്യ സ്വായത്തമാക്കണമെന്നും കപടസന്ന്യാസി ആഹ്വാനം ചെയ്യുന്നു. പാവം കുട്ടികള്‍ കഷ്ടത്തിലാവും. ആര്‍ത്തവ ദിനങ്ങളില്‍ അമ്മമാര്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്ന ആ പൈതങ്ങള്‍ പുനര്‍ജന്മത്തില്‍ തെരുവ് പെണ്‍പട്ടികളും കാളകളുമായി പരിണമിക്കുമല്ലോ! ഭയാനകം തന്നെ. ആര്‍ത്തവ ദിവസങ്ങള്‍ സൗന്ദര്യാത്മമായി പാലിക്കണെന്ന് സ്ത്രീസമൂഹത്തെ ഉപദേശിക്കുന്ന കപട സ്വാമിജി തന്റെ വാദങ്ങള്‍ക്കെല്ലാം ശാസ്ത്രത്തിന്റെയും ആത്മീയഗ്രന്ഥങ്ങളുടെയും പിന്തുണയുണ്ടെന്നും അവകാശപ്പെടുന്നു. പക്ഷേ ഏതു ശാസ്ത്രം? ഏത് ആത്മീയ ഗ്രന്ഥം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. അത് അതീവരഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണ്. പക്ഷേ ഒരു ചോദ്യത്തിന് ഇത്തരക്കാര്‍ മറുപടി പറയുന്നില്ല. ആര്‍ത്തവ ദിനങ്ങളില്‍ അധ്യാപികമാര്‍ കലാലയങ്ങളില്‍ പോകാമോ? പള്ളിക്കൂടങ്ങളും കലാലയങ്ങളും സരസ്വതീക്ഷേത്രങ്ങളല്ലേ? അശുദ്ധമാകില്ലേ? ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടില്ലേ? ദേവീകോപം ഉണ്ടാവില്ലേ? ഇനി സ്ത്രീകള്‍ക്ക് തീവണ്ടിയാത്ര ദുഷ്കരമാവുന്ന കറുത്ത കാലം സൃഷ്ടിക്കപ്പെടുമോ എന്നുകൂടി നാം ആശങ്കപ്പെടണം. ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളുടെ യാത്ര സംഘികളാല്‍ നിരോധിക്കപ്പെടുമോ എന്നും ഭയപ്പെടണം. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്ലാഗ് ഓഫ് ചെയ്ത കാശിമഹാകാല്‍ ബുളളറ്റ് ട്രെയിനില്‍ ശിവക്ഷേത്രം അണിയിച്ചൊരുക്കി വിളക്ക് കത്തിച്ച് പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ ചലനചിത്രങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവന്നു. മേല്‍ശാന്തിയും കീഴ്‌ശാന്തിയും മേളക്കാരുമൊക്കെ തീവണ്ടിയില്‍ നിറയുന്ന കാലം അനതിവിദൂരമല്ല.

സാധാരണ യാത്രക്കാരന് കൈവശം വയ്ക്കാന്‍ അവകാശമില്ലാത്ത തീപ്പെട്ടി പൂജാരിമാര്‍ക്ക് കൈവശം വയ്ക്കുകയും വിളക്ക് തെളിയിക്കുകയും ചെയ്യാം. ഇനി വെടിക്കെട്ടുകാരന് തീവണ്ടിയില്‍ ഇടം കിട്ടുമോ? എല്ലാം ദൈവത്തിനു വേണ്ടിയാണ്. ഈശ്വരന്‍ കുടികൊള്ളുന്ന തീവണ്ടിയില്‍ ആര്‍ത്തവം ഉള്ള സ്ത്രീ സഞ്ചരിച്ചാല്‍ അശുദ്ധിയാവില്ലേ? ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടില്ലേ? ഈശ്വരകോപമുണ്ടാവില്ലേ? ആയതിനാല്‍ യാത്രാനിരോധനവും പ്രതീക്ഷിക്കാം. ഇവരുടെ സ്ത്രീവിരുദ്ധത ഇതിലൊന്നും അവസാനിക്കുന്നില്ല. സര്‍വകലാശാലാ വളപ്പുകളെ തങ്ങളുടെ ഗുണ്ടകളുടെയും പൊലീസിന്റെയും വിളനിലമാക്കുന്നവര്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ ക്ഷതമേല്‍പ്പിച്ചത് യാദൃച്ഛികമല്ല. ആസൂത്രിതമാണ്. അതും പുരുഷപൊലീസുകാര്‍. ഷാഫിയാന്‍ ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുവാനും വെടിയുതിര്‍ത്ത് കൊല ചെയ്യുവാനും ആഹ്വാനം ചെയ്യുന്നതിലും വന്യമായ സ്ത്രീവിരുദ്ധത പ്രകടമാണ്. പ്രതിഷേധിക്കുവാനുള്ള അവകാശം നിഷേധിക്കുവാനാവില്ലെന്നും അത് മൗലികാവകാശമാണെന്നും പരമോന്നത നീതിപീഠം പറഞ്ഞാലും സംഘപരിവാര വര്‍ഗീയ ഫാസിസ്റ്റുകള്‍ അത് ചെവിക്കൊള്ളുകയില്ല. ഇന്ത്യന്‍ സേനാവിഭാഗങ്ങളില്‍ വനിതകള്‍ എന്നും അടിയാളരായിരിക്കണം എന്നതാണ് സംഘപരിവാര ഭരണത്തിന്റെ വിശ്വാസവും തീരുമാനവും. സുപ്രീം കോടതിയില്‍ വനിതകള്‍ക്ക് സേനാ വിഭാഗങ്ങളിലെ നിര്‍ണായക സ്ഥാനം നല്‍കാനാവില്ലെന്ന് അവര്‍ വാതോരാതെ വാദിച്ചു. അതിന്റെ കാരണങ്ങളില്‍ ഒന്നായി ആര്‍ത്തവവും കടന്നുവന്നു. സ്ത്രീകള്‍ക്ക് കമാന്‍ഡിംഗ് പദവി നല്‍കുന്നത് പുരുഷന്മാര്‍ അംഗീകരിക്കില്ലെന്നും സ്ത്രീകള്‍ക്ക് കുടുംബകാര്യങ്ങളും ആര്‍ത്തവവും പ്രസവവും ഉണ്ടെന്നുമായിരുന്നു മോഡി സര്‍ക്കാരിന്റെ വാദം.

സുപ്രീം കോടതി നിര്‍ദ്ദയം ആ കുടില വാദഗതികളെ തള്ളിക്കളഞ്ഞത് ആശ്വാസം പകരുന്നു. ആര്‍ത്തവം അത്രമേല്‍ നിഷിദ്ധമോ? ആ ജൈവിക പ്രക്രിയ ഇല്ലെങ്കില്‍ പുത്രീപുത്ര പരമ്പരകള്‍ സാധ്യമാകുന്നതെങ്ങനെ? ആര്‍ത്തവവിരുദ്ധരായ ‘കപട സ്വാമിജിമാരും സന്ന്യാസിനിമാരും അവര്‍ക്ക് കുടപിടിക്കുന്നവരും ഈ ഭൂമിയില്‍ എങ്ങനെ വന്ന് ഭവിക്കും?’ യുക്തിഭദ്രമായ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം പ്രതീക്ഷിക്കരുത്. എല്ലാത്തിനും ശാസ്ത്രത്തിന്റെ പിന്തുണയുണ്ടെന്നു മാത്രമേ പ്രതിവചിക്കൂ. കൊറോണയ്ക്കുപോലും മരുന്നു കണ്ടുപിടിച്ച ശാസ്ത്ര പ്രതിഭകളും ആരോഗ്യവിചക്ഷണരും പ്രതിഭാശാലികളായ ഭിഷഗ്വരന്‍മാരുമാണ് ഇക്കൂട്ടര്‍. പശുവിന്റെ ചാണകം ദേഹമാസകലം പുരട്ടുകയും ഗോമൂത്രം കുടിക്കുകയും ചെയ്താല്‍ കൊറോണ വൈറസ് പമ്പയും ഗംഗയും ബ്രഹ്മപുത്രയും കടന്ന് പറക്കും എന്ന് കണ്ടുപിടിച്ച മഹാരഥന്‍മാര്‍! സംഘപരിവാരഫാസിസ്റ്റുകള്‍‍ തങ്ങളുടെ അതിഗൂഢ അജണ്ടകള്‍ അതിവിദഗ്ധമായി സാമൂഹ്യ‑സാംസ്കാരിക‑രാഷ്ട്രീയ ജീവിതത്തില്‍ സന്നിവേശിപ്പിക്കുകയാണ്. അതിനായി അതിവേഗതയില്‍ ഇന്ത്യന്‍ മാനസികാവസ്ഥയെ തകിടം മറിച്ച് വളക്കൂറുള്ള മണ്ണ് പരുവപ്പെടുത്തുകയാണ്. യവന കഥയിലെ കഥാപാത്രമായ പ്രൊക്യുസ്റ്റസിനെ കുറിച്ചുള്ള കവിതയില്‍ വയലാര്‍ എഴുതിയ വരികള്‍ ഇത്തരത്തില്‍ പ്രസക്തമാണ്. ‘അവന്റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍, അരിഞ്ഞ് ദൂരെതള്ളും കത്തിക്ക് അവരുടെ കൈയും കാലും അവന്റെ കുട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍, അടിച്ചുനീട്ടും, ചുറ്റിക കൊണ്ടവരുടെ കയ്യും കാലും, സംഘപരിവാര ഫാസിസ്റ്റുകള്‍ പ്രൊക്യുസ്റ്റസിന്റെ ഈ ക്രൂരത ഇന്ത്യന്‍ ജനതയുടെ മേല്‍ നടപ്പാക്കുകയാണ്. ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രൊക്യുസ്റ്റസിന്‍ കഥകള്‍ എന്നു പറഞ്ഞതുപോലെ മോഡി-അമിത്ഷാമാരുടെ കൊടും നീചത്വങ്ങള്‍ ഉള്‍ക്കിടിലത്തോടെ മാത്രമേ കാണാനാവൂ. ഈ ഫാസിസ്റ്റുകള്‍‍ക്കെതിരേ കണ്ണിമ ചിമ്മാതെ നിദ്രവെടിഞ്ഞ് കാവലിരിക്കേണ്ടകാലം.