തെരഞ്ഞെടുപ്പ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ വോട്ടിങ് സംവിധാനം, തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളുടെ പരിധി, 17 വയസിൽ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ, വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണം അവസാനിപ്പിക്കുന്ന ചട്ടങ്ങൾ തുടങ്ങിയ നിർദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കുന്നത്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നവീകരണം സംബന്ധിച്ച് 2019ൽ രൂപീകരിച്ച ഒമ്പത് പ്രവർത്തക സമിതികളുടെ റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചത്.
ഫെബ്രുവരി 18ന് സമർപ്പിച്ച റിപ്പോർട്ടിലെ 25 പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി പ്രസിദ്ധീകരിച്ചു. ഈ മാസം 31 വരെ പൊതുജനങ്ങൾക്ക് അവരുടെ നിർദ്ദേശങ്ങൾ ഇ മെയിൽ മുഖേന സമർപ്പിക്കാൻ കഴിയും. 17 വയസിൽ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന ഒരാൾ 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടും. 18 വയസ് പൂർത്തികുന്ന മാനദണ്ഡത്തിനായി നാല് തിയതികളാണ് കരട് നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ജനുവരി1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ ഒന്ന്. നിലവിൽ ജനുവരി ഒന്ന് ആധാരമാക്കിയാണ് 18 വയസ് നിർണയിക്കുന്നത്. സ്കൂളുകളിൽ തന്നെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടികൾ പൂർത്തിയാക്കും. രജിസ്ട്രേഷൻ, മേൽവിലാസത്തിലെ മാറ്റം, വോട്ടർ പട്ടികയിൽ നിന്നുള്ള പേര് ഒഴിവാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇനി ഒരു അപേക്ഷാ ഫോം തയ്യാറാക്കും. നിലവിൽ ഇതെല്ലം പ്രത്യേക ഫോമുകളിലൂടെയാണ് അപേക്ഷ നൽകുന്നത്. അംഗപരിമിതർ, 80 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ എന്നിവർക്ക് വീടുകളിൽ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന നിർദ്ദേശങ്ങളും പുതിയ കരടിലുണ്ട്.
English Summary: Register at age 17 and become a voter at 18
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.