വൈദ്യുത വാഹനങ്ങൾക്ക് മുന്‍തൂക്കം; ഈ മൂന്ന് നഗരങ്ങളില്‍ രജിസ്‌ട്രേഷന്‍ ഇനി വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം

Web Desk
Posted on October 31, 2019, 9:45 am

കൊല്ലം: വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുതിയ ഉത്തരവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷന്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രമാണ് നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിലാണ് ഈ നിര്‍ദേശം മുമ്പോട്ട് വെച്ചിരിക്കുന്നത്.

ഈ തീരുമാനം സാവകാശം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. വൈദ്യുത വാഹനങ്ങള്‍ക്കാണ് ഇനി പ്രാധാന്യം. ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വില കൂടുതലായതിനാല്‍ വേണ്ടിവരുന്ന അധിക വില സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കണമെന്നും നയത്തില്‍ പറയുന്നു. കേരളത്തിലെ പ്രധാന റോഡരികുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്‌ഇബിയെയും തീരുമാനിച്ചിട്ടുണ്ട്.

ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലം വേണം. ഒരു വാഹനം ചാര്‍ജ് ചെയ്യാന്‍ അരമണിക്കൂര്‍ വേണം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ ഓടും. പെട്രോളിയം ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍മാത്രം ഉപയോഗിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.