Janayugom Online
manhole cleaning

ശുചീകരണതൊഴിലാളികളുടെ ജീവിതവും പുനരധിവാസവും

Web Desk
Posted on September 17, 2018, 10:20 pm

മനുഷ്യവിസര്‍ജ്യങ്ങളും നഗരമാലിന്യങ്ങളുമൊഴുകുന്ന ഓടകള്‍ കൈകൊണ്ടുതന്നെ മനുഷ്യര്‍ ശുചീകരിക്കുന്നുവെന്നത് പരിഷ്‌കൃതസമൂഹത്തിന് അനുയോജ്യമല്ല. പ്രത്യേകിച്ച് ഇത്തരം ജോലികള്‍ നിര്‍വഹിക്കാനുള്ള ആധുനിക- യന്ത്ര സംവിധാനങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞശേഷവും. രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ പോലും ഇപ്പോഴും അത്തരം പ്രവൃത്തിയെടുക്കുന്നവര്‍ ജീവിക്കുന്നുവെന്നത് അപമാനകരമാണ്. ഓടകളില്‍ രൂപപ്പെടുന്ന വിഷവാതകം ശ്വസിച്ച് മനുഷ്യര്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ അതുകൊണ്ടുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് ഡല്‍ഹി ദ്വാരക മേഖലയിലെ വന്‍കിട കെട്ടിടത്തില്‍ നിന്ന് മാലിന്യം ഒഴുക്കിവിടുന്ന ഓട വൃത്തിയാക്കുന്നതിനിടെ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അനില്‍ എന്ന ഇരുപത്തിയേഴുകാരനാണ് നാം ഇപ്പോഴും പിന്തുടരുന്ന പ്രാകൃതമായ ശുചീകരണ രീതിയുടെ രക്തസാക്ഷിയായത്.
ഒരാഴ്ച മുമ്പാണ് ഡല്‍ഹിയില്‍ തന്നെ ഇതേ രീതിയിലുള്ള മരണമുണ്ടായത്. അഞ്ചുപേരായിരുന്നു അന്ന് മരിച്ചത്. മോത്തി നഗറില്‍ ഒരു സ്വകാര്യ കെട്ടിട സമുച്ചയത്തിന്റെ ഓട വൃത്തിയാക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. അന്നും വിഷവാതകം ശ്വസിച്ചതായിരുന്നു മരണകാരണമായത്. ഈ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഡല്‍ഹി സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന തൊഴില്‍ വിഭാഗമാണ് ഓടകളും മനുഷ്യ വിസര്‍ജ്യങ്ങള്‍ കെട്ടിക്കിടക്കുന്ന ടാങ്കുകളും വൃത്തിയാക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. തോട്ടിപ്പണിക്കാരെന്ന് വിളിച്ച് സമൂഹം അകറ്റിനിര്‍ത്തിയവരായിരുന്നു ഈ വിഭാഗം. എന്നാല്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഇവരുടെ സേവനം അത്യാവശ്യവുമായിരുന്നു. സമൂഹത്തിന്റെ അവബോധത്തിലുണ്ടായ മാറ്റവും എല്ലാ രംഗത്തുമുണ്ടായ യന്ത്രവല്‍ക്കരണവും ഈ തൊഴില്‍ വിഭാഗത്തെ പുനരധിവസിപ്പിക്കണമെന്നും തോട്ടിപ്പണി തന്നെ ഇല്ലാതാക്കണമെന്നുമുള്ള ആവശ്യത്തിലേക്ക് എത്തിച്ചു. അതിന് വേണ്ടിയുള്ള നിയമനിര്‍മാണങ്ങളും പുനരധിവാസ പദ്ധതികളും രാജ്യത്തുണ്ടായി. എന്നാല്‍ അവയൊന്നും ഫലപ്രദമല്ലെന്നാണ് ഇപ്പോഴും ഓടകളും വിസര്‍ജ്യങ്ങള്‍ നിറയുന്ന ടാങ്കുകളും മനുഷ്യരെക്കൊണ്ടുതന്നെ വൃത്തിയാക്കിക്കുന്നുവെന്നതും അതിനിടെ മരണമുണ്ടാകുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍ മാത്രമുണ്ടായ മരണങ്ങള്‍. നേരത്തേ മുംബൈയിലും അലഹബാദിലും നിന്ന് ഇത്തരത്തിലുള്ള മരണവാര്‍ത്തകള്‍ പുറത്തുവരികയുണ്ടായി.
കൊടിയ തൊഴില്‍ ചൂഷണത്തിന്റെ ഭാഗമായാണ് ഇപ്പോഴും തോട്ടിപ്പണി നിലനില്‍ക്കുന്നതെന്ന് ഓരോ സംഭവങ്ങളും പരിശോധിച്ചാല്‍ വ്യക്തമാകും. വന്‍ യന്ത്രങ്ങള്‍ക്ക് മുതല്‍ മുടക്കാതെ കുറഞ്ഞ കൂലിക്ക് മനുഷ്യരെ ഉപയോഗിച്ച് തൊഴില്‍ ചെയ്യിക്കാമെന്നതിനാല്‍ വന്‍കിടക്കാര്‍ ഇപ്പോഴും ഈ തൊഴില്‍ വിഭാഗത്തെ നിലനിര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലുണ്ടായ രണ്ടു സംഭവങ്ങളിലും എതിര്‍പക്ഷത്തു നില്‍ക്കുന്നത് രാജ്യാന്തര പ്രശസ്തിയുള്ള കെട്ടിടനിര്‍മാണ കമ്പനികളാണെന്നത് ഇതാണ് തെളിയിക്കുന്നത്.
തോട്ടിപ്പണി ചെയ്യിക്കുന്നത് കുറ്റമായി നിര്‍വചിച്ച് നിയമനിര്‍മാണം നടത്തിയ രാജ്യമാണ് നമ്മുടേത്. തോട്ടിപ്പണി ചെയ്യിച്ചാല്‍ അഞ്ച് ലക്ഷം രൂപവരെ പിഴയും അഞ്ചുവര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്ന വിധത്തില്‍ ശക്തമാണ് നിയമം. എന്നാല്‍ അത് വിനിയോഗിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടാണ് ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത്. എതിര്‍പക്ഷത്ത് നില്‍ക്കുന്നത് വന്‍കിടക്കാരാണെന്നതിനാല്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ വിമുഖത കാട്ടുകയും ചെയ്യുന്നു.
നിയമനിര്‍മാണത്തോടൊപ്പം തന്നെ ഈ തൊഴില്‍ വിഭാഗത്തിന്റെ പുനരധിവാസത്തിനും പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അവ നടപ്പിലാക്കപ്പെടുന്നില്ലെന്നാണ് കണക്കുകളില്‍ നിന്ന് മനസിലാക്കാനാവുന്നത്. ഈയിനത്തില്‍ നീക്കിവയ്ക്കപ്പെടുന്ന തുക ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്. ഏറ്റവും ഒടുവില്‍ 2013–14 വര്‍ഷം 55 കോടി രൂപ കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും വകുപ്പ് മാറ്റിവച്ചതാണ് എന്നാല്‍ 2017 വരെ ഇതില്‍ നിന്ന് ഒരു പൈസപോലും ചെലവഴിക്കപ്പെട്ടില്ല. 2014 ന് ശേഷമുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഈയിനത്തില്‍ തുക നീക്കിവയ്ക്കുകയോ നേരത്തേയുണ്ടായിരുന്ന തുക ചെലവഴിച്ച് പുനരധിവാസം നടത്തുന്നതിനോ സര്‍ക്കാര്‍ സന്നദ്ധമായില്ല.
പരമ്പരാഗതമായി തോട്ടിപ്പണി ചെയ്തു ജീവിക്കുന്നവരെ സ്വയം തൊഴില്‍ സംരംഭങ്ങളിലേയ്ക്കും മറ്റും മാറ്റുന്നതിനാണ് ഈ തുക വിനിയോഗിക്കേണ്ടിയിരുന്നത്. മാത്രവുമല്ല ഇത്തരം പ്രവൃത്തി ചെയ്യുന്നതില്‍ യന്ത്രവല്‍ക്കരണവും മറ്റും നടപ്പിലാക്കണമെന്ന തീരുമാനം കര്‍ശനമാക്കുന്ന കാര്യത്തിലും അധികൃതര്‍ ഉദാസീനത കാട്ടുകയാണ്.
ഇപ്പോഴും ഇത്തരം പ്രവൃത്തിയെടുക്കുന്നവര്‍ നിലനില്‍ക്കുന്നുവെന്നത് പുരോഗതിയുടെ പടവുകള്‍ കയറുന്നുവെന്നും വളര്‍ച്ചയില്‍ മുന്നേറുന്നുവെന്നുമൊക്കെ ആവര്‍ത്തിച്ച് അവകാശപ്പെടുന്ന ഭരണാധികാരികള്‍ക്കും പുരോമനസ്വഭാവമുണ്ടെന്ന് സ്വയം ധരിക്കുന്ന പൊതുസമൂഹത്തിനും അപമാനകരമാണ്. അതോടൊപ്പം ഇത് ലോകത്തിന് മുന്നില്‍ നാണക്കേടുമാണ്. ഈ നാണക്കേടില്‍ നിന്ന് കര കയറുന്നതിനുള്ള കര്‍ശന നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.