ഫാത്തിമയുടെ മൃതദേഹം കൊണ്ടു പോയത് ട്രക്കിൽ; വെളിപ്പെടുത്തലുമായി ബന്ധു

Web Desk
Posted on November 16, 2019, 10:55 am

ചെന്നൈ: ഫാത്തിമയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നപ്പോള്‍ കണ്ടത് മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചയെന്ന് ബന്ധു ഷെമീര്‍. ഐഐടി ജീവനക്കാരും കോട്ടൂര്‍പുരം സ്റ്റേഷനിലെ പൊലീസുകാരും ചെയ്യുന്നത് അസാധാരണ കാര്യങ്ങളാണെന്നായിരുന്നു ഷെമീറിന്റെ വെളിപ്പെടുത്തല്‍.

‘ഐഐടിയില്‍ നിന്ന് മൃതദേഹം എംബാം ചെയ്യാന്‍ കൊണ്ടുപോയത് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ്. അലക്ഷ്യമായി ട്രക്കില്‍ കയറ്റിയാണ് മൃതദേഹം കൊണ്ടുപോയത്. ആത്മഹത്യ എന്ന മുന്‍വിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്’. ഫാത്തിമയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി ചെന്നൈയില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്ന ആളാണ് താന്‍ എന്നും ഷെമീര്‍ പറഞ്ഞു. ‘ഫാത്തിമ മരിച്ച ദിവസം അവിടെയെത്തി സുഹൃത്തുക്കളുമായി സംസാരിച്ചു. ഒരോരുത്തരും ഓരോ അഭിപ്രായമാണ് പറഞ്ഞത്. ഒടുവില്‍ ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്കാണ് ഞങ്ങള്‍ എത്തിയത്. ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞപ്പോള്‍ പരാതിയെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. സിഐക്കാണ് പരാതി നല്‍കിയത്.

അവിടെ വെച്ചാണ് അലക്ഷ്യമായി കിടക്കുന്ന നിലയില്‍ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചത്. എന്നാല്‍ അത് തരാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതില്‍ നിന്നും നമ്പര്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മൊബൈല്‍ കൈയ്യില്‍ തന്നു. മൈബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ ഡിസ് പ്ലേയില്‍ കണ്ടത് cause of my death is sud­ha­rashana path­manad­han എന്നായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ ഓണ്‍ ചെയ്ത് നോക്കുക പോലും പൊലീസ് ചെയ്തിരുന്നില്ല. ഐഐടിയുമായി ചേര്‍ന്ന് പൊലീസ് കേസ് ഇല്ലാതാക്കിക്കളയുമോയെന്ന് ഭയപ്പെട്ടു. ഐഐടിയിലെ അധ്യാപകരോ മറ്റ് അധികൃതരോ മരണവിവരമറിഞ്ഞ് എത്തിയില്ല’. നേരത്തെ തന്നെ സുദര്‍ശന്‍ പത്മനാഭനില്‍ നിന്നും മോശമായ സമീപനമാണ് നേരിടുന്നതെന്നും ഫാത്തിമ പറഞ്ഞിരുന്നതായി ഷമീര്‍ വ്യക്തമാക്കി.

ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. മകളുടെ മരണത്തില്‍ ഐഐടിയും പൊലീസും ഒത്തകളിക്കുകയാണെന്നാരോപിച്ച്‌ ഫാത്തിമയുടെ അച്ഛന്‍ ലത്തീഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് പൊലീസ് നല്‍കിയില്ലെന്ന് ഫാത്തിമയുടെ അച്ഛന്‍ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പ് എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് ദുരൂഹമാണെന്നും ഫാത്തിമയുടെ മരണശേഷം മദ്രാസ് ഐഐടി അധ്യാപകർ തെളിവ് നശിപ്പിച്ചെന്നും ലത്തീഫ് ആരോപിച്ചു. ഫാത്തിമയുടെ അച്ഛൻ ലത്തീഫും ബന്ധുക്കളും ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു.