Web Desk

കൊച്ചി

March 26, 2020, 7:51 pm

ബ്രിട്ടീഷ് പൗരന് മികച്ച ചികിത്സയില്ലെന്ന് മകൾ: ആരോപണങ്ങൾക്കെതിരെ തെളിവുമായി ജില്ലാ ഭരണകൂടം

Janayugom Online
കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ- ഡോ. എം ഗണേശ് മോഹൻ, ഡോ. ഫത്താഹുദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. മനോജ് ആന്റണി

കോവിഡ് 19 ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരന് കളമശേരി മെഡിക്കൽ കോളജിൽ മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന ബന്ധുക്കളുടെ വിമർശനത്തിന് മറുപടിയുമായി ജില്ലാ ഭരണകൂടം. രാജ്യാന്തര മാധ്യമങ്ങളിലൂടെയായിരുന്നു ബന്ധുക്കളുടെ വിമർശനം. എന്നാല്‍ കളമശ്ശേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിലെ മികച്ച സൗകര്യങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവിട്ടാണ് അധികൃതർ വിമർശനത്തിന് മറുപടി നൽകിയത്. നിരീക്ഷണത്തിൽ കഴിയാനുള്ള അധികൃതരുടെ നിർദേശം അവഗണിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 19 അംഗ ബ്രിട്ടീഷ് യാത്രാ സംഘത്തിലെ 76 കാരന്റെ മകളാണ് കേരളത്തിലെ കോവിഡ് ചികിത്സയെ വിമർശിച്ചത്. വൃത്തിയില്ലാത്ത ആശുപത്രിയിലാണ് പിതാവിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും കിടക്കയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്നും ബ്രിട്ടീഷ് പൗരന്റെ മകൾ പരാതി ഉന്നയിച്ചു.

ഗാർഡിയൻ അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ ഇത് ഏറ്റുപിടിച്ചതിന് പിന്നാലെയാണ് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ചിത്രം അധികൃതർ പുറത്ത് വിട്ടത്. ഐസൊലേഷനിൽ കഴിയുന്ന ഓരോ രോഗിക്കും ബാത് റൂം അറ്റാച്ച് ചെയ്ത പ്രത്യേക മുറികളാണ് നൽകിയത്. വിദേശികളായ രോഗികൾക്ക് അവർക്ക് ഇഷ്ടമായ മെനു അനുസരിച്ചാണ് ഭക്ഷണം നൽകുന്നത്. രാജ്യാന്തര നിലവാരത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നിലവിൽ ബ്രിട്ടീഷ് പൗരൻ അടക്കം കളമശ്ശേരിയിൽ ചികിത്സയിലുള്ള ആറു പേർ രോഗമുക്തരായിട്ടുണ്ട്. ആറ് ദിവസത്തെ ചികിത്സയിലൂടെയാണ് നെഗറ്റീവായത്. ഇതിനിടെയാണ് മെഡിക്കൽ കോളജ് സൗകര്യങ്ങളെ വിമർശിച്ച് ബ്രിട്ടീഷ് പൗരന്റെ മകൾ രംഗത്ത് വന്നത്.

കോവിഡ് കെയർ കേന്ദ്രമായ കളമശ്ശേരി മെഡിക്കൽ കോളജിന് പ്രത്യേക ശ്രദ്ധയാണ് ജില്ലാ ഭരണകൂടം നൽകുന്നത്. ആശുപത്രി മുറികൾ ആറ് തവണ ശുചീകരിക്കുന്നുണ്ട്. നാല് മണിക്കൂർ ഷിഫ്റ്റിൽ ആറ് മെഡിക്കൽ സംഘം ഇവരെ പരിചരിക്കുന്നു. ഇറ്റലിയിൽ നിന്നെത്തിയ കുട്ടിക്ക് ഇഷ്ടഭക്ഷണമായ പാസ്ത അടക്കം എത്തിച്ച് രോഗീപരിചരണത്തിൽ മികച്ച മാതൃകയാണ് ജില്ലാ ഭരണകൂടം കാണിച്ചത്.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികൾക്കായി എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. രാജ്യാന്തര മെഡിക്കൽ മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ട്. കൊറോണ കെയർ കേന്ദ്രമായി പ്രഖ്യാപിച്ച മെഡിക്കൽ കോളജിന്റെ കാര്യത്തിൽ സവിശേഷ ശ്രദ്ധയാണ് ജില്ലാ ഭരണകൂടം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry; Rel­a­tives crit­i­cize British cit­i­zen coro­na treatment

YOU MAY ALSO LIKE THIS VIDEO