Web Desk

December 14, 2019, 1:46 pm

പൗരത്വ ബിൽ പ്രതിഷേധം: കർഫ്യൂവിൽ ഇളവ്

Janayugom Online

ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവിൽ ഇളവ് നല്‍കി. രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഇളവ് നല്‍കിയത്. എന്നാല്‍ അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി. നേരത്തെ 10 ജില്ലകളില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് വിലക്കാണ് ഭരണകൂടം ഏര്‍പ്പെടുത്തിയത്.

ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്താനിരിക്കുകയാണ്. ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ഓൾ ഇന്ത്യാ സ്റ്റുഡൻസ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം നേരിടാന്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കരസേനയേയും വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമിൽ.

you may also like this video


ദീബ്രുഗഢില്‍ നാല് മണിക്കൂര്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കി. രാവിതെ 8 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഇളവ്. ബുധനാഴ്ച പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഗുവാഹാട്ടിയിലും അസമിലെ മറ്റ് പ്രദേശങ്ങളിലും പ്രതിഷേധം രക്തരൂഷിതമായത്. ഗുവാഹാട്ടിയില്‍ വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. പോലീസ് വെടിവെപ്പില്‍ ഗുവാഹാട്ടിയില്‍ രണ്ട് പേര്‍ മരിച്ചു. പോലീസ് വെടിവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കും സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാന പൂര്‍ണമായിരുന്നു. തലസ്ഥാനമായ ഗുവാഹാട്ടിയില്‍ മാത്രമാണ് വെള്ളിയാഴ്ച വലിയരീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സായുധ സേനയ്ക്ക് പുറമേ 26 കോളം സൈനികരേയും അസ്സമില്‍ വിന്യസിച്ചിട്ടുണ്ട്.