Web Desk

തിരുവനന്തപുരം

May 30, 2021, 8:42 am

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്

Janayugom Online

സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളോടെ ജൂണ്‍ ഒൻപത് വരെ ലോക്ഡൗണ്‍ തുടരും. മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇന്നു മുതൽ ഒഴിവാക്കും. നേരത്തെ മെയ് 30വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് നാം എത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുജനങ്ങൾക്ക് അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ലോക്ഡൗണില്‍ ചില ഇളവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അണ്‍ലോക്കിന്റെ ആദ്യഘട്ടത്തിലെത്തുന്ന സാഹചര്യം ഉണ്ടാകണമെങ്കില്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇനിയും കുറവുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐസിയു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിലും താഴെയാകണം. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും താഴെയാകണം. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു ബെഡുകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്. നിലവില്‍ രോഗബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തിലും പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായി ഏഴു ദിവസം കുറവുണ്ടാകണം. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യഘട്ട നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇളവുകൾ

  • എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയർ, കശുഅണ്ടി ഉൾപ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ (50 ശതമാനത്തിൽ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കാം
  • വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) നൽകുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അഞ്ചുമണി വരെ പ്രവർത്തിക്കാം
  • ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മണി വരെ പ്രവർത്തിക്കും
  • വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹ ആവശ്യത്തിനുളള ടെക്സ്റ്റയിൽ, സ്വർണം, പാദരക്ഷ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കും
  • കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കള്ളുഷാപ്പുകളിൽ നിന്നും കള്ള് പാഴ്സലായി നൽകും
  • പാഴ്‌വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം നൽകി അത് മാറ്റാൻ അനുവദിക്കും
  • ആർഡി കളക്ഷൻ ഏജന്റുമാർക്ക് പോസ്റ്റ് ഓഫീസിൽ പണമടയ്ക്കാൻ ആഴ്ചയിൽ രണ്ടു ദിവസം അനുമതി നൽകും
  • വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ വണ്ടികൾ ഓടിക്കും
  • നിയമന ഉത്തരവ് ലഭിച്ചവർക്ക് ഇപ്പോൾ പ്രവർത്തിക്കുന്ന ഓഫീസുകളിലെത്തി ജോയിൻ ചെയ്യാം. അല്ലാത്തവർക്ക് സമയം ദീർഘിപ്പിച്ച് നൽകും

Eng­lish sum­ma­ry: Relax­ation in lock­down restrictions

You may also like this video: