February 9, 2023 Thursday

ചരക്ക് ഗതാഗത നിയന്ത്രണത്തിന് ഇളവ്; കർഷകർക്ക് പ്രതീക്ഷയായി

ജോമോൻ ജോസഫ്
കൽപറ്റ
April 1, 2020 9:14 pm

ചരക്ക് ഗതാഗതത്തിൽ ഉണ്ടായിരുന്ന നിയന്ത്രണം ജില്ലാ ഭരണകൂടം നീക്കിയത് കർണാടകത്തിലെ കർഷകർക്ക് ആശ്വാസമായി. കണ്ണൂരിൽ നിന്നും മാനന്തവാടി വഴി മൈസൂരിലേക്ക് പോകുന്ന വാഹനങ്ങൾക്കും, സുൽത്താൻ ബത്തേരി, ഗുണ്ടൽ പേട്ട വഴി കർണാടകയിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾക്കും ഇനി നിയന്ത്രണങ്ങൾ ഉണ്ടാവില്ല.

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായാണ് കേരളത്തിൽ നിന്നും കർണാടകയിലേക്ക് പോകുന്ന ലോറികൾക്ക് പാസ് സംവിധാനം ഏർപ്പെടുത്തിയത്. ഇതോടെ പച്ചക്കറിയടക്കമുളള നിത്യോപയോഗ സാധനങ്ങളും കന്നുകാലി തീറ്റ ഉൾപ്പടെയുളളവയുടെ ചരക്ക് നീക്കവും സുഗമമാകും. നിയന്ത്രണങ്ങൾ കാരണം അവശ്യ വസ്തുകൾക്ക് ക്ഷാമവും വിലക്കയറ്റവും നേരിട്ടിരുന്നു. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ, ആരോഗ്യം എന്നീ വകുപ്പുകളുടെ അനുമതി കിട്ടിയെങ്കിൽ മാത്രമെ ലോറികൾക്ക് കർണാടകയിലേക്ക് പ്രവേശിക്കാൻ അനുമതി കൊടുത്തിരുന്നുള്ളൂ. ഈ നിയന്ത്രണങ്ങളാണ് ഇന്നലെ നീക്കിയത്. ഇതോടെ എത്ര വാഹനങ്ങൾക്കും ചരക്ക് എടുക്കാൻ കർണാടകയിലേക്ക് പോകാമെന്ന സ്ഥിതിയുണ്ടായി. ഇത് കേരളത്തിലെ ജനങ്ങളെക്കാളേറെ ആശ്വാസമായത് കർണാടകയിലെ കൃഷിക്കാർക്കാണ്.

കേരളത്തിലെ വിപണി പ്രതീക്ഷിച്ച് പതിനായിരക്കണക്കിന് കർഷകരാണ് കൃഷി നടത്തുന്നത്. തക്കാളി, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ചെറിയുള്ളി, ഉരുള കിഴങ്ങ് തുടങ്ങി കറിവേപ്പില വരെ ദിനംപ്രതി ആയിരക്കണക്കിന് ലോഡാണ് കേരളത്തിലെ വിപണികളിലേക്ക് എത്തുന്നത്. പൂക്കളുടെ കൃഷിയും ധാരാളമായി നടക്കുന്ന സംസ്ഥാനമാണ് കർണാടക. ഒരു ദിവസം മാത്രം ആയുസുള്ള മുല്ല, ചെണ്ടുമല്ലി, റോസ് എന്നിവയുടേയും പ്രധാന വിപണി കേരളമാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ വന്നപ്പോൾ മലയാളികൾ പുറത്തിറങ്ങാതായതോടെ കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിലെ കർഷകർ പ്രതിസന്ധിയിലായി.

കേരളത്തിൽ വരാനിരിക്കുന്ന ഉത്സവകാലങ്ങൾ പ്രതീക്ഷിച്ച് വലിയ തോതിൽ കൃഷി നടത്തിയ കർഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കേരളത്തിലെ വിപണികളിൽ പച്ചക്കറികളടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിച്ചിരുന്നു. ചരക്ക് നീക്കത്തിനുള്ള നിയന്ത്രണങ്ങൾ നീക്കിയത് കർണാടകയിലെ കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.