റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സേവനം ആരംഭിക്കുന്നു

Web Desk
Posted on August 12, 2019, 7:10 pm

മുംബൈ: റിലയന്‍സ് ജിയോയുടെ ജിഗാ ഫൈബര്‍ സേവനം ആരംഭിക്കുന്നു. ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ച് മുതലാണ് ജിയോ ഫൈബര്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കുക. കമ്പനിയുടെ 42 മത് വാര്‍ഷിക പൊതുസമ്മേളനത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്.

സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വരെ വേഗമുള്ള ഇന്റര്‍നെറ്റാണ് ജിഗാഫൈബറിന്റെ മുഖ്യാകര്‍ഷണം. സൗജന്യ വോയിസ് കോള്‍ സൗകര്യമുള്ള ലാന്‍ഡ് ലൈനും ഹൈ ഡെഫിനിഷന്‍ മികവുള്ള ടിവിയും ജിഗാഫൈബറിന്റെ ഭാഗമാവും. ടെലിവിഷന്‍ സേവനങ്ങള്‍ മുന്‍നിര്‍ത്തി പുതിയ 4കെ സെറ്റ് ടോപ്പ് ബോക്‌സും ജിയോ ആവിഷ്‌കരിച്ചിട്ടുണ്ട്. ഗെയ്മിങ്, സ്മാര്‍ട്ട് ഹോം തുടങ്ങിയ ഒട്ടനവധി സ്മാര്‍ട്ട് സേവനങ്ങളും സെറ്റ് ടോപ്പ് ബോക്‌സിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ജിയോ ഫൈബര്‍ വഴിയുള്ള വോയിസ് കോള്‍ തീര്‍ത്തും സൗജന്യമാണ്.

ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത് വരുന്ന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നാണ് മുകേഷ് അംബാനി പറയുന്നത്. ആദ്യ മൂന്നു വര്‍ഷത്തിനുളളില്‍ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് കമ്പനി കണക്കാക്കുന്നത്. ഇതിനകം ഒന്നരകോടി രജിസ്‌ട്രേഷനുകളാണ് ജിഗാഫൈബറിനായി കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

പ്രതിമാസ, വാര്‍ഷിക പാക്കേജുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ജിയോ ജിഗാഫൈബര്‍ ലഭ്യമാവുക. വാര്‍ഷിക പ്ലാനുകളുടെ നിരക്ക് കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 700 രൂപ മുതലാണ് ജിയോ ജിഗാഫൈബര്‍ സേവനങ്ങള്‍ക്കുള്ള പ്രതിമാസ നിരക്കെന്നാണ് സൂചന.