ബേബി ആലുവ

കൊച്ചി

February 15, 2020, 9:46 pm

വിദേശകുത്തകയും റിലയൻസും നേർക്കുനേർ: കേന്ദ്രം വെട്ടിലായി

Janayugom Online

രാജ്യത്തെ ഗ്രാമീണ മേഖലയിലെ ചെറുകിട‑ഇടത്തരം വ്യവസായത്തെ വിഴുങ്ങാൻ വിദേശക്കുത്തകയായ ആമസോണും റിലയൻസ് ഇൻഡസ്ട്രീസും പൊരിഞ്ഞ പോരിൽ. രണ്ടു കോർപ്പറേറ്റ് ഭീമന്മാരുടെ നടുവിലായ കേന്ദ്ര സർക്കാർ ഇരുകൂട്ടരെയും തൃപ്തിപ്പെടുത്താനുള്ള പെടാപ്പാടിലും.
ഈയിടെ മൂന്നു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ആഗോള ഇ‑കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഉടമ ജെഫ് ബസോസ്, ഇന്ത്യയിലെ ചെറുകിട‑ഇടത്തരം വ്യവസായ സംരംഭങ്ങളെ ഡിജിറ്റൽ ശൃംഖലയിൽ കൊണ്ടുവരാൻ 7000 കോടി രൂപ (100 കോടി ഡോളർ)യുടെ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങൾ ചൂടുപിടിച്ചത്. തൊട്ടുപിന്നാലെ ആമസോണിനു വെല്ലുവിളിയുയർത്തി, ഗ്രാമീണ മേഖലയിലെ ചെറുകിട വ്യാപാരികളെ ഉൾപ്പെടുത്തി ജിയോ മാർട്ട് എന്ന ഇ‑കൊമേഴ്സ് സംരംഭത്തിനു രൂപം നൽകുമെന്ന പ്രഖ്യാപനത്തോടെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും കളത്തിലിറങ്ങി. അതേ സമയം, രണ്ടു കോർപ്പറേറ്റ് കമ്പനികൾ തമ്മിലുള്ള മത്സരം കടുക്കുന്ന തോടെ, ഗ്രാമീണ മേഖലയിലെ ചെറുകിട‑ഇടത്തരം വ്യവസായ രംഗം പൂർണ്ണമായി അവരുടെ കൈപ്പിടിയിലാകുമോ എന്ന ആശങ്കയിലാണ് ഈ മേഖലയിലെ ലക്ഷക്കണക്കായ സംരംഭകർ.
അമേരിക്ക കഴിഞ്ഞാൽ ആമസോണിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. തങ്ങളുടെ ചൊൽപ്പടിയിൽ ഇപ്പോൾത്തന്നെ ഇന്ത്യയിൽ അഞ്ചര ലക്ഷം ചെറുകിട വ്യാപാരികളും 60, 000‑ത്തോളം ഉത്പാദകരും ഉണ്ടെന്നും ഇവർ ആഗോള വിപണിയിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നുമാണ് ആമസോൺ അവകാശപ്പെടുന്നുന്നത്. ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ കയറ്റുമതി പല മടങ്ങായി വർദ്ധിപ്പിക്കാനാകുമെന്നും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള 7000 കോടിയുടെ നിക്ഷേപത്തിലൂടെ ഒരു കോടി ചെറുകിട‑ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൈസ് ചെയ്യാനാകുമെന്നും ആമസോൺ കണക്കുകൂട്ടുന്നുണ്ട്. ഉത്പാദകരെയും ചെറുതും വലുതുമായ വിതരണക്കാരെയും പ്രാദേശിക ഷോപ്പുകളെയും ഒക്കെ ഇതിലേക്ക് നോട്ടമിടുന്നുണ്ട്. ആമസോണിന്റെ ആഗോള വിപണന പദ്ധതിയിലൂടെ 2025‑ൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച 70, 000 കോടി രൂപ ( 1000 കോടി ഡോളർ)യുടെ വസ്തുക്കളുടെ കയറ്റുമതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ്, സ്വന്തം നില നിൽപ്പ് അപകടത്തിലാകുമോ എന്ന വേവലാതിയിൽ ജിയോ മാർട്ടുമായി റിലയൻസ് രംഗത്തെത്തിയത്.
ഉത്പന്നങ്ങൾ വില വളരെക്കുറച്ച് ഇന്ത്യൻ വിപണിയിലെത്തിച്ച് രാജ്യത്തെ ചെറുകിട വ്യവസായ രംഗത്തെ തകർക്കാൻ ആമസോൺ ശ്രമിക്കുകയാണെന്ന പരാതി നിലവിൽത്തന്നെ ശക്തമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ആമസോൺ ഉടമയുടെ ഇന്ത്യയിലേക്കുള്ള വരവും വൻതുകയുടെ നിക്ഷേപം പ്രഖ്യാപിക്കലും എന്നാണ് വിവരം. അതേ സമയം, സ്മാർട്ട് ഫോൺ വിൽപ്പനയിൽ അനാരോഗ്യകരമായ മത്സരം നടത്തി, വിപണിയിലെ മുൻനിര സ്ഥാനം ദുരുപയോഗപ്പെടുത്തി തുടങ്ങി ആമസോണിനെതിരെ ഉയർന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാൻ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) നിർബന്ധിതമായത്, റിലയൻസ് ഇൻഡസ്ട്രീസ് അടക്കമുള്ള കോർപ്പറേറ്റ് കമ്പനികൾ കേന്ദ്ര സർക്കാരിനു മേൽ നേടിയ വിജയമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Eng­lish summary:Reliance on for­eign mon­e­tary and Reliance