ബിരിയാണി കഴിക്കലും വിരുന്നുപോകലും മാത്രമല്ല പെരുന്നാൾ; മത സൗഹാർദ്ദത്തിന്റെ നേർ കാഴ്ചയായി കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ

Web Desk
Posted on August 12, 2019, 8:53 pm
മീഞ്ചന്ത ആര്‍ കെ മിഷന്‍ സ്‌കൂളിലെ ക്യാമ്പില്‍ ദേശീയ പുരസ്‌ക്കാര ജേതാവ് സാവിത്രി ശ്രീധരന്‍ ക്യാമ്പംഗങ്ങള്‍ക്ക് മൈലാഞ്ചിയിടുന്നു.
കെ കെ ജയേഷ്

കോഴിക്കോട്: പുത്തനുടുപ്പിട്ട്, മൈലാഞ്ചിയണിഞ്ഞ്, ബന്ധുവീടുകളില്‍ പോയി, സന്തോഷം പങ്കുവെയ്‌ക്കേണ്ട ദിവസമായിരുന്നു ഇന്ന്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാനായിരുന്നു അവര്‍ക്കെല്ലാം വിധി. അവരുടെ വീടുകളെല്ലാം വെള്ളത്തിലായിരുന്നു. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. എന്നാല്‍ അവരാരും ഇന്നലെ വിഷമിച്ചിരുന്നില്ല. ജാതി-മതവ്യത്യാസമില്ലാതെ തങ്ങളെപ്പോലെ ദുരിതം പോറുന്നവര്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിച്ചു. മൈലാഞ്ചിയിട്ടും പെരുന്നാള്‍ പാട്ടുകള്‍ പാടിയും വേദനകള്‍ക്കിടയിലും അവര്‍ പെരുന്നാളിനെ മധുരമുള്ളതാക്കുകയായിരുന്നു.ജില്ലയിലാകെ 245 ക്യാമ്പുകളിലായി 53,815 ആളുകളാണ് കഴിയുന്നത്. വിവിധ മതങ്ങളില്‍ പെട്ട അവരെല്ലാം പരസ്പരം വേദനകള്‍ പങ്കുവെച്ച് ഒരു മനസ്സായി ക്യാമ്പുകളില്‍ കഴിയുകയാണ്. ഇതിനിടയിലാണ് പെരുന്നാളെത്തിയത്. അതോടെ പെരുന്നാള്‍ ആഘോഷവും ഒന്നിച്ച് മതിയെന്ന് ക്യാമ്പംഗങ്ങളെല്ലാം തീരുമാനിച്ചു. ഭക്ഷണം പാകം ചെയ്യാനും പരിപാടികള്‍ സംഘടിപ്പിക്കാനും ജാതി-മതഭേദമെന്യെ അവരെല്ലാം ഒന്നിച്ചു നിന്നു. കലാ-സാംസ്‌ക്കാരിക രംഗങ്ങളിലുള്ളവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ആഘോഷങ്ങളില്‍ പങ്കുചേരാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനുമായി ക്യാമ്പുകളിലെത്തി.

ബിരിയാണി കഴിക്കലും വിരുന്നുപോകലും മാത്രമല്ല പെരുന്നാള്.. എല്ലാവരും ഒരേ മനസ്സോടെ.. ഒറ്റക്കെട്ടായി ആഘോഷിക്കേണ്ടതാണത്… ദുരിതമുണ്ടെങ്കിലും നാട്ടുകാരെല്ലാവരും ഇങ്ങനെ ചേര്‍ന്ന് പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ എല്ലാ വേദനകളും മറന്നുപോകുന്നുവെന്ന് ക്യാമ്പംഗങ്ങള്‍ പറയുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പെരുന്നാള്‍ വിരുന്നൊരുക്കാന്‍ വിവിധ സംഘടനകളും മത്സരിക്കുകയായിരുന്നു. ഇവരെത്തിച്ച സാധനങ്ങള്‍ ക്യാമ്പംഗങ്ങള്‍ തന്നെ പാകം ചെയ്തു. രാവിലെ തന്നെ പള്ളികളില്‍ പോയി പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ തിരിച്ചെത്തിയതോടെ ആഘോഷപരിപാടികള്‍ക്കും തുടക്കമായി. പ്രായമുള്ളവര്‍ മുതല്‍ ചെറിയ കുഞ്ഞുങ്ങള്‍ വരെ ആഘോഷങ്ങള്‍ പങ്കുചേര്‍ന്നു.
മീഞ്ചന്ത ആര്‍ കെ മിഷന്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെത്തിയത് ഇത്തവണത്തെ ദേശീയ പുരസ്‌ക്കാര ജേതാവ് നടി സാവിത്രി ശ്രീധരനായിരുന്നു. ഇത് എല്ലാവര്‍ക്കും ഇരട്ടിമധുരമായി. ക്യാമ്പംഗങ്ങള്‍ക്ക് മൈലാഞ്ചിയിട്ടും കഥകള്‍ പറഞ്ഞും സാവിത്രി ശ്രീധരന്‍ ക്യാമ്പിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ പങ്കുചേര്‍ന്നു. പ്രളയത്തിന്റെ ഇരയായിരുന്നു സാവിത്രിയും. വീട്ടിലേക്ക് വെള്ളം കയറുമെന്ന് ഭയപ്പെട്ട് നില്‍ക്കുമ്പോഴായിരുന്നു സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ച വിവരം ഇവര്‍ അറിഞ്ഞത്.

കനത്ത മഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരുന്നതിനാല്‍ അവാര്‍ഡ് വിവരം ടി വിയില്‍ കാണാന്‍ കഴിഞ്ഞില്ല. അയല്‍വാസിയാണ് പുരസ്‌ക്കാരം ലഭിച്ച വിവരം അറിയിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനാല്‍ ഇവര്‍ക്ക് ഒരു ദിവസം മാങ്കാവിലെ വീട്ടില്‍ നിന്ന് മാറിത്താമസിക്കേണ്ടിയും വന്നു. പുരസ്‌ക്കാര നേട്ടത്തിന്റെ സന്തോഷവും അവര്‍ ക്യാമ്പംഗങ്ങളുമായി പങ്കുവെച്ചു. ദുരിത്തിനിരയായവരുടെ വേദന കണ്ണുനനയ്ക്കുമ്പോഴും ജാതി-മത വ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുന്നതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു.