19 April 2024, Friday

എസ്എംഎ രോഗികള്‍ക്ക് ആശ്വാസം

Janayugom Webdesk
തിരുവനന്തപുരം
May 27, 2023 11:39 pm

എസ്എംഎ രോഗികള്‍ക്ക് ആശ്വാസമായി സ്പൈന്‍ സര്‍ജറി സംസ്ഥാനത്ത് ആരംഭിച്ചു. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയയാണ് സ്‌പൈന്‍ സര്‍ജറി. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സര്‍ജറി ആരംഭിച്ചത്. എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറിക്കായി വേണ്ട സംവിധാനമൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ജനുവരിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുത്തത്. സര്‍ജറിക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ സംഘത്തെയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 

എസ്എംഎ ബാധിച്ച് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനി പതിനാല് വയസുകാരിയാണ് വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയയായത്. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ കശേരുക്കളില്‍ ടൈറ്റാനിയം നിര്‍മ്മിത റോഡുകളുള്‍പ്പെടെയുള്ളവ ഘടിപ്പിച്ച് നട്ടെല്ലിലെ വളവ് നേരെയാക്കി. പെണ്‍കുട്ടി സുഖം പ്രാപിച്ചു വരികയാണ്. അസ്ഥിരോഗ വിഭാഗത്തിലെയും അനസ്‌തേഷ്യ വിഭാഗത്തിലെയും നഴ്‌സിങ് വിഭാഗത്തിലെയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജിലും യാഥാര്‍ത്ഥ്യമാക്കിയത്.

എസ്എംഎ രോഗികളുടെ ചികിത്സക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് എസ്എംഎ ക്ലിനിക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ ആരംഭിച്ചത്. എസ്എടി ആശുപത്രിയെ കേന്ദ്ര സര്‍ക്കാര്‍ അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതുകൂടാതെയാണ് എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറിക്ക് പുതിയ സംവിധാനം വരുന്നത്.

Eng­lish Summary;Relief for SMA patients

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.