Friday
19 Jul 2019

ദുരിതാശ്വാസ തുക കോണ്‍ഗ്രസ് പഞ്ചായത്തംഗം കൈവശപ്പെടുത്തിയതായി പരാതി

By: Web Desk | Wednesday 15 May 2019 9:00 PM IST


കയ്പമംഗലം  : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദുരിതാശ്വാസമായി സര്‍ക്കാര്‍ നല്‍കിയ തുക കോണ്‍ഗ്രസ് പഞ്ചായത്തംഗം അമ്പിളി പ്രിന്‍സ് കൈവശപ്പെടുത്തിയതായി പരാതി. എടത്തിരുത്തി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന കച്ചപ്പിള്ളി സിസിലി പൗലോസാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന്റേ നാല് ലക്ഷം രൂപ വീട് നിര്‍മ്മാണത്തിനായി അനുവദിക്കുകയും 95100 രൂപ ആദ്യ ഗഡുവായി എടത്തിരുത്തി ഫെഡറല്‍ ബാങ്കിലെ സിസിലിയുടെ അക്കൗണ്ടില്‍ എത്തുകയും എന്നാല്‍ വാര്‍ഡ് മെമ്പര്‍ അമ്പിളി പ്രിന്‍സ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പണം തന്നെ എല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ആ തുക എക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് കഴിഞ്ഞ ഡിസംബര്‍ 21 ന് കൈമാറുകയാണുണ്ടായത്. പണം ഏല്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മ്മാണത്തിന് വേണ്ട ഒരു പ്രവര്‍ത്തനങ്ങളും വാര്‍ഡ് മെമ്പറുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് സിസിലി പറയുന്നു. സര്‍ക്കാറിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുന്നതിനായി എടത്തിരുത്തി സര്‍വ്വീസ് സഹകരണ ബാങ്ക് സിസിലിയെ മീറ്റിങ്ങിന് വിളിച്ചെങ്കിലും സര്‍ക്കാരിന്റെ  ഫണ്ട് ഇക്കാര്യത്തിന് നേരത്തെ  കൈപ്പറ്റിയതിനാലുള്ള പ്രയാസം ബാങ്ക് അധികൃതര്‍ അറിയിച്ചപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി  ബോധ്യമായതെന്ന് സിസിലി പറഞ്ഞു.
പള്ളി വക സ്ഥലമായതിനാല്‍ ആധാരത്തില്‍ ചില പ്രശനങ്ങള്‍ ഉള്ളതായി ഇപ്പോള്‍  മെമ്പര്‍ വാദിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ താടിക്കാരന്‍ പൊറിഞ്ചു സിസിലിയുടെ പിതാവിന് 10 സെന്റ് സ്ഥലം രേഖാമൂലം നല്‍കിയിട്ടുള്ളതായും വര്‍ഷങ്ങളായി നികുതി അടക്കുന്നതായും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുള്ളതുമാണ് എന്നും സിസിലി പറഞ്ഞു. അമ്പിളി പ്രിന്‍സിനെതിരെ നിയമ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും സിസിലി പരാതി നല്‍കിയിട്ടുണ്ട്.

Related News