അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ധനസഹായം നൽകുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അർഹരായ മുഴുവൻ പേർക്കും ധനസഹായം നൽകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാർഹിക പീഡനം, ഹീനമായ ലിംഗവിവേചനം എന്നിങ്ങനെ അതിക്രമങ്ങൾ അതിജീവിച്ചവർക്കാണ് ധനസഹായം നൽകുന്നത്. ഓരേ വിഭാഗത്തിന്റേയും തീവ്രതയനുസരിച്ച് 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ധനസഹായം അനുവദിക്കുന്നത്. 2018 ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 204 പേർക്ക് 1,56,10, 000 രൂപ അനുവദിക്കുവാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതിക്രമങ്ങളിലൂടെ അടിയന്തിരവും ഗുരുതരവുമായ ശാരീരിക മാനസിക ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസമാകാനാണ് ഈ സർക്കാർ ആശ്വാസനിധി പദ്ധതി നടപ്പാക്കിയത്. ഗാർഹിക പീഡനത്താലുണ്ടാകുന്ന ശാരീരികവും മാനസികവുമായ പരിക്കുകൾ, മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് 25,000 രൂപ മുതൽ 50, 000 രൂപ വരെയും, പോക്സോ ആക്ടിനു കീഴിലുള്ള ലൈംഗികാതിക്രമങ്ങൾ, ബലാത്സംഗം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങൾ, അതിക്രമം നിമിത്തം ഗർഭം ധരിച്ചവർ, അംഗഭംഗം, ജീവഹാനി, ഗർഭസ്ഥ ശിശുവിന്റെ നഷ്ടം, വന്ധ്യത സംഭവിക്കൽ, തീപ്പൊളളലേൽക്കൽ എന്നിങ്ങനെയുള്ള അതിക്രമങ്ങൾക്ക് 50, 000 രൂപ മുതൽ 1 ലക്ഷം രൂപ വരെയും, ആസിഡ് ആക്രമണം നേരിട്ടവർക്ക് 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെയുമാണ് തുക അനുവദിക്കുന്നത്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താൽ കുട്ടികളുടെ പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്ത്രീകളുടെ പരാതിയിൽ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നു. ഇവരുടെ റിപ്പോർട്ടും ശിപാർശയും ഉൾപ്പെടെ പരിശോധിച്ചാണ് സംസ്ഥാന തലത്തിൽ നിന്നു തുക അനുവദിച്ചു വരുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.