Web Desk

തിരുവനന്തപുരം

July 10, 2021, 10:11 am

സികയില്‍ ആശ്വാസം; പരിശോധനയ്ക്കയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവ്

Janayugom Online

സിക വൈറസ് ബാധയിൽ സംസ്ഥാനത്തിന് ആശ്വാസം. ഇന്നലെ പരിശോധനയ്ക്ക് അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുള്ള ഫലമാണ് ലഭിച്ചത്. കൂടുതൽ സാംപിളുകളുടെ ഫലം വരാനുണ്ട്. തിരുവനന്തപുരത്ത് ഇതുവരെ 14 സിക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. സ്ഥിതി നേരിട്ട് വിലയിരുത്താനെത്തുന്ന കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും.

അതിനിടെ സംസ്ഥാനത്ത് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലാഭരണകൂടവും സിക പ്രതിരോധത്തിന് കർമ്മപദ്ധതി രൂപീകരിച്ചു.

ജില്ലയിലെ ലാബുകളോട് സിക സംശയമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിൽ പനി ക്ലിനിക്കുകൾ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഈഡിസ് ഈജിപ്തി വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് വൈറസ് പരത്തുന്നത്. സിക വൈറസ് ഗർഭിണികളെ ഗുരുതരമായി ബാധിക്കും. അതിനാൽ ഗർഭിണികൾ ആദ്യ നാല് മാസത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.

Eng­lish sum­ma­ry; Relief in Sika; The result of 17 sam­ples sent for test­ing was negative

You may also like this video;