കോവിഡ് — 19 ൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന ഐടി കമ്പനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഇളവുകൾ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 10000 സ്ക്വയർ ഫീറ്റ് വരെ വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികൾക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടക ഒഴിവാക്കി. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന എല്ലാ ഇൻക്യുബേഷൻ സെൻ്ററുകളേയും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടക നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പതിനായിരം സ്ക്വയർ ഫീറ്റിനു മുകളിൽ സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികൾ നൽകേണ്ട വാടകയ്ക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മൊററ്റോറിയം ഏർപ്പെടുത്തി. ആ വാടക ജൂലൈ , ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ പിഴയോ സർചാർജോ ഇല്ലാതെ അടയ്ക്കാവുന്നതാണ്. സർക്കാർ ഐടി പാർക്കുകളിൽ സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറൻ്റുകൾ ഉൾപ്പെടെയുള്ള ഐടി ഇതര സ്ഥാപനങ്ങളും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വാടക നൽകേണ്ടതില്ല.
ഐടി പാർക്കുകളിലെ സർക്കാർ ബിൽഡിങ്ങുകളിൽ പ്രവർത്തിക്കുന്ന ഐടി /ഐടി ഇതര സ്ഥാപനങ്ങൾ വാർഷികമായി വാടകയിൽ വരുന്ന 5% വർദ്ധനവ് 2020–21 സാമ്പത്തിക വർഷം നൽകേണ്ടതില്ല എന്നും ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറു മാസക്കാലയളവിൽ വാടകയ്ക്കു മേലുള്ള സർചാർജുകളും ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യ മന്ത്രി അറിയിച്ചു.
മാർച്ച് 31, 2021 നോ അതിനു മുൻപോ ഐടി പാർക്കുകളിൽ പ്രവർത്തനമാരംഭിക്കുന്ന ഐടി കമ്പനികൾക്ക് പ്രവർത്തനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ മൂന്നു മാസം നൽകേണ്ട വാടക ഒഴിവാക്കുന്ന പ്രത്യേക സ്കീമും നടപ്പിലാക്കുന്നുണ്ട്. ലോക്ഡൗൺ കാലയളവിൽ വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവു വന്ന സ്ഥിതി പരിഗണിച്ച്, കമ്പനികളുടെ നിലവിലെ വൈദ്യുതി താരിഫ് അതിനു ആനുപാതികമായി കുറയ്ക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ഐടി പാർക്കുകളിൽ ഭൂമി ദീർഘകാലത്തേയ്ക്ക് ലീസിനെടുത്തവർക്ക് നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള സമയം 6 മാസം വരെ നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് തീരുമാനങ്ങൾ എടുക്കാൻ ഒരു വിദഗ്ധ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.
English Summary: Relief measures for IT parks by kerala government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.