August 19, 2022 Friday

Related news

August 4, 2022
July 4, 2022
July 1, 2022
June 29, 2022
June 27, 2022
June 27, 2022
June 8, 2022
June 5, 2022
June 4, 2022
June 2, 2022

വിമത സേനക്ക് ആശ്വാസം; എംഎല്‍എമാര്‍ക്കെതിരെ നടപടി തടഞ്ഞ് സുപ്രീം കോടതി

Janayugom Webdesk
June 27, 2022 10:57 pm

മഹാരാഷ്ട്രയിൽ കലങ്ങി മറിഞ്ഞ രാഷ്ട്രീയത്തിലെ അനിശ്ചിതത്വത്തിന് അറുതിയായില്ല. ശിവസേനയിലെ വിമതർക്ക് താല്ക്കാലികാശ്വാസമായി സുപ്രീം കോടതി ഇടപെടൽ. ഇതോടെ രാഷ്ട്രീയ നാടകം രണ്ടാഴ്ചകൂടി നീളുമെന്നുറപ്പായി.
അടുത്തമാസം 11 ന് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത് വരെ ഡെപ്യൂട്ടി സ്പീക്കർക്ക് തീരുമാനമെടുക്കാനാകില്ല.
ഇന്നലെ വൈകിട്ട് 5.30നകം അയോഗ്യത നോട്ടീസിൽ മറുപടി നൽകണമെന്നായിരുന്നു വിമത എംഎൽഎമാരോട് ഡെപ്യൂട്ടി സ്പീക്കർ നിർദേശിച്ചിരുന്നത്. ഇത് അടുത്ത മാസം പന്ത്രണ്ടിന് വൈകിട്ട് 5.30വരെ നീട്ടിയതോടെ അയോഗ്യത നടപടികൾ താല‍്ക്കാലികമായി മരവിപ്പിക്കുകയാണ് ഫലത്തിൽ കോടതി ചെയ്തിരിക്കുന്നത്.

ഡെപ്യൂട്ടി സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകിയ സാഹചര്യത്തിൽ, അയോഗ്യത അപേക്ഷയിൽ നടപടികളെടുക്കാൻ അദ്ദേഹത്തിന് അധികാരമില്ലെന്ന് മുൻകാല സുപ്രീം കോടതി വിധി ഉദ്ധരിച്ച് വിമതർ വാദിച്ചു. അയോഗ്യത അപേക്ഷയിലെ ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് ശിവസേനയും വാദിച്ചു.
ഇക്കാര്യങ്ങൾ വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർക്കെതിരെ വിമതർ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിന് വിശ്വാസ്യതയുണ്ടോ, അവിശ്വാസ പ്രമേയ നോട്ടീസ് നിലനില്ക്കുന്നതിനാൽ ഡെപ്യൂട്ടി സ്പീക്കർക്ക് അയോഗ്യത അപേക്ഷകളിൽ തീരുമാനമെടുക്കാൻ അധികാരമുണ്ടോ തുടങ്ങിയ വിഷയങ്ങളിൽ അടുത്ത മാസം 11ന് കോടതി വിശദമായി വാദം കേൾക്കും. വിമത എംഎൽഎമാരുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകി.

ഹർജിയിൽ വാദം കേട്ട ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാർ എന്തുകൊണ്ട് ബോംബൈ ഹൈക്കോടതിയെ സമീപിച്ചില്ല എന്ന ചോദ്യമാണ് ആദ്യം ഉന്നയിച്ചത്. സർക്കാർ സംവിധാനത്തെ ഭരണകക്ഷിയിലെ ന്യൂനപക്ഷ വിഭാഗം അട്ടിമറിച്ചിരിക്കുകയാണെന്നും നിയമനടപടികൾക്ക് സംസ്ഥാനത്ത് അനുകൂല അന്തരീക്ഷമില്ലെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ നീരജ് കിഷൻ കൗൾ പറഞ്ഞു. എംഎൽഎമാരുടെ അയോഗ്യത നോട്ടീസിൽ തീരുമാനമെടുക്കാൻ ഡെപ്യൂട്ടി സ്പീക്കർക്ക് അവകാശമുണ്ടെന്ന് ശിവസേനയ്ക്കു വേണ്ടി ഹാജരായ അഭിഷേക് സിംഘ്‍വി വാദിച്ചു. ഡെപ്യൂട്ടി സ്പീക്കർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ഹാജരായി.

സഞ്ജയ് റാവത്തിന് ഇഡിയുടെ സമൻസ്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡിയുടെ സമൻസ്. പ്രവീൺ റാവത്ത്, പത്ര ചൗൾ ഭൂമിയിടപാടിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശം. നേരത്തെ ഇതേ കേസിൽ എംപിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
ഇഡി നോട്ടീസിന് പിന്നാലെ താൻ ഗുവാഹട്ടിയിലേക്ക് പോകില്ലെന്നും തന്നെ അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇഡി നോട്ടീസയച്ച കാര്യം ഇപ്പോഴാണ് അറിഞ്ഞത്. വലിയ രാഷ്ട്രീയ സംഭവവികാസങ്ങളാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്. ഇത് എന്നെ തടയാനുള്ള ഗൂഢാലോചനയാണ്. എന്റെ തല വെട്ടിയാലും ഞാൻ ഗുവാഹട്ടി വഴി പോകില്ല‑സഞ്ജയ് റാവത്ത് ട്വിറ്ററിൽ കുറിച്ചു.

Eng­lish Sum­ma­ry: Relief to rebel forces; Supreme Court stays action against MLAs

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.