19 April 2024, Friday

മതം കറുപ്പാകാം; പക്ഷേ കറുപ്പിനു മതമില്ല

ഡോ. സെബാസ്റ്റ്യന്‍ പോള്‍
September 11, 2021 5:08 am

അജപാലകർ അജഗണത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവരായിരിക്കും. നൂറിലൊന്നിനെ കാണാതായാൽ അതിനെ അന്വേഷിച്ചുപോകുന്നവനാണ് യേശു വിവരിക്കുന്ന നല്ല ഇടയൻ. അതുകൊണ്ട് പാലാ ബിഷപ്പ് കല്ലറങ്ങാട്ടിന്റെ വിവാദമായ കുറവിലങ്ങാട് പ്രസംഗത്തിൽ പ്രഥമദൃഷ്ട്യാ അപലപനീയമായി ഒന്നും ഞാൻ കാണുന്നില്ല. ജിഹാദ് എന്ന പ്രയോഗം ഒഴിവാക്കി ഭീകരതയിലേക്കും അധോലോകത്തിലേക്കുമുള്ള ക്രെെസ്തവയുവാക്കളുടെ റിക്രൂട്ട്മെന്റിൽ വിഷയത്തെ പരിമിതപ്പെടുത്തിയിരുന്നെങ്കിൽ പ്രയോജനകരമായ ചർച്ച നടക്കുമായിരുന്നു.

 


ഇതുംകൂടി വായിക്കൂ: ഇടയലേഖനം: ഇടയന്മാര്‍ ഇടഞ്ഞുതന്നെ


 

ലവ് ജിഹാദിനു അനുബന്ധമായി നാർകോട്ടിക് ജിഹാദ് എന്ന ആക്ഷേപമുണ്ടായപ്പോഴാണ് മതാതീതമായ വിഷയത്തിന് മതപരമായ മാനമുണ്ടായത്. പരിവർത്തനത്തിനുവേണ്ടി ശ്രമിക്കുന്ന രണ്ടു മതങ്ങളാണ് ക്രിസ്തുമതവും ഇസ്‌ലാംമതവും. പ്രചാരണത്തിലൂടെയാണ് പരിവർത്തനം സംഭവിക്കേണ്ടത്. പ്രചാരണം മതസ്വാതന്ത്യ്രത്തിന്റെ ഭാഗമായി ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്യ്രമാണ്. മതം പ്രചരിപ്പിക്കാനുള്ളതാണ്. അതിനപ്പുറം അനാശാസ്യമായ ചില കയ്യേറ്റങ്ങളും അപഹരണങ്ങളും നടക്കുന്നതായി ആക്ഷേപമുണ്ട്. ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട് ഐഎസ് ആയി അഫ്ഗാനിസ്ഥാനിലെത്തിയ നിമിഷയും സോണിയ സെബാസ്റ്റ്യനും വാർത്തകളിലുണ്ട്. അഫ്ഗാനിസ്ഥാൻ വരെ എത്താത്ത വേറെയും പേരുകളുണ്ട്. കേരളം ഭീകരരുടെ റിക്രൂട്ടിങ് കേന്ദ്രമായിരിക്കുന്നുവെന്ന് പറഞ്ഞത് ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്റയാണ്. വിശ്വാസികളുടെ എണ്ണക്കുറവിന് പരിഹാരമായി പ്രസവം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത ബിഷപ്പിനെ സംബന്ധിച്ച് ഉത്കണ്ഠയുളവാക്കുന്ന കാര്യങ്ങളാണിതെല്ലാം. പ്രഘോഷണത്തിലൂടെ ആർക്കും ആരെയും ആകർഷിക്കാം. പ്രത്യയശാസ്ത്രപരമായ വശീകരണത്തിലൂടെയാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. ഒരു പാർട്ടിയിൽനിന്ന് മറ്റൊരു പാർട്ടിയിലേക്ക് മാറ്റമുണ്ടാകുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അർത്ഥവത്താകുന്നത്. പ്രലോഭനത്തിലൂടെയോ നിർബന്ധം ചെലുത്തിയോ നടക്കുന്ന മതംമാറ്റം അനുവദനീയമല്ല. അത് സംഘർഷത്തിനു കാരണമാകും.

 


ഇതുംകൂടി വായിക്കൂ: ജിഹാദി പ്രസ്താവനയ്ക്ക് പിന്നിൽ പാകിസ്ഥാന്റെ ഐഎസ്ഐ


 

കറുത്തമ്മയെ പരീക്കുട്ടി പ്രേമിച്ചത് ദുരുദ്ദേശ്യത്തോടെയായിരുന്നില്ല. ആ ബന്ധത്തെ അംഗീകരിക്കാതെതന്നെ ചെമ്പൻകുഞ്ഞ് അതിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. അതാണ് കേരളം. അതായിരുന്നു കേരളം. സത്യവേദത്തിലേക്ക് ആത്മരക്ഷാർത്ഥം ആളുകളെ ആകർഷിക്കുന്നതാണ് മിഷണറിമാരുടെ ദൗത്യം. വേദങ്ങൾ പലതുള്ളപ്പോൾ സത്യമായത് ഏതെന്ന് നിർണയിക്കാനാവില്ല. അതുകൊണ്ടാണ് മതാതീത ഭരണഘടനയിൽ മനഃസാക്ഷി സ്വാതന്ത്യ്രത്തിനൊപ്പം മതസ്വാതന്ത്യ്രം ചേർക്കപ്പെട്ടിരിക്കുന്നത്. ആർക്കും ആരെയും പ്രബോധനത്തിലൂടെ നിലപാടുകൾ മാറുന്നതിന് പ്രേരിപ്പിക്കാം. ഔദ്യോഗികമായി നിഷേധിക്കപ്പെട്ടതും എന്നാൽ ഉണ്ടെന്ന് പലരും കരുതുന്നതുമായ ലൗ ജിഹാദ് അനുവദനീയമായ പരിവർത്തന ശ്രമമല്ല. പ്രേമിച്ച് വീടു വിടുമെന്നല്ലാതെ അഫ്ഗാനിസ്ഥാനിൽ തോക്കെടുക്കാൻ ആരും പോവില്ല. അതും അഫ്ഗാനിസ്ഥാൻ! ലോകത്ത് സ്ത്രീകൾ പോകാൻ പാടില്ലാത്ത ഒരു രാജ്യമുണ്ടെങ്കിൽ അത് അഫ്ഗാനിസ്ഥാനാണ്. ക്രിസ്ത്യാനിയെ മുസ്‌ലിം പ്രേമിക്കുന്നതിൽ ഒരു തെറ്റും കാണാത്ത ആളാണ് ഞാൻ. പക്ഷേ അത് പ്രേമമായിരിക്കണം. അനധികൃതവും അനാശാസ്യവുമായ കാര്യങ്ങൾക്കായുള്ള നിയമവിരുദ്ധപ്രവർത്തനത്തിനുള്ള മൂടുപടമായി പ്രണയത്തെ മാറ്റരുത്.

 


ഇതുകൂടി വായിക്കൂ: കുര്‍ബാന ഏകീകരണം സംബന്ധിച്ച തര്‍ക്കം ;സിറോ മലബാര്‍ സഭയിൽ സംഘർഷം


 

ജിഹാദ് എന്ന പദത്തെ അനഭിലഷണീയമായ പ്രവൃത്തികളുമായി ബന്ധപ്പെടുത്തേണ്ടതില്ല. പക്ഷേ പ്രണയച്ചതികൾക്കെതിരെ സമൂഹത്തിന് കരുതലുണ്ടാകണം. വീണാൽ എഴുന്നേല്പ് അസാധ്യമാണ്. കന്യാമറിയത്തിന്റെ പെരുന്നാളിനോടു ബന്ധപ്പെട്ട കുർബാനമധ്യേ തന്റെ അജഗണത്തിന് മാർ കല്ലറങ്ങാട്ട് ചില മുന്നറിയിപ്പുകൾ നൽകിയതിൽ തെറ്റില്ല. മതവും സമുദായവും മാറാതെയുള്ള പ്രണയാഭ്യർത്ഥനകൾ ഉണ്ടാകുമ്പോഴും പെൺകുട്ടികൾക്ക് കരുതലും വീണ്ടുവിചാരവും ഉണ്ടാകണം. സൗഹൃദങ്ങളിൽ അകപ്പെടുമ്പോൾ ആൺകുട്ടികൾക്കും ജാഗ്രത വേണം. ലവ് ജിഹാദിനൊപ്പം നാർകോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുവെന്നാണ് ബിഷപ്പ് പറഞ്ഞത്. ഇവിടെയും ഞാൻ ജിഹാദ് എന്ന പദം ഒഴിവാക്കുന്നു. ജിഹാദാകുമ്പോൾ ഒരു സമുദായത്തിനെതിരെയുള്ള കുറ്റാരോപണമാകും. അപകടത്തിന്റെ ചതിക്കുഴികളാണ് പാർലർ എന്ന പേരിൽ അറിയപ്പെടുന്ന ഇടങ്ങൾ. റെജീനയുടെ കഥയുടെ പശ്ചാത്തലം ഐ­സ്ക്രീം പാർലറായിരുന്നു. കൗമാരപ്രായക്കാരെ ആകർഷിക്കുന്നതിനുവേണ്ടി നാർകോട്ടിക് വ്യാപാരികൾ പല രൂപത്തിൽ പ്രവർത്തിക്കുന്നുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. കറുപ്പിനെ മറയാക്കിക്കൊണ്ടുള്ള മതപ്രവർത്തനമാണ് ഇപ്പോൾ ആരോപിക്കപ്പെടുന്നത്. എല്ലാ പ്രവർത്തനവും മതസംബന്ധിയാകണമെന്നില്ല. ഉദ്ദേശ്യങ്ങൾ എല്ലാം നല്ലതാകണമെന്നില്ല. നാർകോട്ടിക് ചെയ്തികൾക്കും ചതികൾക്കും വാണിജ്യോദ്ദേശ്യം മാത്രമല്ല ഉള്ളത്.

 


ഇതുകൂടി വായിക്കൂ: ലൗജിഹാദ് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു ആണ്‍കുട്ടിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു


 

നാർകോട്ടിക് വിപത്ത് യാഥാർത്ഥ്യമായതുകൊണ്ടാണ് സംസ്ഥാന സർക്കാർ വിമുക്തി എന്ന ബൃഹത്പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന് ഊർജം പകരുന്ന ആഹ്വാനമായി ബിഷപ്പിന്റെ വാക്കുകളെ കണ്ടാൽ മതി. ജിഹാദ് എന്ന പദം ഒഴിവാക്കിയിരുന്നെങ്കിൽ വംശീയ പരാമർശം എന്ന വിമർശനം ഉണ്ടാകുമായിരുന്നില്ല. ക്രിസ്ത്യാനിപ്പെൺകുട്ടികളെ ലഹരിക്കടിമകളാക്കി ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിച്ചുകൂടാ. അങ്ങനെ ചെയ്യുന്ന യുവാക്കൾ ക്രിസ്ത്യാനികളായാലും അംഗീകരിക്കാനാവില്ല. അതുകൊണ്ടാണ് മതവുമായി ബന്ധപ്പെടുത്താതെ ഒരു സാമൂഹികവിപത്തായി ഈ വിഷയത്തെ കാണണമെന്നു പറയുന്നത്. ആശയങ്ങളെ പ്രകാശിപ്പിക്കുന്നതിനു മാത്രമല്ല സംരക്ഷിക്കുന്നതിനുവേണ്ടി കൂടിയുള്ളതാണ് ഭാഷ. പൗരോഹിത്യത്തിന്റെ ഭാഷ എങ്ങനെയായിരിക്കണമെന്നതിന് നല്ല മാതൃകയാണ് ഫ്രാൻസിസ് മാർപാപ്പ. കാര്യങ്ങൾ അപകടകരമായും ചിലപ്പോൾ അസ്വീകാര്യമാകുന്ന രീതിയിലും വെട്ടിത്തുറന്നു പറയുന്നയാളാണ് മാർ കല്ലറങ്ങാട്ട്. അതുകൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വംശീയമെന്നു മുദ്രകുത്തി തള്ളിക്കളയാനാവില്ല.

 


ഇതുകൂടി വായിക്കൂ: റാ… റാ… റാസ്പുട്ടിൻ,അവർ ആടിപ്പാടട്ടെ


 

യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കാൻ ആസൂത്രിതവും സംഘടിതവുമായി നടക്കുന്ന ശ്രമങ്ങൾക്കെതിരെ കത്തോലിക്കാ കുടുംബങ്ങൾക്ക് അദ്ദേഹം നൽകിയ മുന്നറിയിപ്പ് മുസ്‌ലിം സംഘടനകളും ഗൗരവമായി കാണണം. മുസ്‌ലിം യുവാക്കളെയും ഈ വിപത്തിൽനിന്ന് രക്ഷിക്കേണ്ടതുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്ത് കേസെടുക്കണമെന്ന രീതിയിലുള്ള തീവ്ര പരാമർശങ്ങൾ സംശയത്തിനു കാരണമാകും. പ്രണയം ചതിയാകരുത്. മയക്കുമരുന്ന് ഒരു സമൂഹത്തെ നിർവീര്യമാക്കുന്നതിനുള്ള ആയുധമാകരുത്. മതം കറുപ്പാകാം; പക്ഷേ കറുപ്പിനു മതമില്ല. ലഹരി പടർത്തിയാൽ അത് മുസ്‌ലിങ്ങളെയും അമുസ്‌ലിങ്ങളെയും ഒരുപോലെ ബാധിക്കും. ജിഹാദെന്നും ക്രൂസേഡെന്നും പേരിട്ട് അപകടത്തെ പ്രതിരോധിക്കാൻ കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.