Monday
22 Apr 2019

മതം, സമൂഹം, രാഷ്ട്രം

By: Web Desk | Monday 5 November 2018 10:09 PM IST


k dileep

ന്ന് ലോകം നേരിടുന്ന വലിയ വിപത്തുകളില്‍ പ്രധാനമായത് സമൂഹത്തിലും രാഷ്ട്രീയത്തിലും മതത്തിന്റെ അതിപ്രസരം കാരണം സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങളാണ്. ”മുതലാളിത്ത സംസ്‌കാരത്തിന്റെ അഗാധമായ ജീര്‍ണതയും അധ:പതനവും മനുഷ്യമനസില്‍ സൃഷ്ടിച്ച ആത്മീയ സംഘര്‍ഷങ്ങള്‍ ഭൗതികതലത്തിലെ ഭൂകമ്പങ്ങളേക്കാള്‍ നാശോന്മുഖവും ദുഃഖകരവുമാണ്. ഒരു സത്യക്രിസ്ത്യാനിക്ക് മൂന്നുലക്ഷം ബുദ്ധമതക്കാരെ ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബിട്ടു ചാമ്പലാക്കാന്‍ തന്റെ മതവിശ്വാസം തടസം നിന്നില്ല. എല്ലാ ഞായറാഴ്ചയും പള്ളി പ്രാര്‍ഥനയില്‍ പങ്കുകൊണ്ട ഹിറ്റ്‌ലര്‍ക്കും മുസോളിനിക്കും രണ്ടുകോടി ജനങ്ങളുടെ കൊലയ്ക്ക് കാരണമായ രണ്ടാം ലോകമഹായുദ്ധം അഴിച്ചുവിടാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. സാഹിത്യകാരന്മാരായ റുഷ്ദിയേയും തസ്‌ലീമയെയും കൊല്ലാന്‍ പരസ്യമായി ആഹ്വാനം ചെയ്യാന്‍ മതമൗലികവാദികള്‍ക്ക് കാരുണ്യനിധിയായ ഒരു ദൈവവും തടസം നില്‍ക്കുന്നില്ല. അയോധ്യയിലെ പള്ളി പട്ടാപ്പകല്‍ പൈശാചിക താണ്ഡവത്തോടെ തകര്‍ത്തവരെ തടയാന്‍ ത്രിമൂര്‍ത്തികളായ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാര്‍ക്കും സാധിച്ചില്ല. ബോസ്‌നിയയിലെ പാവപ്പെട്ട മുസ്ലീങ്ങളെ നരവേട്ട നടത്താന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ അശേഷം മടിക്കുന്നില്ല. മതം യാതൊരു ദുഷ്‌കൃത്യത്തിനും പ്രേരണ നല്‍കുന്നില്ല. അതിലാര്‍ക്കും സംശയമില്ല. പിന്നെ ഇതെല്ലാം എങ്ങിനെ സംഭവിച്ചു. മതവിശ്വാസികള്‍ രാക്ഷസീയമായ ഇത്തരം ക്രൂരതകള്‍ കാണിക്കുന്നതെന്തുകൊണ്ടാണ്?

(പാപമോ അനുഗ്രഹമോ – എന്‍ ഇ ബാലറാം സമ്പൂര്‍ണകൃതികള്‍ പേജ് 366)

സഖാവ് എന്‍ ഇ ബാലറാമിന്റെ മേല്‍ പറഞ്ഞ നിരീക്ഷണം ഇന്ന് ഏറ്റവും പ്രസക്തമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇന്നും മതത്തിന്റെ പേരിലും ഗോത്രങ്ങളുടെ പേരിലും പരസ്പരം പോരടിക്കുന്നവര്‍ കാരണം കോടിക്കണക്കിനു ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ആയിരക്കണക്കിന് സാധാരണ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലക്ഷങ്ങള്‍ കിടപ്പാടവും ജീവിതോപാധിയും നഷ്ടപ്പെട്ട് അഭയാര്‍ഥികളായി. ശിഥിലമായ കുടുംബങ്ങള്‍ – അനാഥരായ കുഞ്ഞുങ്ങള്‍ – ആലംബഹീനരായ സ്ത്രീകള്‍ – കഴിഞ്ഞുപോയ 20-ാം നൂറ്റാണ്ടിന്റെയും ഇന്നത്തെ 21-ാം നൂറ്റാണ്ടിന്റെയും ബാക്കിപത്രം ഇതാണ്. സിറിയ, ഇറാഖ്, ലെബനന്‍, അഫ്ഗാനിസ്ഥാന്‍, മധ്യാഫ്രിക്കന്‍ രാജ്യങ്ങള്‍, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടെയെല്ലാം തന്നെ സമാധാനത്തിന്റെ കാലം ഒരു സ്വപ്‌നം മാത്രമായി തുടരുന്നു. ഈ നാടുകളിലെല്ലാം തന്നെ നേര്‍ക്കാഴ്ചയില്‍ മതത്തിന്റെയും ഗോത്രത്തിന്റെയും പേരിലുള്ള ആഭ്യന്തര കലാപങ്ങളാണ് നടന്നത്. മനുഷ്യന്‍ മനുഷ്യനെ ചെന്നായ്ക്കളെപ്പോലെ ആക്രമിക്കുന്ന അവസ്ഥ. എന്നാല്‍ ഈ നേര്‍ക്കാഴ്ച മാത്രമാണോ സത്യം – ഈ അവസ്ഥ ആരാണ് സൃഷ്ടിച്ചത് എന്ന അന്വേഷണത്തിലാണ് ഈ മത-ഗോത്ര വിഭജനത്തിനും അവരെ ആയുധമണിയിക്കുന്നതിനും അണിയറയില്‍ നില്‍ക്കുന്നതാരാണെന്നും അവരുടെ ഉദ്ദേശലക്ഷ്യങ്ങളെന്താണെന്നും വ്യക്തമാവുന്നത്.

ഇക്കാര്യം വിശദമാക്കാന്‍ ഏറ്റവും നല്ല ഉദാഹരണം ഇറാഖ് എന്ന രാജ്യം തന്നെയാണ്. കുത്തക മാധ്യമങ്ങള്‍ ഒരിക്കലും പറയാത്ത മധ്യപൂര്‍വ ദേശങ്ങളുടെ 20-ാം നൂറ്റാണ്ടിലെ ചരിത്രം കൂടി പറഞ്ഞാലേ യാഥാര്‍ഥ്യം ബോധ്യമാവൂ. 1947 ഏപ്രില്‍ മാസത്തില്‍ രൂപീകൃതമായ അറബ് ബാത്ത് പാര്‍ട്ടി രണ്ട് അറബ് രാജ്യങ്ങളിലാണ് അധികാരത്തില്‍ വന്നത്. സിറിയയിലും ഇറാക്കിലും. ഈ പാര്‍ട്ടി അറബ് സോഷ്യലിസ്റ്റ് മൂവ്‌മെന്റുമായി ചേര്‍ന്നാണ് 1954 ല്‍ സിറിയയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയത്. സിറിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കൂടെ ഒരുമിച്ചുചേര്‍ന്നപ്പോള്‍ ആ സഖ്യം കരുത്തുറ്റതായി. ഈ സഖ്യം ഒരു ഐക്യ അറബ് റിപ്പബ്ലിക് (യുഎആര്‍) രൂപീകരണത്തിലേക്ക് നയിച്ചു. ഈജിപ്തും സിറിയയും ഒത്തുചേര്‍ന്ന ഐക്യം, സ്വാതന്ത്ര്യം, സോഷ്യലിസം എന്നീ ലക്ഷ്യങ്ങളിലധിഷ്ടിതമായ ഒരു രാഷ്ട്രം രൂപീകൃതമായി. 1961 ല്‍ സിറിയയില്‍ നടന്ന പട്ടാള അട്ടിമറിയിലൂടെ ഈ സംയുക്ത രാഷ്ട്രം ഇല്ലാതെയായി. ഇതേസമയം തന്നെ ജോര്‍ദാനിലും, ലെബനണിലും, ലിബിയയിലും, ഇറാഖിലും ബാത്ത് പാര്‍ട്ടി അധികാരത്തിലെത്തി. സൗദിയിലും, കുവൈറ്റിലും, യമനിലും പ്രാദേശിക ഘടകങ്ങള്‍ രൂപീകൃതമായി. ഈജിപ്തിലെ കഴിവുറ്റ ഭരണാധികാരിയായിരുന്ന ഗമാല്‍ അബ്ദുള്‍ നാസര്‍, ലിബിയയിലെ മു ഉമ്മര്‍ ഗദ്ദാഫി, ഇറാഖിലെ സദ്ദാം ഹുസൈന്‍ ഇവരെല്ലാം തന്നെ അറബ് ബാത്തി പാര്‍ട്ടിയിലൂടെയാണ് അധികാരത്തിലെത്തിയത്.

ഈ അറബ് വസന്തത്തില്‍ ഭയചകിതരായ രണ്ടു ശക്തികള്‍ ഉണ്ടായിരുന്നു. സോഷ്യലിസത്തിന്റെയും, ജനാധിപത്യത്തിന്റെയും വളര്‍ച്ചയില്‍ വിറളി പിടിച്ച യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന മുതലാളിത്ത രാജ്യം, രണ്ട് പ്രാചീനമായ മതാധിപത്യത്തിന്റെ പേരില്‍ ഭരണം കയ്യാളുന്ന സൗദിയിലേയും കുവൈറ്റ്, ദുബായ് തുടങ്ങിയ ചെറു രാഷ്ട്രങ്ങളിലേയും സുല്‍ത്താന്‍മാര്‍. ബാത്ത് പാര്‍ട്ടിയിലെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ മുതലെടുത്ത് അമേരിക്കന്‍ ചാരസംഘടന സി.ഐ.എ ഇറാക്കിലും സിറിയയിലും പട്ടാള അട്ടിമറികളും ആഭ്യന്തര കലാപങ്ങളും ആസൂത്രണം ചെയ്തു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ സിഐഐ തലവനായിരുന്ന ആര്‍ച്ചി റൂസ്‌വെല്‍ട്ട് ജൂനിയര്‍ ഇക്കാര്യം നിഷേധിക്കുന്നുവെങ്കിലും സിഐഎ ക്ക് പല അട്ടിമറികളെക്കുറിച്ചും മുന്‍കൂര്‍ അറിവുണ്ടായിരുന്നു എന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. കൂടാതെ സൗദി, യുഎഇ എന്നിവിടങ്ങളിലെ മത ഭരണകൂടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിക്കൊണ്ടും അവിടങ്ങളില്‍ ജനാധിപത്യത്തിനായുള്ള ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പോലും അടിച്ചമര്‍ത്തുവാനായി കൂട്ടുനിന്നും സുന്നി-ഷിയാ തര്‍ക്കങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിച്ചും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ അമേരിക്ക ശ്രമിച്ചു. സോവിയറ്റ് യൂണിയന്‍ വിഘടിച്ചു പോയതോടെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. പഴയ ചെന്നായയുടെയും ആട്ടിന്‍കുട്ടിയുടെയും കഥയിലെ ചെന്നായയെപ്പോലെ ഇല്ലാത്ത രാസായുധങ്ങളുടെ പേരുപറഞ്ഞ് സദ്ദാം ഹുസൈന്‍ എന്ന സെക്യുലര്‍ ഭരണാധികാരിയെ, അറബ് ബാത്ത് പാര്‍ട്ടിയുടെ അവശേഷിച്ച ധീരനായ പോരാളിയെ അവര്‍ വേട്ടയാടി. ഈ നൂറ്റാണ്ടിലെ ഏറ്റവും മനുഷ്യത്വരഹിതമായ നരവേട്ടയാണ് ഇറാക്കില്‍ അരങ്ങേറിയത്. 2003 ഏപ്രില്‍ 9 ന് റവല്യൂഷനറി അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടിയുടെ ധീരനായ പോരാളിയെ, സദ്ദാം ഹുസൈനെ എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചു കൊണ്ട് കൊലക്കയറിലേറ്റി. ഒരുപക്ഷെ ഏണസ്റ്റോ ചെഗുവേരയ്ക്ക് ശേഷം ഇത്ര ധീരതയോടെ മരണത്തെ അഭിമുഖീകരിച്ച മറ്റൊരു യോദ്ധാവ് ജനിച്ചിരിക്കയില്ല.

അറബ് ബാത്ത് സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ ഭരണം ഇറാക്കില്‍ അവസാനിപ്പിച്ച ശേഷം ഇപ്പോള്‍ സിറിയയിലേക്കാണ് അമേരിക്ക തിരിഞ്ഞിരിക്കുന്നത്. ബാഷര്‍ അസദ് എന്ന അവശേഷിക്കുന്ന അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ ഭരണം അവസാനിപ്പിക്കാനാണ് ഐ.എസ് എന്ന ഭീകര സംഘടന അമേരിക്ക ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയത്. ലോകത്തിലെ ഏറ്റവും പുരാതന നഗരം അലിപ്പോ, ലോകചരിത്രാരംഭം മുതലുള്ള തലസ്ഥാന നഗരം ബാഗ്ദാദ്, യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള മനുഷ്യകുലത്തിന്റെ തിരുശേഷിപ്പുകള്‍ ഇവയെല്ലാം തകര്‍ത്തു കൊണ്ട്, സര്‍വനാശം വിതച്ചുകൊണ്ട് സിറിയയെയും ഇല്ലാതെയാക്കാനുള്ള ശ്രമം തുടരുന്നു.

മേല്‍പറഞ്ഞ മാനവികതക്കെതിരായ യുദ്ധങ്ങളിലെല്ലാം തന്നെ സംഘടിത മതങ്ങളുടെ പേരിലാണ് ജനാധിപത്യ സമൂഹങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമം മുതലാളിത്ത ശക്തികള്‍ അഴിച്ചുവിട്ടത് എന്നു കാണാവുന്നതാണ്. എന്നാല്‍ പ്രവാചകന്മാര്‍ ഉപദേശിച്ച മതവും ഇന്നത്തെ സമൂഹത്തില്‍ അവരുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളും തമ്മില്‍ ഒരു ബന്ധവും കാണാന്‍ സാധിക്കുകയില്ല. ”മനുഷ്യസ്‌നേഹത്തിന്റെ വെന്നിക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ച പല മഹാരഥന്മാരും ആവിര്‍ഭവിക്കുകയുണ്ടായി. മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കണമെന്ന് ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാര്‍ ഉപദേശിക്കുകയുണ്ടായി. അവരുടെ മനുഷ്യസ്‌നേഹം കേവലമായിരുന്നില്ല. സാമൂഹ്യ ജീവിതത്തിന്റെ ഭൗതിക പരിസരങ്ങളില്‍ നിന്നാണ് അത് ഉടലെടുത്തത്. ബുദ്ധന്റെ അഹിംസ ബ്രാഹ്മണ മേധാവിത്വത്തിനെതിരായ ഒരു വെല്ലുവിളി ആയിരുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അടിമകളെ ദ്രോഹിച്ച സ്വത്തുടമകള്‍ക്കും അവരുടെ കിങ്കരന്മാരായ പുരോഹിതര്‍ക്കും എതിരായ കാഹളം മുഴങ്ങിയിരുന്നു. പരസ്പരം കലഹിച്ച ഗോത്രങ്ങളെ ഒരുമിച്ചണിനിരത്തിയത് മുഹമ്മദ് നബിയുടെ സ്‌നേഹമായിരുന്നു. സ്‌നേഹത്തിന്റെ സാമൂഹ്യമായ പങ്കിനെക്കുറിച്ചാണ് പ്രവാചകര്‍ ഏക സ്വരത്തില്‍ പറഞ്ഞത്.” (കെ ദാമോദരന്‍, പ്രവാചകന്മാരുടെ മനുഷ്യസ്‌നേഹം സമ്പൂര്‍ണകൃതികള്‍ പേജ് 184)
കെ ദാമോദരന്റെ മേല്‍ ഉദ്ധരിച്ച വരികള്‍ പ്രവാചകന്മാര്‍ ഉദ്ദേശിച്ച മതങ്ങളുടെ ലക്ഷ്യം ചുരുങ്ങിയ വാചകങ്ങളില്‍ വിശദമാക്കുന്നു. എന്നാല്‍ ഇന്ന് സമൂഹത്തില്‍ കാണുന്ന മതങ്ങള്‍ ഈ ലക്ഷ്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണോ എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്.

ഇന്ത്യയുടെ ഇന്നത്തെ പശ്ചാത്തലത്തില്‍ മേല്‍പറഞ്ഞ ലോക സംഭവ വികാസങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഇന്ന് ഇന്ത്യയില്‍ സംഘപരിവാര്‍ നടത്തുന്ന വലിയ പരിശ്രമം, ഹിന്ദു എന്ന സംജ്ഞയിലൂടെ അറിയപ്പെടുന്ന ഹിന്ദുക്കുഷ് പര്‍വതത്തിനപ്പുറം പ്രാചീനകാലം മുതല്‍ അധിവസിക്കുന്ന വിവിധ സംസ്‌കാരങ്ങളും ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തുന്ന, മെഡിറ്ററേനിയന്‍ പ്രദേശത്തെപ്പോലെ തന്നെ, ലോക പൈതൃകത്തിന്റെ ഭൗതിക, സാംസ്‌കാരിക ചിഹ്നങ്ങള്‍ നെഞ്ചിലേറ്റുന്ന ഇന്ത്യ എന്ന ഭൂവിഭാഗത്തിലെ ജനങ്ങളെ അവരുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഇല്ലാതെയാക്കി, സെമറ്റിക് മതാനുഷ്ടാനങ്ങളെ അനുകരിച്ചുകൊണ്ട് മതമേധാവിത്വത്തിന്റെ അതായത്, ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ടിതമായ ബ്രാഹ്മണ മേധാവിത്വത്തിന്റെ ചട്ടക്കൂട്ടിലൊതുക്കുക എന്നതാണ്. ഈ പരിശ്രമത്തിന്റെ ഭാഗമാണ് രാജ്യമെമ്പാടും ദളിതര്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും, അന്യമതസ്ഥര്‍ക്കും എതിരെ നടക്കുന്ന ആക്രമണ പരമ്പരകള്‍.

പശുവിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളും മനുഷ്യരില്‍ ഭയം വിതക്കുക എന്നുദ്ദേശിച്ചു കൊണ്ടു മാത്രമാണ്. അതുപോലെ നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയ ആദരണീയരും മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ചവരുമായ പണ്ഡിതര്‍ക്കും ഗൗരി ലങ്കേഷിനെ പോലെ നിര്‍ഭയം മാധ്യമ പ്രവര്‍ത്തനം നടത്തിയവര്‍ക്കും നേരെ ഉതിര്‍ത്ത വെടിയുണ്ടകള്‍ ഇന്ത്യയുടെ രാഷ്ട്ര പിതാവിനു നേരെ ഉതിര്‍ത്ത അതേ വെടിയുണ്ടകളാണ്. സ്വാമി അഗ്നിവേശിന്റെ നേരെയുള്ള വധശ്രമവും മറ്റൊന്നല്ല. ഇന്ത്യയെ മറ്റൊരു സിറിയ അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനോ ഇറാക്കോ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കഴുകന്മാരെപ്പോലെ റാകിപ്പറക്കുന്ന അമേരിക്കന്‍ മുതലാളിത്തം തന്നെയാണ് ഇന്ത്യയിലെ തീവ്രവര്‍ഗീയ വാദികള്‍ക്കും പരസ്യമായും പരോക്ഷമായും പിന്തുണ നല്‍കുന്നത്. ഇന്ത്യയിലെ ഫലഭൂയിഷ്ടമായ മണ്ണിലും, ധാതുനിക്ഷേപത്തിലും സുലഭമായ ശുദ്ധജലത്തിലും കണ്ണുവെച്ച്, ഇന്ത്യയെപ്പോലെയുള്ള ഒരു വലിയ വിപണിയുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് അതുമുഴുവന്‍ സ്വന്തമാക്കാനുള്ള ആര്‍ത്തിയോടെ ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും തകര്‍ത്ത് മുതലാളിത്തത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റുവാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഓരോ പൗരന്റെയും പ്രഥമ കര്‍ത്തവ്യമാണ്.