യുക്തിവിചാരത്തിന്റെ ആവശ്യകത

Web Desk
Posted on October 18, 2017, 1:12 am

തം മുഖ്യമായി ജീവിതത്തേയും അനുഭവങ്ങളേയും സംബന്ധിക്കുന്ന കാര്യമാണ്. മതബോധം വളര്‍ത്താന്‍ മൂന്ന് മാര്‍ഗങ്ങളാണ് ഉപനിഷത്തുകള്‍ നിര്‍ദേശിക്കുന്നത്. ശ്രവണം, മനനം, നിദിധ്യാസനം. ശ്രവണം കേട്ടറിയുകയും മനനം അറിഞ്ഞതിനെക്കുറിച്ച് ചിന്തിക്കുകയുമാണ്. ഏകാഗ്രമായി മുഴുകി ധ്യാനിക്കലാണ് നിദിധ്യാസനം.
ഒന്നാമത്തെ അവസ്ഥയായ ശ്രവണം മതജീവിതത്തില്‍ പാരമ്പര്യത്തിനുള്ള സ്ഥാനത്തെ സൂചിപ്പിക്കുന്നു. സത്താമാത്രനായ ഈശ്വരനില്‍ വിശ്വാസദീക്ഷ കൊള്ളാന്‍ ഏതെങ്കിലും തരത്തിലുള്ള പരമ്പരാഗതമായ ഒരു ദിവ്യ പ്രേരണ ആവശ്യമാണ്. പ്രത്യക്ഷാനുഭൂതിയില്ലാതെ തന്നെ ഈശ്വരസത്തയില്‍ വിശ്വസിച്ചവര്‍ അനുഗ്രഹീതരാകുന്നു. അധികപക്ഷം ആളുകളും പാരമ്പര്യത്തിലും പ്രതീകങ്ങളിലും (വിഗ്രഹാദികള്‍) തങ്ങിനില്‍ക്കുകയാണ്.
ഉപനിഷല്‍ സിദ്ധാന്തത്തിനനുസരിച്ച മതം പാരമ്പര്യവാദവുമായി ഒരു വിധത്തിലും തെറ്റിദ്ധരിക്കപ്പെട്ടുകൂട. നിരന്തരമായ ബൗദ്ധിക പ്രയത്‌നംകൊണ്ട് പാരമ്പര്യത്തിന്റെ മുഖ്യാര്‍ഥത്തെ അഥവാ അതിലടങ്ങിയ സത്യത്തെ നാം മനസിലാക്കാന്‍ ശ്രമിക്കണം. രണ്ടാമത്തെ അവസ്ഥയിലാണ് യുക്തിവിചാരത്തിന്റെ ആവശ്യകത പറയപ്പെട്ടിട്ടുള്ളത്. ആദ്യത്തെ അവസ്ഥയില്‍ കേവലമൊരു ധാരണയായി സ്വീകരിച്ചത് ഇപ്പോള്‍ താര്‍ക്കിക നിര്‍ണയമായിത്തീരുന്നു. സത്യത്തെ യഥാര്‍ഥ സത്തയെ പ്രാപിക്കലല്ലെന്ന് തീര്‍ച്ചയാണ്. ഉയര്‍ന്ന തരത്തിലുള്ള മതബോധത്തിന് യഥാര്‍ഥ സത്ത അനുമാന വിഷയമായാല്‍ പോര, സാഷാത്കരിക്കപ്പെടുക തന്നെ വേണം.
യഥാര്‍ഥ സത്തയുടെ ഈ ദൃശ്യമായ അനുഭവത്തിന്, അന്തസത്തയെ സംബന്ധിച്ച ഇത്തരം ബോധത്തിന്, തര്‍ക്കരീതിയില്‍ നിന്ന് സര്‍വഥാ ഭിന്നമായ ഒരു വിചാരപദ്ധതി വളര്‍ന്നുവരേണ്ടതുണ്ട്. നിദിധ്യാസനം അല്ലെങ്കില്‍ ധ്യാനമഗ്നത താര്‍ക്കിക വിചാരത്തെ ധാര്‍മികാനുഭൂതിയായി മാറ്റാന്‍ സഹായിക്കുന്നു. ഒരുപക്ഷെ അതിനെത്തന്നെയാണ് ദര്‍ശനമെന്ന് വിളിക്കുന്നത്.
അതിനെ സത്യത്തിന്റെ ക്രിയാത്മകമായ സാക്ഷാത്കാരത്തിനുള്ള മറ്റൊരു പേരായി അംഗീകരിച്ചിട്ടുള്ളതാണ്. അത് ‘ജ്യോതിര്‍ഗുണിതം താര്‍ക്കികരീത്യാ’ നിഷ്‌കര്‍ഷിച്ച് പാലിച്ച ശേഷം ഏകാന്തത്തില്‍ പൂര്‍ണ നിശബ്ദതയില്‍ നക്ഷത്രങ്ങളെ നോക്കിക്കൊണ്ടിരിക്കുക എന്ന് വിറ്റ്മാന്‍ പറയുന്നതുപോലെ സ്വതന്ത്രമായി പൂര്‍ണമായ ഏകാന്തത്തിലിരുന്ന് നേടേണ്ടിയിരിക്കുന്നു. ഒരുതരത്തിലത് നാം അറിയാനാഗ്രഹിക്കുന്ന വസ്തുവെ നമ്മുടെ മനക്കണ്ണിന് മുമ്പില്‍ നിര്‍ത്തലാണ്. ധ്യാനത്തെ വ്യവഹാരത്തില്‍ ദുഷിച്ചുകാണുന്ന മൂര്‍ഛാവസ്ഥയ്‌ക്കോ അപസ്തുതിക്കോ സാധനസ്വരൂപമായി ഗണിക്കരുത്. മനസിനെ വിഷയത്തില്‍ സ്ഥിരമായി നിര്‍ത്താന്‍ സഹായമെന്ന നിലയില്‍ മാത്രമേ എടുക്കേണ്ടതുള്ളു.
വിചാരത്തിന്റെ ചാഞ്ചല്യങ്ങളൊതുക്കി നിര്‍ത്തി, ഇച്ഛയുടെ പാളിച്ചയ്ക്ക് കടിഞ്ഞാണിട്ട്, മനസിനെ നാം വിഷയത്തിലുറപ്പിക്കുന്നു. അതിനുള്ളിലേയ്ക്കൂര്‍ന്നിറങ്ങുന്നു; അതായി താദാത്മ്യം പ്രാപിക്കുന്നു. ഈശ്വരോപാസന, സദാചാരം, സത്യാന്വേഷണം ഇവയെല്ലാം ആത്മാവില്‍ സത്യജീവിതം സ്ഥാപിക്കാന്‍ സഹായിക്കുന്നു. ഊഹാപോഹാത്മകമായ മനസ് ഈശ്വരസത്തയെക്കുറിച്ച് നിദിധ്യാസനം ചെയ്യുമ്പോള്‍ പ്രേമാത്മക ഭക്തിയിലുള്ള വൈകാരിക സ്വഭാവം ഈശ്വരനില്‍ത്തന്നെ സ്വയം ലയിച്ചടങ്ങുന്നു.
സാധാരണപോലെ അപ്പോള്‍ വിഷയം നമ്മളില്‍ നിന്ന് പുറമേയില്ല. ആ സമയത്ത് നിഖിലസത്തയിലും ഒന്നിച്ച് സ്ഫുരിക്കുന്ന അഗാധമായ ഒരനുഭൂതിയുണ്ടാകുന്നു. ഈശ്വരനോട് ഐക്യം പ്രാപിക്കുകയാണോ എന്ന്കൂടി തോന്നിപ്പോകും. ഉപാസകന്‍ തന്റെ ഉപാസ്യദേവതയോട് തുല്യമായി വളര്‍ന്ന് ഒപ്പമെത്തുന്നു. വിഷയം ആ സമയത്ത് ധ്യാനത്തിന്റെ ഘടകമായിരിക്കാതെ ധ്യാനിക്കുന്നവന്റെ ചേതന ആയിത്തീരുന്നു. മനസിന്റെ രൂപമാറ്റം, ഒരര്‍ഥത്തില്‍ ജീവിതസത്തയുടെ ഒട്ടാകെ രൂപമാറ്റമാണ്. ഉപനിഷത്തുകള്‍ പരബ്രഹ്മത്തിന്റെ പരമാനന്ദരസമായ അന്തഃപ്രേരണയോടൊപ്പം അപ്രധാന ദേവതകളുടെ അന്തഃപ്രേരണയെപ്പറ്റിയും നമുക്ക് പറഞ്ഞുതരുന്നുണ്ട്. അന്തര്‍ദര്‍ശനത്തിന്റെ വിഷയങ്ങള്‍ക്ക് വ്യക്തിത്വത്തിന്റെ സങ്കുചിതഭാവങ്ങളും പരിമിതികളും ഉണ്ടായിരിക്കുന്നിടത്തോളം പരമലക്ഷ്യം പ്രാപിക്കാന്‍ കഴിയില്ല. നമുക്ക് ബ്രഹ്മമായിത്തീരണമെങ്കില്‍ ബ്രഹ്മവിഷയമായ അന്തര്‍ദര്‍ശനം തന്നെ വേണം.
ജപം, ധ്യാനം, സദാചാരം, സത്യവും ഭാവനിര്‍ഭരവുമായ ഈശ്വരോപാസന എന്നിവയില്‍ നിഷ്‌കര്‍ഷിക്കുന്ന ഉപനിഷത്തുകളിലെ ഉല്‍കൃഷ്ടമായ മതധര്‍മം മറ്റ് മതങ്ങളിലുള്ള പോലെ പാരമ്പര്യങ്ങളായ പിടിവാദങ്ങളുടേയും മാന്ത്രികമായ ജാലങ്ങളുടേയും ഭാരത്താല്‍ കുനിഞ്ഞിട്ടില്ലെന്ന കാര്യം നാം ഓര്‍മിക്കേണ്ടതുണ്ട്. പരമാര്‍ഥ സത്ത ഒന്നേ ഉള്ളു. അത് വിശ്വം മുഴക്കെ സ്വയം അഭിവ്യക്തമാക്കുന്നു എന്ന ഉപനിഷദ്ധര്‍മത്തിന്റെ മുഖ്യ തത്വത്തെ ഒരു പഴഞ്ചന്‍ ശാഠ്യപാദമെന്നു പറഞ്ഞുകൂടാ.
മാനവ ബുദ്ധിക്കെത്താന്‍ കഴിയുന്ന ഒരു പരമസത്യമാണത്. ശാസ്ത്രത്തിന്റേയും ദര്‍ശനത്തിന്റേയും പുരോഗതി അതിനോട് ഇടയുകയല്ല. അതിനെ സമര്‍ഥിക്കുന്നേയുള്ളൂ. പരമാത്മാവില്‍ പ്രേമവും ആദരഭാവവുമാണ് ഉപനിഷത്തുകളിലെ മതം. ഇത്തരത്തിലുള്ള ധ്യാനമാണ് ആധ്യാത്മിക ഭക്തിവിഷയ വിഷയികള്‍ തമ്മിലുള്ള ഭേദഭാവം ധാര്‍മികാവേശം നിറഞ്ഞ ഹൃദയത്തില്‍ വച്ചുരുകി ലുപ്തമായി പോകുന്നുവെന്നും അതംഗീകരിക്കുന്ന സംസാരത്തിന്റെ ഐക്യവും പൂര്‍ണതയുമാണ് ഉപനിഷത്തുകളിലെ മതത്തിന്റെ സര്‍വോല്‍കൃഷ്ടതത്ത്വം.
മതപരമായ അഭ്യാസത്തിലും നിഷ്ഠയിലും നാം ക്രമത്തില്‍ മേലോട്ടുയരുന്നിടത്തോളം ഉപാസ്യവും ഉപാസകനും തമ്മില്‍ താദാത്മ്യം അനുഭവഗോചരമാകുന്നു. അങ്ങനെ രണ്ടും ഒന്നുതന്നെ ആയിത്തീരുന്നു. പിന്നീട് പരമ്പരാഗതമായ സങ്കേതാര്‍ഥത്തില്‍ ഉപാസന തന്നെയില്ല. അപ്പോള്‍ പരബ്രഹ്മം സമസ്ത വിശ്വത്തിലും വ്യാപിക്കുന്നതും മനുഷ്യാത്മാവിനെ തന്നില്‍ മുഴുകിക്കുന്നതുമായ ഒരസീമ ചൈതന്യമെന്ന നിലയില്‍ അനുഭവവേദ്യമായിത്തീരുന്നു. നമ്മുടെ അതിര്‍വരമ്പുകളെല്ലാം തകരുന്നു; മനുഷ്യന്റെ അപൂര്‍ണതയ്ക്ക് കാരണമായ ദോഷങ്ങള്‍ താനേ നീങ്ങുന്നു.
മതത്തിന്റെ ലക്ഷ്യം മതത്തിന്റെ സര്‍വാതിശയത്വം തന്നെ: ആദര്‍ശമതം തന്നോടൊന്നിച്ച് ആരംഭിച്ച ദ്വൈതഭാവത്തെ കീഴ്‌പ്പെടുത്തുന്നു- മതസംബന്ധിയായ ഉപാസന ഭയത്തോടുകൂടി ആരംഭിക്കുന്നു. ഭക്തി, പ്രേമം, നിത്യബ്രഹ്മത്തോടുള്ള സായൂജ്യം ഇവയുടെ മാര്‍ഗത്തിലൂടെ മുന്നോട്ടുകടന്ന് ഈശ്വരനും ആത്മാവും അന്യോന്യം ചേരുന്ന സാമാധ്യവസ്ഥയിലെത്തി വിരമിക്കുന്നു. പൂര്‍ണാവസ്ഥ പ്രാപിക്കുന്നതുവരെ മതപരമായ സാധനകള്‍ ആവശ്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഉപനിഷത്തുകള്‍ ഒന്നും അംഗീകരിക്കുന്നില്ലെന്ന് സാധാരണയായി പറഞ്ഞുവരാറുണ്ട്. പ്രേമത്തില്‍ വസിക്കുന്നവര്‍ ഈശ്വരനില്‍ വസിക്കുന്നു. ഈശ്വരന്‍ അവനിലും. എല്ലാ യഥാര്‍ഥ മതവും ഈശ്വരനെ അന്തര്യാമിയായി കരുതുന്നു; അവിടന്ന് പരമനിഗൂഢമാണ്.
ഉപനിഷത്തുകളുടെ അഭിപ്രായത്തില്‍ ജ്ഞാനത്തിന്റെ ഉച്ചാവസ്ഥയില്‍ ജീവാത്മാവിന്റെ ഒരു വിശ്ലേഷണം നടക്കുന്നു; സ്വാര്‍ഥമായ ഏകാകിത്വം ഒഴിവാക്കലാണത്. എന്നാലതൊരിക്കലും ശൂന്യതയോ മൃത്യുവോ അല്ല. ഒഴുകുന്ന നദികള്‍ നാമരൂപങ്ങളൊഴിച്ച് സമുദ്രത്തില്‍ ചെന്ന് അപ്രത്യക്ഷമാകുന്ന പോലെ ജ്ഞാനികള്‍ നയരൂപങ്ങളില്‍ നിന്ന് വിമുക്തരായി പരാല്‍പരനായ ദിവ്യപുരുഷനെ പ്രാപിക്കുന്നു. ഉപനിഷത്തുകള്‍ സങ്കുചിതനായ ജീവാത്മാവിന് പരമസത്തയുണ്ടെന്ന് ഒരിക്കലും അംഗീകരിക്കുന്നില്ല.
തങ്ങള്‍ക്ക് അമരത്വം ലഭിക്കാനായി പ്രാര്‍ഥിക്കുന്നവര്‍ ജീവാത്മാവിന്റെ പരമസത്തയെ സ്വീകരിക്കുന്നു. സാന്തജീവിതത്തിലെ യഥാര്‍ഥ തത്ത്വം, ജീവാത്മാവിന്റെ പ്രകൃതിയില്‍ സര്‍വശ്രേഷ്ഠമായത്, അനന്തമാണ്. അത് ഭൗതികസത്തയുടെ അതിരുകളെ ലംഘിച്ച് അപ്പുറവും ഉറച്ചുനില്‍ക്കുന്നു. മഹത്വത്തിന്റെ ഒരംശവും കുറയുന്നില്ല. ഇഹലോകത്തെ മണ്ണില്‍ നാമന്വേഷിച്ച് നടക്കുന്നതും അപൂര്‍ണരൂപത്തില്‍ കണ്ടെത്തുന്നതുമായ ധാര്‍മികമൂല്യങ്ങളെ സര്‍വോച്ചാവസ്ഥയിലെത്തുമ്പോള്‍ പൂര്‍ണരൂപത്തില്‍ പരമാര്‍ഥ സ്വഭാവത്തില്‍ കാണാന്‍ കഴിയുന്നു. മനുഷ്യരെന്ന നിലയില്‍ അപൂര്‍ണരൂപത്തിലേ നമുക്ക് ആദര്‍ശങ്ങളെ പ്രാപിക്കാന്‍ കഴിയുന്നുള്ളു. അതും അന്തര്‍ദര്‍ശനങ്ങളുള്ള സമയത്ത് ഒരു മിന്നല്‍ പോലെ മാത്രം.