ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു: യുഎസ്

Web Desk

വാഷിങ്ടൻ:

Posted on June 11, 2020, 9:21 pm

ഇന്ത്യയിൽ നടക്കുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രശ്നങ്ങളിൽ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. യുഎസിന്റെ രാജ്യാന്തര മതസ്വാതന്ത്ര്യ വിഭാഗം അംബാസ‍ഡറായ സാമുവൽ ബ്രൗൺബാക്കാണ് ആശങ്ക പങ്കുവച്ചത്. അതേസമയം ചരിത്രപരമായി ഇന്ത്യ അങ്ങേയറ്റം സഹിഷ്ണുതയുള്ള രാജ്യമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും ട്രംപ് ഭരണകൂടത്തിന്റെ ഈ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2019ലെ രാജ്യാന്തര മത സ്വാതന്ത്ര്യ റിപ്പോർട്ടിലാണ് ബ്രൗൺബാക്കിന്റെ പരാമർശങ്ങൾ.

യുഎസ് കോൺഗ്രസിന്റെ അംഗീകാരത്തോടെ പുറത്തുവന്ന റിപ്പോർട്ടിൽ ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രശ്നങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യ നേരത്തേ തന്നെ ഈ റിപ്പോർട്ടിനെ തള്ളിയിരുന്നു. സ്വന്തം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് വിദേശരാജ്യത്തിന് നിലപാടെടുക്കാൻ ഒരു കാരണവും കാണുന്നില്ലെന്ന വിശദീകരണമാണ് ഇന്ത്യ നൽകിയത്.

കോവിഡ് 19 വ്യാപനത്തിന്റെ പേരിൽ മതന്യൂനപക്ഷത്തെ പഴിക്കരുതെന്നും അവരുൾപ്പെടെയുള്ളവരെ ആരോഗ്യ സംവിധാനത്തിൽ പ്രവേശിപ്പിക്കണമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ബ്രൗണ്‍ബാക്ക് പറഞ്ഞു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് 7,484 വർഗീയ സംഘർഷങ്ങളാണ് 2008നും 2017നും ഇടയിൽ ഇന്ത്യയിൽ സംഭവിച്ചത്. ഇതിൽ 1100ൽ അധികംപേർ കൊല്ലപ്പെട്ടു.

ENGLISH SUMMARY: Reli­gious Free­dom Dam­aged In India: US

YOU MAY ALSO LIKE THIS VIDEO