19 April 2024, Friday

Related news

December 26, 2023
December 25, 2023
December 24, 2023
December 24, 2023
December 20, 2023
December 19, 2023
December 19, 2023
December 19, 2023
December 19, 2023
December 18, 2023

മതഅധ്യക്ഷൻമാർ മാർപാപ്പയെ മാതൃകയാക്കണമെന്ന് കാനം രാജേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
September 15, 2021 6:20 pm

മത അധ്യക്ഷന്‍മാര്‍ മാര്‍പ്പാപ്പയെ മാതൃകയാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലാ ബിഷപ്പ്  മാര്‍ജോസഫ് കല്ലറക്കാട്ട് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം കേരള സമൂഹത്തിനും ക്രൈസ്തവ പാരമ്പര്യങ്ങള്‍ക്കും ചേര്‍ന്നതല്ലെന്നും ഫേസ്ബുക്കിലൂടെ കാനം പ്രതികരിച്ചു.

കേരളത്തിന്റെ  മതേതര മനസ്സ് ഇന്ത്യയ്ക്കു തന്നെ മാതൃകയാണ്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി രംഗത്തു വന്നിട്ടുള്ള ബിജെപിയ്ക്ക് ഊര്‍ജ്ജം പകരാന്‍ ഉതകുന്ന പ്രസ്താവനയാണ് നിര്‍ഭാഗ്യവശാല്‍ പാലാ ബിഷപ്പില്‍ നിന്നുണ്ടായിരിക്കുന്നത്.

ക്രിസ്ത്യന്‍ മതന്യൂനപക്ഷം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ സമൂഹത്തില്‍ കെട്ടുകഥകള്‍ പ്രചരിപ്പിക്കുക, വിഷലിപ്തമായ കള്ളപ്രചാരങ്ങള്‍ അഴിച്ചുവിടുക എന്നത്  സംഘപരിവാറിന്റെ അജണ്ടയാണ്.  ഇതിന്റെ ഭാഗമായി കേരളത്തിലെ മതസമൂഹങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യവുമായിട്ടാണ് മാര്‍ജോസഫ് കല്ലറക്കാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി രംഗത്തു വന്നിരിക്കുന്നത്. ഒറീസയിലെ ഖാണ്ഡമാലിൽ നിരപരാധികളായ ക്രിസ്തുമത വിശ്വാസികളെ ചുട്ടുകൊല്ലുമ്പോഴും ഭീകരമായി ആക്രമിക്കുമ്പോഴും ഉഡുപ്പിയിലെ ക്രിസ്ത്യന്‍ ആരാധനാലയം ആക്രമിക്കപ്പെട്ടപ്പോഴും ഇപ്പോള്‍ ഈ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്തു സജീവമായി നിലയുറപ്പിച്ചിരിക്കുന്നു. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അന്നത്തെ നിലപാടുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത്  നന്നായിരിക്കും.

 


ഇതുകൂടി വായിക്കൂ: കേരള കോൺഗ്രസിനെതിരായ പരാമർശങ്ങൾ മാധ്യമ സൃഷ്‍ടി : കാനം രാജേന്ദ്രൻ


 

മതനേതാക്കളുടെ നാവുകളില്‍ നിന്ന് വിഭജനം ഉണ്ടാകുന്നതരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇത്തരുണത്തില്‍ അഭിവന്ദ്യരായ മതമേലദ്ധ്യക്ഷന്മാര്‍ സ്മരിക്കേണ്ടതാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് എക്കാലവും മതനിരപേക്ഷതയ്ക്കും മത സൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊണ്ട പാരമ്പര്യമാണുള്ളത്. മതമേലദ്ധ്യക്ഷന്മാര്‍ വിഭജനത്തിന്റെ സന്ദേശമല്ല നല്‍കേണ്ടത്.  സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സാന്ത്വനത്തിന്റെയും നല്ലവാക്കുകളാണ് മതമേലദ്ധ്യക്ഷന്മാരില്‍ നിന്നും പൊതു സമൂഹം പ്രതീക്ഷിക്കുന്നത്. ഇതേക്കുറിച്ചുള്ള എല്ലാ വിവാദങ്ങളും അവസാനിപ്പിക്കാനും മതസൗഹാര്‍ദ്ദ ത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ ബന്ധപ്പെട്ട എല്ലാപേരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Eng­lish Sum­ma­ry: Reli­gious lead­ers should fol­low the Pope

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.