ഭാരത് പെട്രോളിയത്തെ വിഴുങ്ങാൻ റിലയൻസ് രംഗത്ത്; കളികൾ കേന്ദ്രം നേരത്തേ തുടങ്ങി

ബേബി ആലുവ
Posted on December 05, 2019, 9:46 pm

കൊച്ചി: സ്വകാര്യവത്കരണത്തിലേക്കു തള്ളിവിട്ട ബിപിസിഎല്ലിനെ വിഴുങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് നീക്കം ശക്തമാക്കിയതായി വിവരം. ഓഹരി വിൽപ്പനയ്ക്ക് മന്ത്രിസഭാ യോഗം അനുമതി നൽകുന്നതിനും മുമ്പുതന്നെ റിലയൻസിനായി സർക്കാർ തലത്തിൽ കരുനീക്കങ്ങൾ ആരംഭിച്ചിരുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡി( ബിപിസിഎൽ) ൽ കേന്ദ്ര സർക്കാരിനുള്ള 53.29 ശതമാനം ഓഹരി വിറ്റഴിക്കാൻ നവംബർ 20 നാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

എന്നാൽ, ഒക്ടോബർ ആദ്യവാരത്തിൽത്തന്നെ ഇതിനായുള്ള നടപടികൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികൾ കൈകാര്യം ചെയ്യുന്ന ധനവകുപ്പിനു കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജുമെന്റ് ( ദീപം) തുടക്കമിട്ടിരുന്നതായാണ് വാർത്തകൾ. വിൽപ്പനയ്ക്കുള്ള ആധികാരിക അനുമതി വരാനിരിക്കുന്നതേയുള്ളൂ എന്നതിനാൽ ബിപിസിഎല്ലിന്റെ പേര് മറച്ചുവച്ച് തന്ത്രപൂർവമായിരുന്നു ചരടുവലികൾ. സ്ഥാപനത്തെ റിലയൻസ് ഇൻഡസ്ട്രീസിന്റെ തൊഴുത്തിൽ കെട്ടുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുകയായിരുന്നു ലക്ഷ്യം.

ആസ്തി കൈമാറ്റം, ആസ്തികളുടെ മൂല്യനിർണയം, നിയമോപദേശം എന്നിവയ്ക്കായി യോഗ്യരായവരെത്തേടി വ്യത്യസ്ത പരസ്യങ്ങൾ നൽകുകയാണ് ആദ്യപടിയായി ചെയ്തത്. പരസ്യങ്ങളിൽ ഏത് കമ്പനി എന്നു വ്യക്തമാക്കിയിരുന്നില്ല. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, ഊർജ മന്ത്രാലയം, റെയിൽവേ മന്ത്രാലയം എന്നിവയുടെ കീഴിൽ വരുന്ന കമ്പനി എന്നായിരുന്നു, ഏവരുടെയും കണ്ണിൽ പൊടിയിടാൻ പരസ്യങ്ങളിൽ പ്രയോഗിച്ച വിദ്യ.

എന്നാൽ, നവംബർ 20 ന്, ബിപിസിഎൽ അടക്കം അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം പച്ചക്കൊടി കാട്ടിയതോടെ, പഴയ പരസ്യത്തിന്റെ തിരുത്ത് എന്നു വ്യക്തമാക്കിത്തന്നെ പുതിയ പരസ്യം പ്രസിദ്ധീകരിച്ചു. ഈ ഇടവേളയിൽ, ബിപിസിഎല്ലിന്റെ കൈമാറ്റത്തെക്കുറിച്ചുള്ള കൂടിയാലോചനകൾ കേന്ദ്ര സർക്കാരും റിലയൻസ് ഇൻഡസ്ട്രീസും തമ്മിലുള്ള പല തലങ്ങളിലായി നടന്നതായാണ് റിപ്പോർട്ടുകൾ.

തൊട്ടുപിന്നാലെ, ബിപിസിഎല്ലിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരികൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) അടക്കം പൊതുമേഖലയിലെ എണ്ണക്കമ്പനികളൊന്നും വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും രംഗത്തെത്തി. ഇതിനിടെ, റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറി ബിസിനസ് വിഭാഗത്തിന്റെ മലയാളിയായ അദ്ധ്യക്ഷൻ കൊച്ചിയിലെത്തി ബിപിസിഎൽ കൊച്ചിൻ റിഫൈനറി മേധാവികളുമായി രഹസ്യ ചർച്ച നടത്തി എന്ന വിവരവും പരസ്യമായി.

ബിപിസിഎല്ലിനെ നോട്ടമിട്ടിട്ടുള്ള വിദേശ ബഹുരാഷ്ട്രക്കമ്പനികളായ സൗദി അരാംകോ, റോസ് നെഫ്റ്റ്, കുവൈറ്റ് പെട്രോളിയം, എക്സോൺ മൊബീൽ, ഷെൽ, ടോട്ടൽ എസ് എ, അബുദാബി നാഷണൽ ഓയിൽ കമ്പനി എന്നിവയിൽ ഏതെങ്കിലും സ്ഥാപനത്തോടു ചേർന്നാവും റിലയൻസിന്റെ ഇടപാടുകളെന്നും വാർത്തകളുണ്ട്. ബിപിസിഎല്ലിന് 61.65 ശതമാനം ഓഹരി പങ്കാളിത്തമുള്ള അസമിലെ നുമാലിഗഡ് റിഫൈനറീസിനെ അസമിലെ ബി ജെ പി സർക്കാരിന്റെ അഭിപ്രായം മാനിച്ച് വിൽപ്പനയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ അതിന്റെ പക്ഷപാതിത്വം ഒരിക്കൽ കൂടി പ്രകടമാക്കി.

സ്ഥാപനത്തിൽ അസം സർക്കാരിന് 12.35 ശതമാനം ഓഹരി പങ്കാളിത്തമുണ്ട് എന്നതാണ് ഇതിന്റെ മുഖ്യകാരണം. അതേസമയം, സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിട്ടും ബഹുജന സമരങ്ങൾ ശക്തമായിട്ടും കൊച്ചിൻ റിഫൈനറിയെ വിൽപ്പനയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടു പോവുകയാണ്.
ബിപിസിഎൽ വിറ്റഴിക്കൽ കൊച്ചിൻ റിഫൈനറിയിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളെ കീഴ്മേൽ മറിക്കുമോ എന്ന ആശങ്കയും ശക്തമാകുന്നു. നവംബർ 30 മുതലുള്ള സാമ്പത്തിക ഇടപാടുകൾക്കു നിയന്ത്രണമേർപ്പെടുത്തി ബിപിസിഎൽ ആസ്ഥാനത്തു നിന്ന് കൊച്ചിൻ റിഫൈനറിയിലേക്ക് സർക്കുലർ എത്തിയത് ആശങ്കകളെ ബലപ്പെടുത്തിയിരിക്കുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ  ഓഹരി പങ്കാളിത്തത്തിലും പ്രത്യാഘാതം ബിപിസിഎൽ സ്വകാര്യവത്കരണം കേരളത്തിൽ പ്രവർത്തിക്കുന്ന പൊതു ഉടമയിലുള്ള സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കും.  കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയിൽ 21.6 ശതമാനവും പെട്രോനെറ്റ് എൽഎൻജി-യിൽ 12 ശതമാനവും ബിപിസിഎല്ലിന് ഓഹരി പങ്കാളിത്തമുണ്ട്. കൊച്ചി വിമാനത്താവള കമ്പനിയിലടക്കം മറ്റ് ചില പൊതുമേഖലാ സ്ഥാപനങ്ങളിലും കമ്പനിക്ക് ഓഹരികളുണ്ട്.

വിൽപ്പനയിലൂടെ ബിപിസിഎല്ലിനെ സ്വന്തമാക്കുന്നവർ, ഇതര പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള ഈ ബന്ധത്തെ ഏതു വിധത്തിൽ കൈകാര്യം ചെയ്യും എന്നതും കണ്ടറിയണം. അമ്പലമുകളിൽ കൊച്ചിൻ റിഫൈനറിയുടെ കൈവശമുള്ളത് 1500 ഏക്കർ ഭൂമിയാണ്. ഇതിൽ 500 ഏക്കറോളം പല ഘട്ടങ്ങളിലായി സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്ത് നൽകിയതാണ്. ഈ ഭൂമി സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കൈമാറാനോ വിൽക്കാനോ പാടില്ലെന്ന നിബന്ധന നിലവിലുണ്ട്. ഇക്കാരണത്താൽ കൊച്ചിൻ റിഫൈനറിയുടെ വിൽപ്പന കേന്ദ്രം കണക്കുകൂട്ടുന്നതു പോലെ എളുപ്പമാകില്ലെന്ന വാദവുമുണ്ട്.