Janayugom Online
leena maria paul

ലീനയുടെ സ്ഥാപനത്തിന് നേരെ നടന്ന വെടിവയ്പില്‍ ദുരൂഹതകളേറെ; ഇന്ന് മൊഴിയെടുക്കും

Web Desk
Posted on December 17, 2018, 10:39 am

ഷാജി ഇടപ്പള്ളി

കൊച്ചി: ആഡംബര ജീവിതം നയിക്കുകയും വിവിധ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയുമായ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം പനമ്പിള്ളി നഗറിലെ ബ്യുട്ടി പാര്‍ലറിന് നേരെ നടന്ന വെടിവയ്പ്പില്‍ ദുരൂഹതകളേറെ. മുംബൈ അധോലോക നായകന്‍ രവി പൂജാരയുടെ പേരില്‍ ഫോണിലൂടെ 25 കോടി രൂപ ലീനയോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ പണം നല്‍കാന്‍ ഇവര്‍ തയ്യാറാകാതിരിക്കുകയും ഇതേകുറിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആക്രമണമായിരുന്നു ലക്ഷ്യമെങ്കില്‍ അപകടം ഉണ്ടാകേണ്ടതാണ്. ബ്യുട്ടി പാര്‍ലറില്‍ ജീവനക്കാരും പാര്‍ലറില്‍ എത്തിയവരും. ഉള്ള സന്ദര്‍ഭത്തില്‍ അക്രമികള്‍ തോക്കുമായി എത്തി നിറയൊഴിച്ചിട്ടും ആര്‍ക്കും പരിക്കില്ലാത്തതാണ് സംശയത്തിന് ഇടനല്‍കുന്നത്.

വെടിയുണ്ടയും കണ്ടെത്താനായിട്ടില്ല. ഒരു പക്ഷേ ഭയപ്പെടുത്താനുള്ള മുന്നറിയിപ്പാകുമെന്നും പൊലീസ് അനുമാനിക്കുന്നു. ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ലീന മരിയ പോള്‍ മുന്‍പ് സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ നടിയാണ്. ഇവര്‍ . ചങ്ങനാശ്ശേരി സ്വദേശിയാണ്, കുടുംബത്തോടൊപ്പം ദുബായില്‍ സ്ഥിരതാമസമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ദുബായില്‍ തന്നെയാണ്. ബിഡിഎസ് പഠിക്കാനാണ് ഇന്ത്യയില്‍ എത്തിയത്. പിന്നെ മോഡലിങ്ങിലൂടെ സിനിമയിലുമെത്തി. ‘ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ’,മോഹന്‍ ലാല്‍ നായകനായ ‘റെഡി ചില്ലീസ്’, ‘കോബ്ര’ എന്നീ മലയാള ചിത്രങ്ങളിലും ‘ബിരിയാണി’ എന്നീ തമിഴ് ചിത്രത്തിലും ‘മദ്രാസ് കഫേ’ എന്ന ബോളിവുഡ് ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച നടി കൂടിയാണ് ലീന. കൂടാതെ ചില പരസ്യ ചിത്രങ്ങളിലും ലീന അഭിനയിച്ചിട്ടുണ്ട്.

ബെംഗളൂരുവിലെ ഒരു കോഫി ഷോപ്പില്‍ വച്ച് പരിചയപ്പെട്ട് അടുപ്പത്തിലായ സുഖാഷ് ചന്ദ്രശേഖറാണ് ലീനയുടെ തട്ടിപ്പ് പങ്കാളി. 2013ല്‍ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഡല്‍ഹി പോലീസ് ലീനയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചെന്നൈ കാനറ ബാങ്കില്‍ നിന്നും 19 കോടി തട്ടിയ കേസിലും പ്രതിയായിരുന്നു. കോടികളുടെ തട്ടിപ്പാണ് നടിയും പങ്കാളിയും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. കൂടാതെ കൊച്ചിയിലെ ഒരു തുണിക്കടയില്‍ നിന്നും ഇരുവരും വന്‍ തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. ലീനയുടെ ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ മാറുകയുള്ളൂ.

ഏതെങ്കിലും പ്രാദേശിക ക്രിമിനല്‍ സംഘവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഇവര്‍ക്കുണ്ടോ എന്ന കാര്യവും പൊലീസ് തിരയുകയാണ്. വന്‍കിട ഹവാല ഇടപാടുമായി ഇവര്‍ക്ക് ബന്ധമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു. കൊച്ചി വഴി ഹവാല കടത്തിയതായും സൂചനയുണ്ടായിരുന്നു. അത്തരത്തില്‍ ഏതെങ്കിലും ഇടപാടുമായി ഈ വെടിവെപ്പിന് പങ്കുണ്ടോയെന്ന കാര്യവും ഗൗരവമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്.ഹൈദ്രാബാദിലുള്ള നടി മൊഴി നല്‍കാന്‍ ഇന്ന് എത്തുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസ് നീക്കം.