കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തിയ 46 മൃതദേഹങ്ങളില്‍ 32 എണ്ണം കുവൈറ്റികളുടേത്

Web Desk
Posted on August 04, 2019, 2:19 pm

കുവൈറ്റ് : ഇറാഖിലെ അല്‍മുതന്നയിലെ കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തിയ 46 മൃതദേഹങ്ങളില്‍ 32 എണ്ണം കുവൈറ്റികളുടേതെന്ന് തിരിച്ചറിഞ്ഞു . ദക്ഷിണ ഇറാഖിലെ കുഴിമാടത്തില്‍ 46 മൃതദേഹങ്ങള്‍ ഒന്നിച്ച് അടക്കം ചെയ്ത നിലയിലാണ് കണ്ടെത്തിയത്. അധിനിവേശ കാലത്ത് കുവൈറ്റില്‍ നിന്ന് കാണാതായ 32 പേരുടെ മൃതദേഹങ്ങള്‍ ഇക്കൂട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. വിദേശകാര്യമന്ത്രാലയം വക്താവ് അഹ്മദ് അല്‍ സഹാഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ച്ച് ആറിന് അന്താരാഷ്ട്ര റെഡ്‌ക്രോസ് സംഘം മുതന്ന മരുഭൂമിയില്‍ നടത്തിയ പര്യവേഷണത്തിലാണ് കുവൈറ്റ് യുദ്ധത്തടവുകാരുടേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അധിനിവേശകാലത്ത് കുവൈറ്റില്‍നിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയില്‍ അടക്കം ചെയ്തതാകാമെന്നാണ് നിഗമനം. ഇവ കുവൈറ്റിന് കൈമാറുമെന്നും കാണാതായവര്‍ക്കായുള്ള അന്വേഷണത്തില്‍ തുടര്‍ന്നും കുവൈറ്റിന് എല്ലാ സഹകരണങ്ങളും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കാണാതായത്.