Saturday
19 Oct 2019

പ്രളയബാധിതര്‍ക്ക് സഹായം: പുതിയ അപേക്ഷ പരിഗണിക്കും

By: Web Desk | Tuesday 28 May 2019 11:07 PM IST


തിരുവനന്തപുരം: പ്രളയബാധിതരില്‍ ഇനിയും സഹായത്തിന് അപേക്ഷ നല്‍കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണി, ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി കണ്ടെത്താന്‍ നടപടി എന്നിവ സംബന്ധിച്ച് 98,181 അപ്പീല്‍ അപേക്ഷകള്‍ ലഭിച്ചതില്‍ 85,141 എണ്ണം തീര്‍പ്പാക്കി. അവശേഷിക്കുന്നവ മെയ് അവസാനത്തോടെ തീര്‍പ്പാക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കളക്ടര്‍മാര്‍ അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിന് അനുസൃതമായി ആനുകൂല്യം ലഭ്യമാക്കുവാനുള്ളവരുടെ എണ്ണത്തില്‍ ഇനിയും വ്യത്യാസം വരും. 7,602.3 കിമീ റോഡ് പുനര്‍നിര്‍മ്മിച്ചുകഴിഞ്ഞു.
കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ലോകബാങ്കില്‍ നിന്നും ജര്‍മ്മന്‍ ബാങ്കായ കെ എഫ് ഡബ്‌ളിയുവില്‍ നിന്നും വായ്പ ലഭ്യമാക്കുന്നതിന് ധാരണാപത്രം ഒപ്പിടുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എസ് ശര്‍മ്മയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയത്തില്‍ തകര്‍ന്ന 15,079 വീടുകളില്‍ 9,329 വീടുകള്‍ ഗുണഭോക്താക്കള്‍ തന്നെ നിര്‍മ്മാണം നടത്തുന്നതിന് സന്നദ്ധത അറിയിച്ചു. ഇവര്‍ക്കുള്ള ധനസഹായം ഗഡുക്കളായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന്റെ തോതനുസരിച്ച് വിതരണം ചെയ്തുവരുന്നു. കെയര്‍ഹോം പദ്ധതി പ്രകാരം 1,990 വീടുകളുടെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്തതില്‍ 937 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പ് വഴി 1,225 വീടുകളുടെ നിര്‍മ്മാണമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം 245 വീടുകളുടെ നിര്‍മ്മാണം എറ്റെടുത്തു. ഭാഗികമായി തകര്‍ന്ന 2,51,227 വീടുകളില്‍ 2,21,718 കുടുംബങ്ങള്‍ക്കായി 1163.31 കോടി രൂപ ദുരിതാശ്വാസ സഹായം നല്‍കി. ഭാഗിക നാശം സംഭവിച്ച വീടുകളെ കേടുപാടിന്റെ തോത് അനുസരിച്ച് 10,000 രൂപ, 60,000 രൂപ, 1,25,000 രൂപ, 2,50,000 രൂപ എന്നിങ്ങനെ നിരക്കിലാണ് ആനുകൂല്യം നല്‍കുന്നത്. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ അനുവദിക്കുന്നു.
കുടുംബശ്രീ വഴി 1,44,947 വനിതകള്‍ക്കായി 1,273.98 കോടി രൂപയുടെ വായ്പ അനുവദിച്ചു. അടിയന്തര ആശ്വാസ നടപടികളും ജീവനോപാധികള്‍ ലഭ്യമാക്കാനുള്ള നടപടികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇതിനുപുറമെ നടത്തിയിട്ടുണ്ട്. നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ പുനരധിവാസ നടപടികള്‍, ആസ്തി പരിപാലന ചട്ടക്കൂടുകളുടെ രൂപീകരണം, കാര്യക്ഷമത ഉറപ്പാക്കല്‍, നടപടിക്രമങ്ങളുടെ ലഘൂകരണം എന്നീ സമീപനങ്ങളാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related News