Wednesday
20 Feb 2019

ദുരന്ത നിവാരണ സംവിധാനം ലോകോത്തര നിലവാരത്തില്‍

By: Web Desk | Thursday 6 December 2018 11:24 PM IST

2016 ലെ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം സംബന്ധിച്ച ഒരു കേസില്‍ കേരളത്തിലെ ദുരന്ത നിവാരണ സംവിധാനം ശൈശവാവസ്ഥയില്‍ ആണെന്ന് കോടതിപോലും നിരീക്ഷിക്കുകയുണ്ടായി. ഈ സ്ഥിതിയില്‍ നിന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന ദുരന്ത നിവാരണ സംവിധാനത്തെ ലോകനിലവാരത്തോട് കിടപിടിക്കുന്ന തരത്തില്‍ എത്തിച്ചത്. 2017 ലെ ഓഖി ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങളിലും അതിനൊപ്പം നടന്ന ആശ്വാസ പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ നടപടികളാണ് കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നടന്ന ഗ്യാസ് ടാങ്കര്‍ അപകടങ്ങള്‍ മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സര്‍ക്കാരിന്റെ ദുരന്തനിവാരണ സംവിധാനം വ്യക്തമായ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ദുരന്ത സാധ്യതകളെ വലിയ അളവില്‍ ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ ശാസ്ത്രീയമായി രൂപപ്പെടുത്തിയ നയങ്ങളിലൂടെ നാം കൈവരിച്ച ഈ നേട്ടത്തിന്റെ മുഖമുദ്ര. 2018 മണ്‍സൂണ്‍ കാലത്ത് ഉണ്ടായ മഹാപ്രളയത്തെ നേരിടാന്‍ നമ്മളെ സഹായിച്ചതും ദുരന്ത പ്രതിരോധ തയാറെടുപ്പുകളാണ്.

ഇക്കഴിഞ്ഞ കാലവര്‍ഷത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മെയ് 16 ന് ഫയര്‍ഫോഴ്‌സ്, നേവി, ആര്‍മി തുടങ്ങിയ സായുധസേനാ വിഭാഗം മേധാവികള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ് ഉന്നത ഉദേ്യാഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന എന്നിവയുടെ പ്രതിനിധികള്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചുകൂട്ടി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. 2017 മെയ് 22 ന് ഇതു സംബന്ധിച്ച് നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2018 മെയ് 29ന് മണ്‍സൂണ്‍ ആരംഭിക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ ലാന്‍ഡ് റവന്യു കമ്മിഷ്ണറേറ്റിലെയും ജില്ല കളക്ടറേറ്റിലെയും കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. മണ്‍സൂണ്‍ സംബന്ധിച്ച അറിയിപ്പുകള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ജാഗ്രത പാലിക്കുന്നതിനും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ സമയാസമയങ്ങളില്‍ നല്‍കുകയുണ്ടായി.

2018 മെയ് 29ന് മണ്‍സൂണ്‍ ആരംഭിച്ചു. 2018 ജൂണ്‍ 10 നാണ് മഴ രൂക്ഷമായത്. അപ്പോഴേക്കും ഏത് സാഹചര്യവും നേരിടാന്‍തക്ക മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ബാധിച്ചത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്. ആലപ്പുഴയിലെ കുട്ടനാടും കോട്ടയം ജില്ലയിലെ അപ്പര്‍ കുട്ടനാടും വെള്ളത്തിലായി. ഈ കാലയളവില്‍ എല്ലാപേരെയും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചു. മഴയോടൊപ്പം തന്നെ ഉരുള്‍പൊട്ടലും ഉണ്ടായി. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ വില്ലേജില്‍ നടന്ന ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ടു. ഈ ഘട്ടത്തില്‍ വിവിധ ജില്ലകളില്‍ 167 ക്യാമ്പുകളിലായി 6212 കുടുംബങ്ങളിലെ 22682 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 08.07.2018 ജൂലൈ എട്ടോടെ മഴ ശമിക്കുകയും സാധാരണ നിലയിലേക്ക് വരുകയും ചെയ്തു. എന്നാല്‍ 2018 ജൂലൈ 15 ന് കാലവര്‍ഷം കനക്കുകയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളെ സാരമായി ബാധിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ 71 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. 676 ക്യാമ്പുകളിലായി 31093 കുടുബങ്ങളില്‍പെട്ട 117349 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വ്യാപകമായ കൃഷിനാശവും ഉണ്ടായി.

2018 ഓഗസ്റ്റ് എട്ടിന് കാലവര്‍ഷം അതിരൂക്ഷമായി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട് ജില്ലകളിലെ സ്ഥിതി അതീവ ഗൗരവതരമായി. സംസ്ഥാനം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നടത്തിയത്. പൊതുജനങ്ങളും യുവാക്കളും സന്നദ്ധ സംഘടനകളും പ്രതേ്യകിച്ച് ആരുടെയും ഉത്തരവിന് കാത്തുനില്‍ക്കാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങി. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് എന്നിവര്‍ മികച്ച ഏകോപനത്തോടെ രക്ഷാദൗത്യം നിര്‍വഹിച്ചു. ഏറ്റവും എടുത്തു പറയേണ്ടത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനമാണ്. ഇവയെയെല്ലാം ഏകോപിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും റവന്യു – ദുരന്ത നിവാരണ വകുപ്പും ഏറ്റവും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 18000 ത്തോളം വരുന്ന സംസ്ഥാനത്തെ റവന്യു ജീവനക്കാരില്‍ 16500 ഓളം പേര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളായി. വെള്ളപ്പൊക്കത്തിലും പേമാരിയിലും ദിവസങ്ങളോളം വീടുകളില്‍ പോകാതെ ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയ പ്രദേശങ്ങളിലും കര്‍മ്മനിരതരായി പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥരുടെ അര്‍പ്പണ മനോഭാവവും ത്യാഗ സന്നദ്ധതയും സിവില്‍ സര്‍വീസാകെ അഭിമാനകരമാണ്. പ്രളയത്തെ നാം അതിജീവിച്ച രീതി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പ്രകീര്‍ത്തിക്കപ്പെട്ടു കഴിഞ്ഞു. സര്‍ക്കാരിന്റെ ഇച്ഛാശക്തിയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കാര്യക്ഷമമായ ഏകോപനവും ആണ് പ്രകൃതിയുടെ അതിശക്തമായ ഈ പ്രഹരത്തില്‍ കാലിടറാതെ നില്‍ക്കാന്‍ നമ്മെ പ്രാപ്തരാക്കിയത്. മറ്റൊരു സംസ്ഥാനത്തായിരുന്നെങ്കില്‍ ഒരുപക്ഷെ ഈ ദുരന്തത്തിന്റെ ആഘാതം ഇതിലും എത്രയോ ഭീകരമാകുമായിരുന്നു.

പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസത്തിനും പുനര്‍നിര്‍മിതിക്കും സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിച്ചത്. പ്രളയം ഏറ്റവും കൂടുതല്‍ രൂക്ഷമായിരുന്ന ദിവസമായ 2018 ഓഗസ്റ്റ് 21 ന് 3879 ക്യാമ്പുകളിലായി 391494 കുടുംബങ്ങളിലായി 1450707 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരുന്നത്. സംസ്ഥാനത്താകെ 12250 ക്യാമ്പുകളിലായി 3415937 പേരെയാണ് വിവിധ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി ഈ കാലവര്‍ഷ സമയത്ത് മാറ്റിപാര്‍പ്പിച്ചിരുന്നത്. ഇവര്‍ക്കെല്ലാം തന്നെ ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിച്ചത്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട 310 കുടുംബങ്ങൡലെ 1046 ആളുകളെ 50 ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1664 വില്ലേജുകള്‍ ഉള്ളതില്‍ 1260 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു.

പ്രളയം കഴിഞ്ഞുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും വളരെ ദ്രുതഗതിയിലാണ് നടത്തിയത്. ക്യാമ്പുകളില്‍ നിന്ന് മടങ്ങിയവര്‍ക്കും 48 മണിക്കൂറില്‍ കൂടുതല്‍ വെള്ളം കെട്ടിനിന്ന വീടുകളില്‍ ഉള്ളവര്‍ക്കും ആശ്വാസ ധനസഹായമായി 10,000 രൂപ വീതം നല്‍കി. 2018 നവംബര്‍ 27 വരെ 6,85,184 പേര്‍ക്ക് പ്രസ്തുത സഹായം നല്‍കി. അതുപോലെ 22 ഇന അവശ്യ സാധനങ്ങള്‍ അടങ്ങിയ 7,24,352 കിറ്റുകള്‍ ക്യാമ്പുകളില്‍ നിന്നും മടങ്ങിപ്പോയവര്‍ക്ക് നല്‍കി. വെള്ളം കയറിയ വീടുകള്‍ എല്ലാംതന്നെ ശുചിയാക്കുന്നതിന് സന്നദ്ധ സംഘടനകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി. സമയബന്ധിതമായി തന്നെ 6,93,287 വീടുകളും 7610 പൊതുസ്ഥാപനങ്ങളും 3,00,957 കിണറുകളും ശുചിയാക്കി. വീടുകളില്‍ ഇലക്ട്രിസിറ്റി, വാട്ടര്‍ കണക്ഷന്‍ എന്നിവ ശരിയാക്കി നല്‍കി. വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അദാലത്തുകള്‍ സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ നല്‍കി. ദുരന്തത്തില്‍പ്പെട്ടവര്‍ക്കെല്ലാം 500 രൂപ വിലവരുന്ന ഭക്ഷ്യധാന്യ കിറ്റ് സിവില്‍ സപ്ലൈസ് വഴി 2019 ജനുവരി വരെ ഓരോ മാസവും സൗജന്യമായി നല്‍കുന്നുണ്ട്.

പ്രളയത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് അന്തിമമായിട്ടില്ല. ഇപ്പോഴത്തെ കണക്കനുസരിച്ച് 15,845 വീടുകള്‍ പൂര്‍ണമായും 244588 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതല്‍ തകര്‍ച്ച നേരിട്ട കെട്ടിടങ്ങളെ പൂര്‍ണമായും തകര്‍ന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ വീതം നല്‍കുന്നതിനും 60 ശതമാനം മുതല്‍ 74 ശതമാനം വരെ തകര്‍ച്ച നേരിട്ട വീടുകള്‍ക്ക് 250000 രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും 30 ശതമാനം മുതല്‍ 59 ശതമാനം വരെ 1,25,000 രൂപയും 16 ശതമാനം മുതല്‍ 29 ശതമാനം വരെ 60000 രൂപയും 15 ശതമാനമോ അതില്‍ കുറവോ നാശം സംഭവിച്ച വീടുകള്‍ക്ക് 10,000 രൂപ വീതവും അനുവദിക്കുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതില്‍ പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും ലഭിക്കുന്ന തുക സമതലങ്ങളില്‍ 95100 ഉം മലയോര മേഖലകളില്‍ 1,01,900 ഉം ആണ്. ബാക്കി തുക സിഎംഡിആര്‍എഫില്‍ നിന്നുമാണ് അനുവദിക്കുന്നത്. 2018 നവംബര്‍ 29 ലെ ഉത്തരവ് പ്രകാരം വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് സിഎംഡിആര്‍എഫില്‍ നിന്നും 543 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്നതും വീട് സ്വന്തമായി വയ്ക്കാമെന്ന് സമ്മതിച്ചതുമായ 5636 വീടുകള്‍ക്ക് ഒന്നാം ഘട്ട ധനസഹായം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഭാഗികമായി തകര്‍ന്ന 1956 വീടുകള്‍ക്ക് ധനസഹായം അനുവദിച്ച് നല്‍കിയിട്ടുണ്ട്.

ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും നാല് ലക്ഷം രൂപ വീടിനും നല്‍കുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. ഭൂമി നേരിട്ട് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തി ബഹുനില ഭവന സമുച്ചയങ്ങളോ വീടുകളോ നിര്‍മിച്ച് പുനരധിവസിപ്പിക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രളയത്തില്‍ ഒലിച്ചുപോയതും ഉരുള്‍പൊട്ടല്‍ ഉണ്ടായതുമായ സ്ഥലങ്ങളില്‍ വീടുകള്‍ നിര്‍മിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെയുള്ള പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരേയും മറ്റ് അനുയോജ്യമായ ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ വച്ച് നല്‍കാന്‍ തയാറായി വന്ന വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും അതിന് അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന് തടയുവാന്‍ കഴിയില്ല. പക്ഷെ, അവയുടെ ആഘാതം ലഘൂകരിക്കുാനും ദുരിത ബാധിതര്‍ക്ക് ആശ്വാസം പകരാനും പുനരധിവാസം നടത്താനും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ജനതയ്ക്ക് സാധിക്കും. ഇതില്‍ ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാനും സര്‍ക്കാരിന് മികച്ച രീതിയില്‍ സാധിച്ചിട്ടുണ്ട്. ബാക്കിയുളളത് പുനരധിവാസമാണ്. അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. എല്ലാവരുടെയും സഹായത്തോടെയും പിന്തുണയോടെയും ഇത് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.