Monday
18 Feb 2019

ഇടുക്കിക്കായി പ്രഖ്യാപിച്ച പുനര്‍ജ്ജനി പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കണം: കെ കെ ശിവരാമന്‍

By: Web Desk | Thursday 7 February 2019 7:13 PM IST

തൊടുപുഴ: പ്രകൃതിക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ട ഇടുക്കി ജില്ലക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പുനര്‍ജ്ജനി പാക്കേജ് തട്ടിക്കൂട്ട് പാക്കേജായി മാറരുതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. ജില്ലയിലെ കാര്‍ഷിക വിനോദ സഞ്ചാര മേഖലകളുടെ സമഗ്രമായ പുരോഗതിക്കും ഗ്രാമീണ മേഖലയുടെ വികസനത്തിനും അടിസ്ഥാനമിടുന്ന പാക്കേജ് സ്വാഗതാര്‍ഹമാണെങ്കിലും ദീര്‍ഘ വീക്ഷണത്തോടെയും സുതാര്യമായും സമയബന്ധിതമായും പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ ജില്ലയുടെ വികസനത്തിന് അടിസ്ഥാനവും മുതല്‍ക്കൂട്ടുമാകുകയുള്ളൂവെന്നും അദ്ദേഹം
പറഞ്ഞു.

ബഡ്ജറ്റില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന പാക്കേജ് ധനമന്ത്രി ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിച്ചത് ഇടുക്കി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവമായി എടുക്കാത്തതു കൊണ്ടാണ്. പാക്കേജിനായി ഫണ്ട് കണ്ടെത്തുന്നതിനെ സംബന്ധിച്ച് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പ്രഖ്യാപ്പിച്ചിരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുമ്പ്
ബന്ധപ്പെട്ടവരുമായി സമഗ്രമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം ജില്ലയുടെ
വികസനത്തിന് ഉതകുന്ന തരത്തിലായിരിക്കണം പദ്ധതി നടപ്പിലാക്കേണ്ടത്.
ഏലം, കരുമുളക്, കാപ്പി, കൊക്കോ കര്‍ഷകരെ സഹായിക്കാന്‍ ദീര്‍ഘ
വീക്ഷണത്തോടെയുള്ള വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. മാത്രമല്ല വില
സ്ഥിരത ഉറപ്പ് വരുത്തുന്ന നടപടികള്‍ ഉണ്ടായാലേ കര്‍ഷകര്‍ക്ക് പദ്ധതിയുടെ
പൂര്‍ണ്ണ തോതിലുള്ള ഗുണം ലഭിക്കുകയുള്ളു. ചെറുകിട തേയില കര്‍ഷകരെ സഹായിക്കുന്നതിനായി കര്‍ഷകരില്‍ നിന്നും തേയില നേരിട്ട് സംഭരിക്കുകയും
സംസ്‌കരിച്ച് ബ്രാന്‍ഡഡ് ഉല്‍പന്നമാക്കി വില്‍പ്പന നടത്താനുള്ള പദ്ധതിയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News