ഓർക്കുക — കുട്ടികളുടെ ജീവന് വലിയ വിലയുണ്ട്

Web Desk
Posted on November 26, 2019, 10:19 pm

എൻ ശ്രീകുമാർ(ജനറൽ സെക്രട്ടറി എ കെ എസ് ടി യു) 

ബത്തേരി സർവജന സ്ക്കൂളിലെ ഷഹല ഷെറിൻ കേരളത്തിന്റെ മനഃസാക്ഷിയെ എന്നും വേദനപ്പിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. ക്ലാസിൽ വച്ച് പാമ്പുകടിയേറ്റ അവൾ തന്റെ അധ്യാപകരോട് വിലപിച്ചുകൊണ്ട് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും സമയബന്ധിതമായി അതു ചെയ്യാൻ തയ്യാറാകാത്തതിനാൽ ജീവൻപൊലിഞ്ഞ ഹതഭാഗ്യയാണ് ആ കുട്ടി. ഈ സംഭവം കേരളത്തിലെ വർത്തമാനകാല അധ്യാപക സമൂഹത്തെ പൊതുസമൂഹം കൂടുതൽ അടുത്തു മനസിലാക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. കുട്ടിയെ സ്ക്കൂളിന് സമീപമുള്ള ആശുപതിയിൽ എത്തിച്ചതും തുടർന്ന് മറ്റൊരാശുപത്രിയിലേക്ക് പറഞ്ഞുവിട്ടതും മരുന്നു ലഭ്യമായിരുന്നിട്ടും വിഷചികിത്സ നടത്താതിരുന്നതുമുൾപ്പെടെ ഡോക്ടർമാരുടെ നിരുത്തരവാദത്തെപ്പറ്റിയുള്ള ചർച്ചകളും മറ്റൊരു വഴിക്ക് നടക്കുന്നു. മറ്റുള്ളവർക്കുവേണ്ടി ചെ­റു­വിരലനക്കുന്നതു പോലും തനിക്ക് നഷ്ടമാണെന്ന് ചിന്തിക്കുന്നവരും പ്രതിമാസ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും വേണ്ടി മാത്രം തൊഴിൽ ചെയ്യുന്നവരും വർധിച്ചു വരുന്ന നാട്ടിൽ സംഭവിക്കാവുന്ന മിനിമം കാര്യമാണ് ഷഹല ഷെറിന് ഏറ്റുവാങ്ങേണ്ടിവന്ന മരണം. ഇത് ഗുരു ദൈവ തുല്യമെന്ന സങ്കല്പം നിലനിൽക്കുന്ന നാട്ടിൽ, ഇ­ന്നത്തെ അധ്യാപകർ ദൈവങ്ങളല്ലെന്നും എ­ല്ലാ സാമൂഹിക അപചയങ്ങളും ഉള്ളിലിട്ടു നടക്കുന്ന കുറേ മനുഷ്യർ മാത്രമാണെന്നും തിരിച്ചറിയാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെട്ടത്. പാമ്പുകടിയേറ്റ് നിലവിളിക്കുന്ന കുട്ടിയോട് രക്ഷിതാവ് എത്തി വേണമെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകട്ടെ എന്നു ചിന്തിക്കുന്ന അധ്യാപകർ, അധ്യാപക സമൂഹത്തിലുണ്ടെന്ന തിരിച്ചറിവ് അവരെ വല്ലാതെ നടുക്കിയിട്ടുണ്ടെന്ന് തീർച്ച.

ഒന്നാം പ്രതി അധ്യാപകർ തന്നെ

കേരളത്തിലെ അധ്യാപകർക്ക് കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ മറ്റൊരു തൊഴിൽ മേഖലയിലുള്ളവർക്കും ലഭിച്ചിട്ടില്ലാത്ത പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഉള്ളടക്കം അധ്യാപകരുടെ കാഴ്ചപ്പാടും മനോഭാവവും മാറ്റിയെടുക്കുക എന്നതുതന്നെയായിരുന്നു. വിദ്യാഭ്യാസം വിദ്യാർഥികൾക്കു വേണ്ടിയുള്ളതാണ്. അതു­കൊണ്ട് അധ്യാപകനേക്കാൾ കുട്ടിയുടെ താല്പര്യങ്ങൾക്കാകണം മുൻഗണന. വിദ്യാർഥി കേന്ദ്രീകൃതമെന്ന ഈ ആശയം, ഓരോ കുട്ടിയുടെയും മനസിനും താല്പര്യങ്ങൾക്കുമിണങ്ങുന്ന വിധം അവരെ പരിശീലിപ്പിക്കാൻ അധ്യാപകർ സന്നദ്ധരാവുകയെന്നതാണ്. കുട്ടിയോടൊപ്പം പഠിക്കുന്ന, അവരുടെ മാർഗ്ഗദർശകരാകുന്ന, അവർക്ക് എല്ലാ പ്രയാസങ്ങളും തുറന്നു പറയാവുന്ന, സന്തോഷങ്ങൾ പങ്കുവയ്ക്കാവുന്ന ആളാണ്, ആകണം വിദ്യാർഥി കേന്ദ്രീകൃത കാലഘട്ടത്തിലെ അധ്യാപകൻ. ഈ ആശയം തിരിച്ചറിഞ്ഞിട്ടുള്ള അധ്യാപകർക്ക് ക്ലാസിലെ കുട്ടിയുടെ വേദന മനസിലാകുന്നില്ലെങ്കിൽ, അത് മറ്റാരുടെയും തെ­റ്റല്ല, ആ അധ്യാപകന്റെ മാത്രം പരിമിതിയാണ്.

നമ്മുടെ അധ്യാപകരോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നത് സഹരക്ഷിതാക്കളായി മാറാനാണ്. കുട്ടിയുടെ അച്ഛനോ അമ്മയോ സഹോദര തുല്യരോ ആകാൻ അവർ സജ്ജരാകണം. അണുകുടുംബ പശ്ചാത്തലത്തിൽ നിന്നു വരുന്ന കുട്ടികൾക്ക് ഇന്ന് മറ്റാരുമായും തന്റെ സ്വകാര്യ ദുഃഖങ്ങൾ പങ്കുവയ്ക്കാനില്ലാതെ വരുമ്പോൾ അധ്യാപകരാകണം അവരുടെ പ്രിയപ്പെട്ടവർ. ഇങ്ങനെയൊരു ദൗത്യം അധ്യാപകരും ഏറ്റെടുക്കാൻ ബാധ്യതപ്പെട്ടവരുമാണല്ലോ. പക്ഷേ ബത്തേരി സംഭവം അധ്യാപകരെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയിട്ടുണ്ട്. ബോധപൂർവം കുട്ടികൾക്ക് താങ്ങും തണലുമായി നിൽക്കേണ്ടവർ, അവരുടെ ദയനീയ അവസ്ഥയിൽ പോലും സഹായഹസ്തം നീട്ടാൻ തയ്യാറായില്ലെങ്കിൽ പിന്നെ അവരെ ആരാണ് വിലമതിക്കുന്നത്?

കുട്ടികൾ തെരുവിൽ അവരുടെ അധ്യാപകർക്കെതിരെ പ്രതിഷേധം നടത്തുന്ന കാഴ്ച കേരളത്തിൽ അപൂർവമാമാണ്. ബത്തേരിയിലെ ആ പ്രകടനം കേരളത്തിലെ അധ്യാപക സമൂഹത്തിനാകെ മാനക്കേടാണ് പകർന്നു നൽകിയത്.

നോക്കുകുത്തികളാകുന്ന പ്രാദേശിക ഭരണകൂടം

പ്രാദേശിക ഭരണകൂടങ്ങളാണ് വിദ്യാലയങ്ങളെ സജ്ജമാക്കുന്നതിൽ പരാജയപ്പെടുന്ന മറ്റൊരു കൂട്ടുപ്രതി. തങ്ങളുടെ അധികാര പരിധിക്ക് കീഴിലുള്ള വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യമൊരുക്കുന്നതിന് മിക്കപ്പോഴും ജാഗ്രതയോ താൽപര്യമോ പ്രകടിപ്പിക്കാത്ത പ്രാദേശിക ഭരണകൂടങ്ങൾ സംസ്ഥാനത്ത് നിരവധിയാണ്. വി­ദ്യാലയങ്ങൾ ഓരോ ആവശ്യങ്ങളുമായി സമീ­പി­ക്കുമ്പോൾ ഓരോ സാങ്കേതികത്വങ്ങളിൽ അ­തൊക്കെ കുരിക്കിയിടാൻ ആവശ്യത്തിലധികം വൈദഗ്ധ്യം ഈ ഭരണകൂടങ്ങൾ പ്രകടിപ്പി­ക്കു­ന്നത് കാണാം.

അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ പോലും ചുവപ്പു നാടയിൽ കുരുങ്ങിപ്പോകുന്നതും സാധാരണ സംഭവം! ഏതെങ്കിലും അപകടം നടന്നു കഴിയുമ്പോൾ പഴിചാരി രക്ഷപ്പെടാനല്ലാതെ പ്രാദേശിക ഭരണകൂടങ്ങൾ പലപ്പോഴും യാഥാർത്ഥ്യബോധത്തോടെ ഇടപെടാൻ ശ്രമിക്കുന്നില്ല. സങ്കുചിത രാഷ്ട്രീയ പ്രാദേശിക താൽപര്യങ്ങളുടെ പേരിൽ വിദ്യാലയങ്ങൾക്കു നേരെ അവർ കണ്ണടയ്ക്കുന്നത് സാധാരണ കാഴ്ച മാത്രം. സ്ക്കൂളുകളിലെ വർണാഭമായ ചടങ്ങുകൾക്ക് എത്തി ഫോട്ടോയും പ്രസ്താവനയും പത്രത്താളുകളിൽ അച്ചടിച്ചുവരികയും ചെയ്യണമെന്നതിനപ്പുറം പൊതുവിദ്യാലയങ്ങളോട് പ്രാദേശിക ഭരണകൂടങ്ങൾക്ക് താൽപര്യം ഉണ്ടാകേണ്ടതാണ്.

പ്രാദേശിക ഭരണകൂടങ്ങളിലെ എൻജിനീയർമാർ നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് സ്ക്കൂ­ളുകളുടെ സുരക്ഷയെ സംബന്ധിച്ച പ്രധാന രേഖ. സ്ക്കൂൾ സന്ദർശിക്കാൻ പോലും മെനക്കെടാതെ ഈ രേഖ നൽകാൻ ഈ ഉദ്യോഗസ്ഥർക്കറിയാം. എൻജിനീയറുടെ സൂക്ഷ്മതല റിപ്പോർട്ട് പ­രി­ഗണിച്ച് ആവശ്യമായി വരുന്ന നിർമ്മാണ പ്ര­വർത്തനങ്ങളോ അറ്റകുറ്റപ്പണികളോ ചെയ്യാൻ പ്രാദേശിക ഭരണകർത്താക്കൾ ശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ബ­ത്തേരി സ്ക്കൂളിലെ പാമ്പുകളുടെ മാളങ്ങൾ എന്നേ തകർന്നു പോയേനെ.

അധ്യാപക രക്ഷാകർത്തൃ സമിതികൾ

സ്ക്കൂൾ അധ്യാപക രക്ഷാകർത്തൃ സമിതികൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ ഭൗതിക പുരോഗതിക്ക് മഹത്തായ സംഭാവനകൾ ചെയ്യുന്നുണ്ട്. കുരുന്നുകളുടെ സുരക്ഷിത വിദ്യാഭ്യാസത്തിനായി ത്യാഗനിർഭരമായി പ്രവർത്തിക്കുന്ന സമിതികളുണ്ട്. എന്നാൽ, ചുരുക്കം ചില പിടി­എ­/എസ്എംസി കളെങ്കിലും രാഷ്ട്രീയ കിടമത്സരങ്ങൾക്ക് വേദിയാകുകയും കടമകൾ മറക്കുകയും ചെയ്യുന്നു. സ്ക്കൂളിന്റെ ആവശ്യങ്ങൾ നേരിട്ട് ബോധ്യപ്പെടാനും വേണ്ട ഇടപെടൽ നടത്തി അവ പരിഹരിക്കുന്നതിനും ഈ സമിതിക്കുള്ള സാധ്യത മറ്റാർക്കും ഇല്ല. ബത്തേരി സ്ക്കൂളിലെ പിടിഎ ഈ നിലയിൽ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിച്ചില്ലെന്നു വേണം കരുതാൻ.

ഉത്തരവാദപ്പെട്ട സമിതി എന്ന നിലയിൽ കടമകളേയും കർത്തവ്യ ബോധത്തേയും പറ്റി പിടിഎയ്ക്ക് തികഞ്ഞ ബോധ്യമുണ്ടാകേണ്ടതുണ്ട്. അതിനായി അവരെ ബോധപൂർവം ശാക്തീകരിക്കാൻ സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കിയാലും അധികമാവില്ല.

കേരളത്തിന്റെ മികവ് വെറും പൊള്ളയല്ല

നിതി ആയോഗിന്റെ റിപ്പോർട്ടനുസരിച്ച് ദേശീയതലത്തിൽ 82.7 ശതമാനം മാർക്കോടെ കേരള വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായി മാറിയപ്പോഴാണ് ബത്തേരി സ്ക്കൂൾ സംഭവം നടന്നിട്ടുള്ളത്. ഈ അവസരം മുതലാക്കി പുറംമോടിയല്ലാതെ നമ്മുടെ വിദ്യാഭ്യാസത്തിന്റെ അകം പൊള്ളയാണെന്ന് വ്യാഖ്യാനിക്കാൻ പൊതു വിദ്യാഭ്യാസ വിരുദ്ധർ ആഞ്ഞടിക്കുന്നുണ്ട്.

ബത്തേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുറെ പരിഹാര നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അവ കൃത്യമായി നടപ്പാക്കാനാകണം. പൊതുവിദ്യാലയങ്ങളിലെ മോണിറ്ററിംഗ് സംവിധാനം ഒട്ടും തൃപ്തികരമല്ല. സ്ക്കൂളുകളിൽ കർശന മോണിറ്ററിംഗ് അനിവാര്യമാണ്.

ഷഹല ഷെറിൻ മരിച്ചതിനെ തുടർന്ന് ആ വിദ്യാലയത്തിലെ കുട്ടികൾ ക്യാമറക്കു മുന്നിൽ വന്ന് ധീരമായി പ്രതികരിക്കാനും അധ്യാപകരുടെയുൾപ്പെടെ നിരുത്തരവാദത്തിനെതിരെ ശബ്ദമുയർത്താനും കാട്ടിയ ഊർജസ്വലത മാത്രം മതി കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ വിദ്യാഭ്യാസ മികവ് വിലയിരുത്താൻ. ത്യാഗസേവന സന്നദ്ധരായ ഒട്ടധികം അധ്യാപകർ നമ്മുടെ വിദ്യാലയങ്ങളിലുണ്ട്. അവരെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും സാധിക്കുന്ന വിധം അധ്യാപക അവാർഡുകൾ ഉൾപ്പെടെ മാറേണ്ടതുണ്ട്.

മികച്ച വിദ്യാഭ്യാസം മികച്ച സുരക്ഷ

മികച്ച വിദ്യാഭ്യാസവും മികച്ച സുരക്ഷയും എന്ന മുദ്രാവാക്യമാണ് ഇന്ന് നമ്മുടെ വിദ്യാഭ്യാസ മേഖല ആവശ്യപ്പെടുന്നത്. ബത്തേരിയിൽ ഒളിച്ചിരുന്നതു പോലെ വിവിധ തരത്തിൽ അപകടങ്ങളുടെ മാളങ്ങളും വിഷസർപ്പങ്ങളും പൊതു വിദ്യാലയത്തിൽ ഒട്ടും കുറവല്ല. ഈ അപകട വഴികളെല്ലാം പഴുതടച്ച് അടയ്ക്കുന്ന ഒരു പ്രവർത്തനം ഏറ്റവും വേഗം നടപ്പാക്കണം.

നാം ആർജിച്ച മികവുകളൊന്നും പൊള്ളയായതല്ല. എന്നാ­ൽ അവയെ ആധികാരികമാക്കുന്നതിന് സുരക്ഷിത പഠനത്തിനുള്ള കർമ്മപദ്ധതി അനിവാര്യ മായിരിക്കും. ഓരോ സ്ക്കൂളും ഓരോ യൂണിറ്റായി പരിഗണിച്ച് ഇതിനുള്ള കർമ്മ പരിപാടി നടപ്പാക്കാനാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഓരോ വിദ്യാലയങ്ങളുടേയും അവസ്ഥ വ്യത്യസ്തമാണ്. ഇതിനായി എത്ര തുക മാറ്റിവെക്കാനും സർക്കാർ തയ്യാറാകണം. സ്ക്കൂളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് തുക ചെലവാക്കുന്നതിന് ആവശ്യമായ വഴക്കം അനുവദിച്ചു കൊടുക്കണം. ഇതിനായി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒരു ടാക്സ് ഫോഴ്സിനെ രൂപീകരിക്കുന്നതാകും ഉചിതം. സ്ക്കൂളുകളിൽ ഇനി നമ്മുടെ കണ്മണികളുടെ കണ്ണുനീർ വീഴരുതെന്ന് ഒറ്റക്കെട്ടായി ചിന്തിക്കേണ്ട അവസരമാണിത്. കുരുന്നുകളുടെ ജീവന് അത്രമാത്രം വലിയ വിലയുണ്ടെന്ന് മറക്കരുത്!