May 27, 2023 Saturday

ഓർമ്മയുണ്ട് കൂട്ടരെ, ഗുജറാത്തിനെ

വി പി ഉണ്ണികൃഷ്‌ണൻ
January 24, 2020 4:41 am

വിഭജനത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന, ഭരണഘടനാ ചട്ടങ്ങളെ ധ്വംസിക്കുന്ന, മതനിരപേക്ഷതയുടെ പതാകയെ ചവിട്ടിമെതിക്കുന്ന രാജ്യവിരുദ്ധ നിയമ ഭേദഗതിക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭങ്ങൾ വളർന്നുകൊണ്ടിരിക്കുന്നു. സർവകലാശാലാ വളപ്പുകളിലും കലാലയാങ്കണങ്ങളിലും പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രാജ്യത്തിന്റെ നിരത്തുകളിലേയ്ക്കും പടരുന്നു. സംഘപരിവാര ശക്തികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ആ പ്രക്ഷോഭകാരികൾ, പ്രതിഷേധിക്കുന്നവർ, പ്രതിരോധനിര തീർക്കുന്നവർ രാജ്യദ്രോഹികളും പാകിസ്ഥാൻ ചാരന്മാരുമാണെന്ന് മോഡിയും അമിത് ഷായും പ്രഖ്യാപിക്കുന്നു. ബിജെപിയുടെ ദുർനടത്തത്തെയും സംഘപരിവാര വർഗീയ ഫാസിസത്തെയും ആൾക്കൂട്ട കൊലകളെയും എതിർക്കുന്നവരാകെ ഒരു നിമിഷംകൊണ്ട് രാജ്യദ്രോഹികളാവുകയും പാകിസ്ഥാൻ ചാരന്മാരാകുകയും ചെയ്യുന്ന കാലമാണിത്. രാജ്യത്തെ ഒറ്റുകൊടുത്തവർ ആരാണെന്ന് ഇന്ത്യാ ചരിത്രം ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമ്പാദന പോരാട്ടത്തിൽ തെല്ലുപോലും പങ്കുവഹിക്കാത്ത സംഘപരിവാരം ഇപ്പോൾ ഭാരതരത്നം കൊടുക്കുവാൻ യത്നിക്കുന്ന അവരുടെ സ്വന്തം ‘വീർസവർക്കർ’ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കുകയും ജയിൽ മോചനത്തിനായി ബ്രിട്ടീഷ് രാജ്ഞിക്ക് മാപ്പപേക്ഷ നൽകി സുരക്ഷ ഉറപ്പാക്കിയതും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

നേരമിരുണ്ട് വെളുക്കുമ്പോൾ ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യർ ഇന്ത്യൻ പൗരന്മാരല്ലാതായിത്തീരുന്ന ജനവിരുദ്ധവും ദേശവിരുദ്ധവുമായ നിയമത്തിനെതിരായ പ്രക്ഷോഭമാണ് രാജ്യവ്യാപകമായി ഉയരുന്നത്. അവരെ രാജ്യദ്രോഹികളും പാകിസ്ഥാൻ ചാരന്മാരുമായി മുദ്രകുത്തുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡി പറയുന്നു; ‘അവരുടെ വേഷം കണ്ടാലറിയാം അവർ ആരാണെന്ന്. ഒരു മതവിഭാഗം മാത്രമാണ് പ്രക്ഷോഭത്തിലെന്ന് സ്ഥാപിക്കുകയാണ് നരേന്ദ്രമോഡിയുടെ ലക്ഷ്യം. പക്ഷെ ആ പ്രക്ഷോഭ പരമ്പരകളുടെ മുൻനിരയിൽ കുങ്കുമക്കുറിയണിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളുമുണ്ട്. രാഖി കൈയ്യിലണിഞ്ഞവരുമുണ്ട്. അവരൊന്നും മുസ്ലിങ്ങളല്ല, ഇതു ഒരു മതവിഭാഗത്തിന്റെ പ്രക്ഷോഭമല്ല, മതേതര ഇന്ത്യയുടെ ദേശവിരുദ്ധർക്കെതിരായ മതനിരപേക്ഷ ജനകീയ പ്രതിരോധമാണ്. അതിനെയും മതവൈരത്തിന്റെ കണ്ണികൾക്കുള്ളിലാക്കുവാനുള്ള അതിഗൂഢ അജണ്ട ജനങ്ങൾക്ക് തിരിച്ചറിയുവാനാവും’. പൗരത്വ രജിസ്റ്ററിനെ കുറിച്ച് ബോധവൽക്കരിക്കുവാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതര കേന്ദ്രമന്ത്രിമാരും സംഘപരിവാര നേതാക്കളും വീടുകൾ കയറിയിറങ്ങുന്ന സന്ദർഭമാണിത്. ഭൂരിപക്ഷം മനുഷ്യരും ഇക്കൂട്ടരെ സ്വന്തം വീടുകളിൽ കയറ്റുന്നതേയില്ല. ‘ഗോ ബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കി വീടുകളിൽ നിന്ന് ഇവരെ പുറന്തള്ളുകയാണ് മതേതര വിശ്വാസികളായ ഇന്ത്യയിലെ ഗൃഹനാഥർ. അവർ തെരുവിലിറങ്ങി മതേതര ഇന്ത്യക്കുവേണ്ടിയും അഖണ്ഡ ഭാരതത്തിനുവേണ്ടിയും ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും പ്രകടനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ സംഘപരിവാര ശക്തികൾ നടത്തിയ പ്രകടനത്തിൽ മോഡി-ഷാ ഭക്തർ ഉച്ചത്തിൽ, ഭീഷണിസ്വരത്തിൽ വിളിച്ചു ചോദിച്ചു ”ഓർമ്മയില്ലേ ഗുജറാത്ത്” എന്ന്. ‘ഓർമ്മയുണ്ട് കൂട്ടരെ, ഇന്ത്യക്ക് ഒരിക്കലും മറക്കാനാവാത്ത ആ വംശഹത്യാ പരീക്ഷണം. ’ ‘ഈശ്വര അള്ളാ തേരേ നാം’ ‘സബ്കോ സന്മതി ദേ ഭഗവാൻ’ എന്ന് പാടിനടന്ന രാമനും റഹിമും ഒന്നുതന്നെയെന്ന് വർഗീയ കലാപ ഭൂമികളിൽ ചെന്നാവർത്തിച്ച് ഓർമ്മിപ്പിച്ച ഗാന്ധിജി പിറന്ന, ഗുജറാത്തിന്റെ മണ്ണിൽ ഹിറ്റ്ലറെ മാതൃകയാക്കുന്ന സംഘപരിവാര, ഗാന്ധിയുടെ ഹൃദയത്തിൽ വെടിയുണ്ടകൾ വർഷിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ അനുചരന്മാർ 1948ൽ നടത്തിയ വംശഹത്യാ പരീക്ഷണം നടുക്കുന്ന ഓർമ്മയായി ഇന്നും നിലനിൽക്കുന്നുണ്ട്. ബിജെപിയുടെ നായകരായ നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും ഏറ്റുമുട്ടൽ കൊലയാളികളുടെ മുൻനിരക്കാരെ ഇന്ത്യൻ ജനതയ്ക്ക് ഓർമ്മയുണ്ട്.

2002ലെ വംശഹത്യാ പരീക്ഷണത്തിനു പിന്നാലെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി ഏതൊരു ആഘാതത്തിനും ഒരു പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പ്രതികരിച്ചത്. ആ പ്രസ്താവനയിലൂടെ വംശഹത്യാ പരീക്ഷണത്തെ അദ്ദേഹം ന്യായീകരിക്കുകയായിരുന്നു. ഒരു മതത്തിൽ പിറന്നുപോയതിന്റെ പേരിൽ രണ്ടായിരത്തിലേറെ മനുഷ്യരെ കൊന്നുതള്ളിയ രാഷ്ട്രീയ ഭൂമികയാണ് അന്ന് അരങ്ങേറ്റപ്പെട്ടത്. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെപ്പോലും അന്ന് ശൂലത്തിനിരയാക്കി. ആയിരങ്ങൾ അഭയാർത്ഥികളായി മാറി. ത്രിശൂലത്തിന്റെ മുന്നിൽ പ്രാണരക്ഷാർഥം യാചിക്കുന്ന യുവാവിന്റെ ചിത്രവും അന്ന് രാജ്യം ഭയാനകതയോടെ കണ്ടു. ആ ഗുജറാത്തിനെ, ദർഗ്ഗകൾ തകർക്കപ്പെട്ട മണ്ണിനെ എങ്ങനെ ഇന്ത്യ മറക്കും. കുറ്റ്യാടിയും കുറ്റ്യാടി ഉൾപ്പെടുന്ന കേരളവും വംശഹത്യാ പരീക്ഷണശാലയാക്കുമെന്ന സന്ദേശമാണോ ഗുജറാത്ത് ഓർമ്മയില്ലേ എന്ന മുദ്രാവാക്യത്തിലൂടെ രാജ്യദ്രോഹികൾ അനുസ്മരിപ്പിക്കുന്നത്. ഗാന്ധിജിയെ ഇന്നും സംഘപരിവാര ശക്തികൾ ഭയക്കുന്നു. ഗാന്ധി സ്മൃതി എന്നറിയപ്പെടുന്ന ബിർള ഹൗസിൽ നിന്ന് ഗോഡ്സെയുടെ വെടിയുണ്ട വർഷങ്ങൾ ഹൃദയത്തിലേറ്റ് പിടഞ്ഞുവീഴുന്ന ഗാന്ധിയുടെ ചിത്രം ഉൾപ്പെടെ അവർ നിഷ്കാസനം ചെയ്യുന്നു. ഗാന്ധിജിയുടെ മാറിടത്തിൽ പതിച്ച വെടിയുണ്ടകൾ, അവസാനവേളയിൽ അദ്ദേഹം ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങൾ, നിലച്ചുപോയ ഘടികാരം, ഗോഡ്സെ വെടിയുതിർത്ത തോക്ക് എന്നിവയുൾപ്പെടെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ നിന്ന് കാണാമറയത്ത് വലിച്ചെറിയപ്പെടുന്നു. ഗോഡ്സെയ്ക്കായി അമ്പലം പണിയുന്നവർ ചരിത്രത്തെ ഭയപ്പെടുകയും ഗാന്ധിജിയുടെ ചരിത്രത്തെ നിഷ്കാസനം ചെയ്യുകയും ചെയ്യുന്നു. പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻട്രി കാർട്യർ ബ്രസൻ പകർത്തിയ നിശ്ചല ഫോട്ടോഗ്രാഫിയിലെ ചരിത്ര നിമിഷങ്ങളാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര ഭരണകൂടം തമസ്ക്കരിക്കുന്നത്. കേരളം, രാജ്യത്തിന് മാതൃകയായി മാറുന്ന സംസ്ഥാനമാണ്.

ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യങ്കാളിയുടെയും വൈകുണ്ഠ സ്വാമികളുടെയും വാഗ്ഭടാനന്ദന്റെയും വക്കം അബ്ദുൽഖാദർ മൗലവിയുടെയും നവോത്ഥാന ചിന്തകളിലൂടെ ഉഴുതുമറിക്കപ്പെട്ട ഐക്യ മതേതര കേരളമാണ് മതവിഭാഗീയതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സംഘപരിവാര ശക്തികൾക്കെതിരായി ആദ്യം പ്രതികരിച്ചത്. കേരള നിയമസഭ പ്രമേയം പാസാക്കുന്നതിന് പിന്നാലെ പൗരത്വ രജിസ്റ്റർ നിയമം കേരള മണ്ണിൽ നടപ്പാക്കുകയില്ലെന്ന് ഇടതുപക്ഷ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഐക്യ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമാണ് ഇടതുപക്ഷ സർക്കാരും കേരള മതനിരപേക്ഷ മനസുകളും ഉയർത്തിയത്. ഭരണഘടന നിലവിൽ വന്നതിന്റെ 70-ാം വാർഷിക ദിനമായ ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖല ഭരണഘടനാ ധ്വംസനങ്ങൾക്കെതിരായ, ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ അതിശക്തമായ സന്ദേശം നൽകും. ആ മനുഷ്യ മഹാശൃംഖലയെ അതിജീവിക്കുവാൻ ആർഎസ്എസിന്റെ ഉച്ചഭാഷിണിക്കാരായ ഗവർണർമാർക്കുപോലും സാധിക്കുകയില്ലെന്ന് ഐക്യ മതനിരപേക്ഷ കേരളം തെളിയിച്ചു. ഗവർണർ പദവിയുടെ മഹത്വമറിയാതെ ഭരണഘടനാ തത്വസംഹിതകളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടവരാണ് തങ്ങളെന്നറിയാതെ പ്രവർത്തിക്കുന്നവരെ ചരിത്രം കുറ്റവാളികളുടെ വാതിൽപടിക്കൽ അടയ്ക്കുകതന്നെ ചെയ്യും. മനുഷ്യ മഹാശൃംഖല ഇന്ത്യക്ക് നൽകുന്നത് മതനിരപേക്ഷതയുടെ മഹനീയ സന്ദേശമാണ്. ആ സന്ദേശ ഗാനങ്ങൾ രാജ്യവും ലോകവും ഏറ്റെടുക്കുകതന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.