ഓമനചേച്ചി ഇനി സമരവീര്യമാര്‍ന്ന ഓര്‍മ്മ

Web Desk
Posted on March 11, 2018, 4:36 pm
സ്വന്തം ലേഖകന്‍
കൊച്ചി: സമരതീഷ്ണമായ വിപ്ലവജീവിതത്തിന് സമാപ്തിയായി. സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സി കെ ഓമനയ്ക്ക് അന്ത്യാഞ്ജലി. പാലാരിവട്ടം ജനതാറോഡിലെ ചേലാട്ട് വീട്ടില്‍ ഇന്നലെ രാവിലെ മുതല്‍ അണമുറിയാത്ത ഒഴുക്കായിരുന്നു. വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് എത്തിയവര്‍ സഖാവിന് മുന്നില്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ശാരീരികാവശതകള്‍ മറന്ന്  പലസഖാക്കളും തങ്ങളുടെ പ്രിയപ്പെട്ട ഓമനചേച്ചിയെ അവസാനമായി കാണാനെത്തി. പത്തുമണിയോടെ പച്ചാളം ശ്മശാനത്തിനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തിന് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഓമനചേച്ചിയുടെ പ്രിയ സുഹൃത്ത് പി കെ മേദിനി ഒരു പിടി പൂക്കള്‍ എന്ന ഗാനം ആലപിച്ചതോടെ ഓമനചേച്ചിയുടെ ശരീരം അഗ്നി നാളങ്ങള്‍ക്കായി നീക്കിവെച്ചു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, ദേശീയ സമിതിയംഗങ്ങളായ കെ ഇ ഇസ്മയില്‍, സി ദിവാകരന്‍ എംഎല്‍എ, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജസ്റ്റിസ് കെ ദിനേശന്‍, നോവസിസ്റ്റ് സി രാധാകൃഷ്ണന്‍, ഇ കെ വിജയന്‍ എംഎല്‍എ, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അരുണ്‍, സിപിഐ കണ്‍ട്രോള്‍ കമ്മീഷനംഗം കെ കെ അഷറഫ്, സിഐടിയു നേതാവ് കെ ചന്ദ്രന്‍പിള്ള, സിഐസിസി ജയചന്ദ്രന്‍, ടി വിക്രമന്‍ തുടങ്ങിയവര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. ജില്ലാസെക്രട്ടറി പി രാജുവിന്റെ നേതൃത്വത്തില്‍ ജില്ലാകൗണ്‍സിലംഗങ്ങള്‍ സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.