27 March 2024, Wednesday

കെ പി ശശിയുടെ ജന്മദിനമായ 14ന് തൃശൂരില്‍ ദേശീയ സ്മരണാഞ്ജലി

രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ സാഹിത്യ അക്കാദമിയില്‍
web desk
തൃശൂര്‍
March 11, 2023 3:13 pm

നാലു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ബദല്‍സമരങ്ങളെയും നവസാമൂഹിക പ്രസ്ഥാനങ്ങളെയും സമാന്തര ദൃശ്യമാധ്യമ ഇടപെടലുകളെയും കൂട്ടിയിണക്കാന്‍ അക്ഷീണം ശ്രമിച്ച ജനകീയപോരാളി കെ പി ശശിയുടെ ജന്മദിനം രാജ്യം നല്‍കുന്ന ഏറ്റവും വലിയ സ്മരണാഞ്ജലിയാക്കി മാറ്റാന്‍ തൃശൂരില്‍ വേദിയൊരുങ്ങുന്നു. കെ പി ശശിയുടെ സുഹൃദ്സംഘമാണ് ( Friends of K P Sasi ) സംഘാടകര്‍. മാര്‍ച്ച് 14ന് രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ സാഹിത്യ അക്കാദമിയിലാണ് അനുസ്മരണ ചടങ്ങ്. സാമൂഹിക മുന്നേറ്റമെന്ന വലിയ ലക്ഷ്യത്തോടെ തൃശൂരില്‍ സംഘടിപ്പിച്ചിരുന്ന വിബ്ജിയോര്‍ ചലചിത്രമേളയുടെ പ്രധാന സംഘാടകനുമായിരുന്നു കെ പി ശശി. കവിയായും ചിത്രകാരനായും ഗായകനായും ഡോക്യുമെന്ററി സംവിധായകനായും കാര്‍ട്ടൂണിസ്റ്റുമായും തിളങ്ങിയ ആ ബഹുമുഖപ്രതിഭ കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ഓര്‍മ്മയായത്.

ശശിയുടെ സമര സൗഹൃദങ്ങള്‍ രാജ്യത്തിന് അകത്തും പുറത്തും പടര്‍ന്നുപന്തലിച്ചുകിടക്കുന്നതാണ്. ഇന്ത്യയുടെ പല ഭാഗത്തും കേരളത്തിലുടനീളവും കെ പി ശശിയെ അനുസ്മരിച്ചുകൊണ്ടുള്ള കൂടിച്ചേരലുകളും ചലച്ചിത്രപ്രദര്‍ശനങ്ങളും വ്യാപകമായി സംഘടിപ്പിക്കപ്പെട്ടതുതന്നെ അതിന്റെ വ്യാപ്തി തെളിയിക്കുന്നു. ഇപ്പോഴും പലയിടതത്തും അനുസ്മരണ പരിപാടികള്‍ തുരുന്നുണ്ട്. കെ പി ശശി മുന്നോട്ടുവച്ച രാഷ്ട്രീയ സാംസ്‌കാരിക നിലപാടുകള്‍ കൂടുതല്‍ വിപുലമായി പൊതുസമൂഹത്തില്‍ എത്തിക്കുകയും അദ്ദേഹം സ്വപ്നംകണ്ട നൈതികലോകം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുകയാണ് ഈ സമാഗമങ്ങളുടെയെല്ലാം അടിസ്ഥാനലക്ഷ്യം.

വിവിധ പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിച്ചാണ് കെ പി ശശിയുടെ ജന്മദിനമായ മാര്‍ച്ച് 14ന് ജന്മനാടായ തൃശൂരില്‍ മുഴുവന്‍ ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയതലത്തിലുള്ള ഒരു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ ശശിയുടെ കൂടി പങ്കാളിത്തത്തോടെ നടന്നതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ പോരാട്ടങ്ങളെ പ്രതിനിധീകരിച്ചെത്തുന്നവരുടെ സംഗമമാണ് സമ്മേളനത്തിലെ മുഖ്യപരിപാടി. രാവിലെ 9.30ന് ശശിയുടെ കാര്‍ട്ടൂണുകളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനം റാഞ്ചിയില്‍ നിന്നുള്ള ആക്ടിവിസ്റ്റും സംവിധായകനുമായ മേഘനാഥ് ഉദ്ഘാടനം ചെയ്യും. റോണക് സിങ് സംവിധാനം ചെയ്ത ശശിയുടെ ഓര്‍മ്മചിത്ര പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുക. അനുസ്മരണസമ്മേളനം മേധാപട്കര്‍ ഉദ്ഘാടനം ചെയ്യും. കവിയും അനുസ്മരണസമിതി ചെയര്‍മാനുമായ അന്‍വര്‍ അലി അധ്യക്ഷതവഹിക്കും. വില്‍ഫ്രഡ് ഡി കോസ്റ്റ (ഡല്‍ഹി), റോയ് ഡേവിഡ് (കൂര്‍ഗ്), സിന്തിയ സ്റ്റീഫന്‍ (ബാംഗ്ലൂര്‍), എസ് പി ഉദയകുമാര്‍ (തമിഴ്‌നാട്), വിദ്യ (മംഗലാപുരം), സുധീര്‍ പട്‌നായിക് (ഒഡിഷ), ധീരേന്ദ്ര പാണ്ഡെ (ഒഡിഷ), സത്യസാഗര്‍ (ഡല്‍ഹി), ശുഭേന്ദു ഘോഷ് (ഡല്‍ഹി), സഞ്ജയ് ബസു മാല്ലിക് (ബംഗളുരു), ആര്‍ പി അമുദന്‍ (തമിഴ്‌നാട്) തുടങ്ങിയവര്‍ സംസാരിക്കും.

Breath to Breath ( Glimpses from the liife of K P Sasi ) എന്ന ആര്‍ പി അമുദന്റെ സിനിമാ പ്രദര്‍ശനത്തോടെയാണ് ഉച്ചക്കുള്ള പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന, ഇപ്പോഴും നടക്കുന്ന വിവിധ ജനകീയ സമരങ്ങളുടെ പ്രതിനിധികളുടെ കൂടിചേരല്‍ നടക്കും. പരിപാടികള്‍ക്കിടയില്‍ കെ പി ശശിയുടെ മ്യൂസിക് ആല്‍ബങ്ങളും ചെറുസിനിമകളും പ്രദര്‍ശിപ്പിക്കും. ശില്‍പ്പിയും ചിത്രകാരനുമായ കെ ജി ആന്റോ, വേദിയില്‍വച്ചു വരയ്ക്കുന്ന ശശിയുടെ ഛായാചിത്രം വിശിഷ്ടാതിഥികള്‍ കുടുംബാംഗങ്ങള്‍ക്ക് സമര്‍പ്പിക്കും. വൈകീട്ട് നടക്കുന്ന സംഗീതപരിപാടിയില്‍ ശുഭേന്തുഘോഷ്, രശ്മി സതീഷ്, ജിജി ജോഗി തുടങ്ങി നിരവധി ഗായകര്‍ പങ്കെടുക്കും. ഗസല്‍ സംഗീതവും ഉണ്ടാകും. Friends of K P Sasi ആണ് അനുസ്മരണപരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് അന്‍വര്‍ അലി (ചെയര്‍പേഴ്സണ്‍)-9446229643, ശരത് ചേലൂര്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) — 9809477058, ഫാദര്‍ ബെന്നി ബെനിഡിക്ട് — 9447000830.

 

Eng­lish Sam­mury: Remem­ber­ing K P Sasi — Life, Art, Activsim at thris­sur sahithya acad­e­mi hall march 14

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.