Web Desk

September 14, 2021, 8:25 pm

തലശ്ശേരി ജവഹര്‍ ഘട്ട്‌, മൊറാഴ, മട്ടന്നൂര്‍: സെപ്റ്റംബര്‍ 15ന്റെ ചെറുത്തുനില്പ്

Janayugom Online

രണ്ടാംലോക മഹായുദ്ധ കാലം. 40 കോടിയിലേറെ വരുന്ന ഇന്ത്യാക്കാരുടെ താല്‍പ്പര്യങ്ങളെ പരിഗണിക്കാതെ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം രാജ്യത്തെ യുദ്ധത്തില്‍ പങ്കാളിയാക്കിയതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ അറിവോ അനുമതിയോ കൂടാതെ നിര്‍ബന്ധപൂര്‍വ്വം രാജ്യത്തെ യുദ്ധത്തിലേക്ക്‌ വലിച്ചിഴക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി ആഹ്വാനം ചെയ്‌തു.കേരളാ പ്രദേശ്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി അന്ന്‌ ഇടതുപക്ഷത്തിന്റെ കയ്യിലായിരുന്നു. അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലാകെ പ്രതിഷേധം സംഘടിപ്പിക്കാന്‍ കെ.പി.സി.സി. തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ്‌ പോലീസും പട്ടാളവും സന്നദ്ധമായത്‌. അതേതുടര്‍ന്ന്‌ 1940 സപ്‌തംബര്‍ 15 മര്‍ദ്ദനപ്രതിഷേധ ദിനമായി ആചരിക്കാന്‍ കെ.പി.സി.സി. ആഹ്വാനം ചെയ്‌തു. പ്രതിഷേധദിനത്തെയും മര്‍ദ്ദനത്തിലൂടെ നേരിടാന്‍ അധികാരികള്‍ തീരുമാനിച്ചതിന്റെ ഫലമായി പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെ.പി.സി.സി. സെക്രട്ടറിയായിരുന്ന കെ. ദാമോദരന്‍ നിരോധനാജ്ഞ ലംഘിക്കാന്‍ അണികളെയും ബഹുജനങ്ങളെയും ആഹ്വാനം ചെയ്‌തു.

 

അന്ന് തലശ്ശേരിയില്‍ കോരിച്ചൊരിയുന്ന മഴയായിരുന്നു. എന്നിട്ടും പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട്‌ കര്‍ഷകരും തൊഴിലാളികളും ചെറുജാഥകളായി പ്രതിഷേധയോഗം ചേരാന്‍ നിശ്ചയിച്ചിരുന്ന തലശ്ശേരി ജവര്‍ഘട്ട്‌ കടപ്പുറത്തേക്ക്‌ ഒഴുകിയെത്തി.ഈ സമയം കോണ്‍ഗ്രസ്സ്‌ ഓഫീസിലെത്തിയ ജോയന്റ്‌ മജിസ്‌ട്രേറ്റും പോലീസും നിരോധനാജ്ഞയുള്ളതിനാല്‍ പൊതുയോഗം നടത്തരുതെന്ന്‌ നിര്‍ദ്ദേശിച്ചു. എന്നാല്‍ കെ.പി.സി.സി. ആഹ്വാനം അനുസരിച്ചുള്ള പൊതുയോഗം ചേരുകതന്നെ ചെയ്യുമെന്ന്‌ നേതാക്കള്‍ മറുപടി നല്‍കി. ക്ഷുഭിതരായ പോലീസ്‌, ഓഫീസിലുണ്ടായിരുന്ന നേതാക്കളെ മുഴുവന്‍ അറസ്റ്റ്‌ ചെയ്‌ത്‌ കൂത്തുപറമ്പിലേക്ക്‌ കൊണ്ടുപോയി. അവിടെവെച്ച്‌ റിമാന്റ്‌ ചെയ്‌ത്‌ തടങ്കലിലടച്ചു. ഓഫീസിലെത്തി പോലീസ്‌ സംസാരിക്കുന്നതിനിടയില്‍ പി.കെ. മാധവന്‍ പി.കെ. കൃഷ്‌ണന്‍ എന്നിവര്‍ പിറകുവശത്തെ മതില്‍ചാടി ജവഹര്‍ഘട്ടിലേക്ക്‌ പോയിരുന്നു. ജവഹര്‍ഘട്ടില്‍ തിങ്ങിക്കൂടിയ ജനങ്ങളോട്‌ പി.കെ. മാധവന്‍ പ്രസംഗിച്ചു. ഈ സമയമാകുമ്പോഴേക്കും പോലീസ്‌ രംഗത്തെത്തി യോഗം നടത്തരുതെന്ന്‌ ആവശ്യപ്പെട്ടു. യോഗം നടത്തുമെന്ന്‌ പ്രകടനക്കാര്‍ വിളിച്ചുപറഞ്ഞപ്പോള്‍ പോലീസ്‌ ലാത്തിവീശി. പലരും അടിയേറ്റ്‌ വീണു. പ്രകടനത്തിന്‌ എത്തിയവര്‍ പോലീസിനുനേരെ തിരിഞ്ഞു. തുടര്‍ന്ന്‌ പോലീസ്‌ വെടിവെപ്പ്‌ ആരംഭിച്ചു. 18 റൗണ്ട്‌ വെടിയുതിര്‍ത്തു എന്നാണ്‌ ചരിത്രം. അദ്ധ്യാപകനായ അബുവും ബീഡിത്തൊഴിലാളിയായ ചാത്തുക്കുട്ടിയും ജവഹര്‍ഘട്ടില്‍ തന്നെ മരിച്ചുവീണു. ടി.വി. അച്ചുതന്‍നായര്‍ തലനാരിഴയ്‌ക്കാണ്‌ മരണത്തില്‍ നിന്നും രക്ഷപെട്ടത്‌.


ഇതുംകൂടി വായിക്കുക: സിപിഐയുടെ 95 വർഷങ്ങൾ നീണ്ട വിപ്ലവ യാത്ര


1919 ജൂലായ്‌ 15 ന്‌ ജനിച്ച അബു 21 ാം വയസ്സിലാണ്‌ രാജ്യവിമോചന പോരാട്ടത്തില്‍ രക്തസാക്ഷിയായത്‌. ധര്‍മ്മടം വില്ലേജില്‍ പാലയാട്‌ പുതിയപറമ്പന്‍ കുഞ്ഞിരാമന്റെയും മുളിയില്‍ താലയുടെയും മൂന്നാമത്തെ മകനായ ചാത്തുക്കുട്ടി 1922 ലാണ്‌ ജനിച്ചത്‌. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പത്രം വില്‍പ്പനക്കാരനായി. പിന്നീടാണ്‌ ബീഡിത്തൊഴിലാളിയായത്‌. ജവഹര്‍ഘട്ട് സംഭവത്തെ തുടര്‍ന്ന്‌ നിരവധി പേര്‍ക്ക്‌ ഗുരുതരമായ പരുക്കേറ്റു. പോലീസ്‌ ഇവരെയടക്കം പ്രതിചേര്‍ത്ത്‌ പ്രമാദമായൊരു കേസും ചാര്‍ജ്ജുചെയ്യുകയുണ്ടായി. ടി.യു. രാമുണ്ണി, സി.എന്‍. ബാലന്‍, കുനിയില്‍ കൃഷ്‌ണന്‍, എ.വി. പത്മനാഭന്‍, ടി.സി. ഉമ്മന്‍, സി.വി. കരുണാകരന്‍ നായര്‍ തുടങ്ങി ഇരുപതോളംപേരെ ആറുമാസം മുതല്‍ മൂന്നുകൊല്ലം വരെ ശിക്ഷിച്ചു. സാമ്രാജ്യവിരുദ്ധ പോരാട്ടത്തില്‍ തിലകക്കുറിയായി തലശ്ശേരിയിലെ ജവഹര്‍ഘട്ട്‌ വേറിട്ടുനില്‍ക്കുന്നു.

മോറാഴ

 

പ്രതിഷേധദിനത്തിന്റെ ഭാഗമായി ചിറക്കല്‍ താലൂക്കിലെ കീച്ചേരിയില്‍ പ്രതിഷേധ ദിനാചരണത്തോടൊപ്പം കര്‍ഷകസമ്മേളനവും നടത്താന്‍ തീരുമാനിച്ചിരുന്നു. സപ്‌തംബര്‍ 15 ന്‌ രാവിലെ മുതല്‍തന്നെ ചെറുജാഥകള്‍ കീച്ചേരിയിലേക്ക്‌ പുറപ്പെട്ടു. വളപട്ടണം പോലീസ്‌ എസ്‌.ഐ. കുട്ടികൃഷ്‌ണമേനോനും സംഘവും കീച്ചേരിയിലെത്തി, തുടര്‍ന്ന്‌ നിരോധന ഉത്തരവുണ്ടായി. നേതാക്കള്‍ ഉത്തരവ്‌ ബാധകമല്ലാത്ത മോറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക്‌ പ്രകടനവും സമ്മേളനവും മാറ്റി. വിഷ്‌ണുഭാരതീയന്റെ അദ്ധ്യക്ഷതയില്‍ 4 മണിയോടെ അഞ്ചാംപീടികയില്‍ പൊതുയോഗം ആരംഭിച്ചു. ഈ സമയം വളപട്ടണം എസ്‌.ഐ. കുട്ടികൃഷ്‌ണമേനോന്‍ തളിപ്പറമ്പ്‌ മജിസ്‌ട്രേറ്റിനെയും കൂട്ടി അവിടെയെത്തി. പ്രകടനവും പൊതുയോഗവും നിരോധിച്ചതായി പ്രഖ്യാപിച്ചു. എന്നിട്ടും ജനം പിരിഞ്ഞുപോകാതെവന്നപ്പോള്‍ എസ്‌.ഐ.യുടെ നേതൃത്വത്തില്‍ ലാത്തിചാര്‍ജ്ജ്‌ തുടങ്ങി. പൊറുതിമുട്ടിയ ജനം കയ്യില്‍ കിട്ടിയ കല്ലും വടികളുമായി ചെറുത്തുനിന്നു. ജനങ്ങള്‍ക്കുനേരെ രണ്ടുതവണ പോലീസ്‌ വെടിവെച്ചു. ജനം പിരിഞ്ഞുപോകാതെ ഉറച്ചുനിന്നു. ഇതിനിടയില്‍ കല്ലേറുകൊണ്ട്‌ കുഴഞ്ഞുവീണ എസ്‌.ഐ. കുട്ടികൃഷ്‌ണമേനോന്‍ അവിടത്തന്നെ മരിച്ചു. പരിക്കേറ്റ ഹെഡ്‌ കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാര്‍ പിന്നീട്‌ ആശുപത്രിയില്‍വെച്ചും മരിച്ചു. നാല്‌പത്‌ പേരെ പ്രതിചേര്‍ത്താണ്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌.

 

ഒരു കൊല്ലത്തോളം നീണ്ടുനിന്ന കേസില്‍ മദ്രാസ്‌ ഹൈക്കോടതി 14 പേരൊഴികെ എല്ലാവരെയും വിട്ടയച്ചു. കെ.പി.ആര്‍. ഗോപാലനെ വധശിക്ഷയ്‌ക്ക്‌ വിധിച്ചെങ്കിലും ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്‌തു. സംഘബോധവും ഇച്ഛാശക്തിയുമായി ഒത്തുചേരുന്നവര്‍ ഏത്‌ മര്‍ദ്ദനമുറകളിലും തളരില്ലെന്ന്‌ തെളിയിച്ച സംഭവമായിരുന്നു മോറാഴയില്‍ 1940 സപ്‌തംബര്‍ 15 ന്‌ നടന്നത്‌.


ഇതുംകൂടി വായിക്കുക:വിപ്ലവ വീഥിയിലെ വീരഗാഥ


മട്ടന്നൂര്‍, കൂത്തുപറമ്പ്‌

 

മട്ടനൂരിലെ മൈതാനിയില്‍ പലഭാഗത്തുനിന്നുള്ളവര്‍ ഒത്തുകൂടി. അവിടെ നിരോധനം ഉണ്ടായിരുന്നുവെങ്കിലും പി. ശങ്കരന്‍നമ്പ്യാര്‍ പ്രസംഗം തുടങ്ങി. ഉടന്‍ തന്നെ പോലീസ്‌ ലാത്തിചാര്‍ജ്ജ്‌ നടത്തി. എങ്കിലും ജനം പിരിഞ്ഞുപോയില്ല. തുടര്‍ന്ന്‌ പോലീസ്‌ ജനങ്ങള്‍ക്കുനേരെ നിറയൊഴിച്ചു. സഹികെട്ട ജനങ്ങള്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. ആ ഏറ്റുമുട്ടലില്‍ പരുക്കേറ്റ പോലീസുകാരന്‍ പിന്നീട്‌ ആശുപത്രിയില്‍ മരണപ്പെട്ടു. 60 പേരെ പ്രതിചേര്‍ത്ത്‌ ഈ സംഭവത്തില്‍ കേസെടുത്തു. ഇവരില്‍ ഏഴു പേരെ ജീവപര്യന്തം തടവിനാണ്‌ ശിക്ഷിച്ചത്‌. തലശ്ശേരിയില്‍ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായ വാര്‍ത്തയറിഞ്ഞ്‌ പ്രക്ഷുബ്‌ധാവസ്ഥയിലായിരുന്നു കൂത്തുപറമ്പില്‍ ജനങ്ങള്‍ ഒത്തുചേര്‍ന്നത്‌. പോലീസ്‌ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും യോഗം തടഞ്ഞില്ല. പത്തലായി കുഞ്ഞിക്കണ്ണന്‍, ഗോപാലന്‍ നമ്പ്യാര്‍, കെ.ടി. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗാനന്തരം നടത്തിയ ജാഥയുടെ ഒടുവിലാണ്‌ പോലീസ്‌ ലാത്തിചാര്‍ജ്ജും മര്‍ദ്ദനവുമുണ്ടായത്‌. കുറേപേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. ഏഴുപേരെ പ്രതിചേര്‍ത്ത്‌ കേസെടുത്തു. ഒളിവില്‍പോയി പിടികൊടുക്കാതിരുന്ന ടി.കെ. രാജു ഒഴികെ മറ്റുള്ളവരെ 9 മാസം തടവിന്‌ ശിക്ഷിച്ചു.

Eng­lish Sum­ma­ry : Remem­ber­ing Morazha-Mat­tan­nur upris­ing of Indi­an Com­mu­nist Party

You may also like this video :