Monday
24 Jun 2019

മായാതെ ഒരേടിലേക്ക് സൗമ്യതയുടെ നിറപുഞ്ചിരി

By: Web Desk | Monday 11 June 2018 9:38 PM IST


സ്വാതന്ത്ര്യ സമരം കത്തിയാളുന്ന കാലം; അന്തിക്കാട്ടെയും ആമ്പല്ലൂരിലെയും പോലെ തൃശൂരില്‍ സീതാറാം ടെക്‌സ്‌റ്റൈല്‍സ് മില്ലും രാഷ്ട്രീയ കേരളത്തിന്റെ സമരക്കളരിയായിരുന്നു. ഇവിടെയാണ് സാധാരണ ഒരു തൊഴിലാളിയായി ആ കൗമാരക്കാരന്‍ ചേരുന്നത്. കുഞ്ഞുന്നാളിലെ അച്ഛന്‍ മരണപ്പെട്ടു. അമ്മയായിരുന്നു എല്ലാം. പ്രാരാബ്ധങ്ങളും പ്രതിസന്ധികളും പിന്തുടര്‍ന്ന സാധാരണ കുടുംബം. കുടുംബത്തിന്റെ അത്താണിയായി പതിനാലാം വയസില്‍ ടെക്‌സ്റ്റൈല്‍സ് മില്ലിലെ തൊഴിലാളിയായെത്തുമ്പോള്‍ അവിടത്തെ മറ്റുജീവനക്കാര്‍ ആരും കരുതിയില്ല ഇദ്ദേഹം തങ്ങളുടെയെല്ലാം അത്താണിയായി മാറുമെന്ന്. അതെ, പൂങ്കുന്നത്തെ അയിനിവളപ്പില്‍ മാധവന്റെയും ലക്ഷ്മിയുടെയും മകനായ പരമന്‍ സീതാറാമിലെ മാത്രമല്ല, കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയാകെ ആശ്രയമായി മാറി; എല്ലാവരുടെയും പ്രിയപ്പെട്ട പരമേട്ടനായി. ആ സ്‌നേഹത്തിന്റെ മുന്നില്‍ മരണം പോലും അകന്നകന്ന് നില്‍ക്കുകയായിരുന്നു. സൗമ്യതയുടെ നിറപുഞ്ചിരി വിരിയുന്ന മുഖവും കാരിരുമ്പിന്റെ കരുത്തുള്ള മനസുമുള്ള ആ നേതാവിനെ കക്ഷിരാഷ്ട്രീയഭേദമന്യേ സമുന്നത സ്ഥാനം നല്‍കി മനസേല്‍ക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എഐടിയുടെയും തീരുമാനങ്ങളും പരിപാടികളും തിരക്കിയും തിരുത്തിയും 92 -ാം വയസിലും പരമേട്ടന്‍ കേരളത്തിലെ പാര്‍ട്ടിയുടെ കാരണവരായി നിലകൊണ്ടുവന്നു.

കൗമാരം കൊണ്ടെത്തിച്ചത് സമരക്കളരിയിലേക്ക്

സീതാറാം മില്ലാണ് എ എം പരമനെന്ന പരമേട്ടന്റെ കൗമാരം. ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളുടെ സമര ചരിത്രമാണ് പരമേട്ടന്റെ സീതാറാം മില്‍ ജീവിതം. തൊഴിലാളിയായി മില്ലില്‍ ജോലി ആരംഭിക്കുകയും ചിരേണ യൂണിയന്‍ നേതാവായും മില്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. മില്‍ വഴിയില്‍ താമസിക്കുന്ന പരമന്റെ ജീവിതത്തില്‍ സീതാറാം മില്ലിനുള്ള സ്ഥാനം അദ്വിതീയമാണ്. കൊച്ചിരാജ്യത്തെ ആദ്യത്തെ ടെക്സ്റ്റയില്‍സ് മില്ലായ സീതാറാം മില്‍ 1907ലാണ് സ്ഥാപിക്കുന്നത്. മൂര്‍ക്കനിക്കര സ്‌കൂളിലെ പഠനം കഴിഞ്ഞ ഉടനെ, 1942 ല്‍ പരമേട്ടന്‍ സീതാറാം മില്ലില്‍ ജോലിയില്‍ പ്രവേശിച്ചു. 1935ല്‍ കെ കെ വാരിയര്‍, പി എ സോളമന്‍, വി ടി ഇന്ദുചൂഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ സീതാറാമില്‍ ഒരു യൂണിയന്‍ ഉണ്ടാക്കിയെങ്കിലും അതിന് അധികകാലം നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. 1944-45 കാലത്താണ് സീതാറാം മില്‍ എഐടിയുസി യൂണിയന്‍ സ്ഥാപിക്കുന്നത്. ധാരാളം സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പേരും ഈ സംഘടനയില്‍ ചേര്‍ന്നു. ജോലി സമയം ക്ലിപ്തപ്പെടുത്തണമെന്നും വേതന വര്‍ദ്ധനവ് വരുത്തണമെന്നാവശ്യപ്പെട്ടും യൂണിയന്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കി. അപ്പോഴാണ് കെ കരുണാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുയായികളെയും രാജിവെപ്പിച്ച് ഐഎന്‍ടിയുസി യൂണിയന്‍ ഉണ്ടാക്കിയത്. ഈ സമയത്താണ് കരുണാകരനെ ‘കരിങ്കാലി കരുണാകരന്‍’ എന്ന് കെ കെ വാര്യര്‍ പേരിട്ടത്.

തൃശൂര്‍ ജില്ലയില്‍ പിന്നീട് സ്ഥാപിക്കപ്പെട്ട ടെക്സ്റ്റയില്‍ സ്ഥാപനങ്ങളില്‍ എഐടിയുസി യൂണിയനുകള്‍ രൂപീകരിക്കാന്‍ നേതൃത്വനിരയില്‍ നിന്നും പ്രവര്‍ത്തിച്ചത് പരമേട്ടനാണ്. തമിഴ്‌നാട്ടിലെ മില്‍ ഉടമകളാണ് തൃശൂരില്‍ തുണിമില്ലുകള്‍ ആരംഭിച്ചത്. 1950ലാണ് പൊങ്ങണംകാട് നഞ്ചപ്പചെട്ടിയാര്‍ വനജ മില്‍ ആരംഭിച്ചത്. 1958ല്‍ കോദണ്ഡരാമയ്യര്‍ മുളകുന്നത്തുകാവില്‍ രാജഗോപാല്‍ മില്‍സ് സ്ഥാപിച്ചു. 1960ല്‍ കാരിമുത്തു പുല്ലഴിയില്‍ കേരള മില്‍സും ഇതിനുശേഷം മധുരയിലെ ചെട്ടിയാര്‍ കൊരട്ടിയില്‍ മധുര കോട്ട്‌സും സ്ഥാപിച്ചു. തൃശൂരിലെ നായര്‍ പ്രമാണിയായ കിഴക്കുവീട്ടില്‍ ബാലകൃഷ്ണമേനോനാണ് നാട്ടികയില്‍ ട്രിച്ചൂര്‍ കോട്ടണ്‍ മില്‍സ് ആരംഭിച്ചത്. ഈ ടെക്‌സ്റ്റയില്‍ മില്ലുകളിലെല്ലാം പലകാലത്തും പ്രസിഡന്റായി എ എം പരമന്‍ പ്രവര്‍ത്തിച്ചട്ടുണ്ട്. ടെക്സ്റ്റയില്‍ മേഖലയെകുറിച്ച് ആധികാരികമായി പഠിച്ച് തൊഴിലാളി തര്‍ക്കങ്ങളില്‍ സമര്‍ഥമായി വാദഗതി അവതരിപ്പിക്കാന്‍ പരമന് അസാധാരണമായ കഴിവുണ്ടായിരുന്നു. വഴിമുട്ടി നില്‍ക്കുന്ന പലചര്‍ച്ചകളിലും സ്വീകാര്യവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാറുള്ളത് പരമനാണ്. വിവിധ ട്രേഡ് യൂണിയനുകളും മില്‍ ഉടമകളും പരമന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളാണ് അംഗീകരിക്കാറുള്ളത് എന്നതൊരു വാസ്തവമാണ്.

കെ കരുണാകരനെന്ന എതിരാളിയും ആത്മമിത്രവും

മില്ലിലെ യൂണിയനുകള്‍ തമ്മിലുള്ള പോരില്‍ കരുണാകരനുമായി നിരവധി തവണ കൊമ്പുകോര്‍ക്കേണ്ടിവന്ന എ എം പരമന് പക്ഷെ, അദ്ദേഹം ആത്മമിത്രമായിരുന്നു. കരുണാകരന്‍ ഐഎന്‍ടിയുസി യൂണിയന്‍ സെക്രട്ടറിയും എ എംപരമന്‍ എഐടിയുസി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയും ആയിപ്രവര്‍ത്തിച്ചകാലം. നിരന്തര സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്ന സമയം. തൊഴില്‍സമരങ്ങളും സമരങ്ങള്‍ പരാജയപ്പെടുത്താനുള്ള എതിര്‍ സംഘടനകളുടെ ശ്രമങ്ങളും എല്ലാം ചേര്‍ന്നതായിരുന്നു ഇത്. തീപാറുന്ന യോഗങ്ങളായിരുന്നു നടന്നിരുന്നത്. രണ്ടുസംഘടനയില്‍പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ പരസ്പരം മിണ്ടുകപോലും ചെയ്യാത്തക്കാലം. ഇവിടെനിന്നാണ് കരുണാകരനും പരമനും സൗഹൃദത്തിന്റെ വിത്തിട്ട് മുളപ്പിച്ചതെന്നോര്‍ക്കണം. ഈ ബന്ധം ഓരോപിറന്നാളിനും ഗുരുവായൂരിലെത്തുമ്പോള്‍ കരുണാകരന്‍ എ എം പരമനുമായി ഫോണ്‍വഴി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സീതാറാം മില്ലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തൊഴിലാളി പ്രതിനിധികളായി ആദ്യം എത്തിയത് കരുണാകരനും പരമനും ആയിരുന്നു. കരുണാകരന്റെ കുടുംബവുമായും ഇത്തരത്തിലൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. വീട്ടിലെത്തിയ പരമനെചൂണ്ടി ‘ഇവരാണ് എന്നെ കരിങ്കാലിയെന്നുവിളിക്കുന്നതെന്നു’ കരുണാകരന്‍ ഭാര്യ കല്യാണിക്കുട്ടിയമ്മയോടു പറയുമായിരുന്നു. ഒരേസമയം എതിര്‍ത്തും സ്‌നേഹിച്ചും മുന്നോട്ടുപോയ രാഷ്ട്രീയ ജിവിതങ്ങളായിരുന്നു ഇവ. കരുണാകരന്റെ അന്ത്യം വരെ രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദം കാത്തുസൂക്ഷിച്ചു.

മുന്‍ എംഎല്‍എയായ ഒരു കൗണ്‍സിലര്‍

എംഎല്‍എയും എംപിയും മന്ത്രിയും ആയാലുണ്ടായേക്കാവുന്ന ചെറിയ ചെറിയ വലിപ്പങ്ങള്‍ പരമേട്ടനിലുണ്ടായില്ലെന്നത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാണ്. എംഎല്‍എ പദവിക്ക് മുമ്പും പിമ്പും നഗരസഭയിലെ കൗണ്‍സിലറായി ജനസേവനം നടത്തിയ കേരളത്തിലെ ഒരേയൊരു നേതാവ് എ എം പരമനാണ്. 24 വര്‍ഷമാണ് പരമേട്ടന്‍ തൃശൂര്‍ നഗരസഭയുടെ കൗണ്‍സിലറായിരുന്നത്. യുഡിഎഫ് ഭരണകാലത്ത് സര്‍വരുടെയും പിന്തുണയോടെ ഇടത് അംഗമായ എ എം പരമന്‍ തൃശൂര്‍ നഗരസഭയുടെ ഏക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

കരുണാകരനോടെന്ന പോലെ ഇതര രാഷ്ട്രീയ കക്ഷികളുടെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും നേതൃത്വമായും അണികളുമായും പരമേട്ടന് വലുപ്പചെറുപ്പമില്ലാത്ത അടുപ്പമായിരുന്നു. 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണി സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനം വൈകിയാണ് വന്നത്. പുതിയൊരു സീറ്റുകൂടി വേണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തിന് മുന്നണി അനുമതി നല്‍കിയത് മണ്ഡലങ്ങളെല്ലാം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതിന് ശേഷമാണ്. ജില്ലയിലെ യുഡിഎഫ് കുത്തക മണ്ഡലമായ ഒല്ലൂരാണ് പുതിയതായി അനുവദിച്ചത്. മുന്നണി തീരുമാനം സംസ്ഥാന സെന്ററില്‍ നിന്ന് തൃശൂരിലേക്ക് വിളിച്ചറിയിച്ച് വൈകാതെ എ എം പരമനെന്ന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ തന്നെ എതിരാളികളുടെ കോട്ട തകരുകയായിരുന്നു. നാല് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പരമേട്ടന്റെ എതിര്‍പ്പിനെയും മറികടന്നാണ് അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിന്റെ വികാരം നേരിയ വോട്ടിന് പരമേട്ടനെയും പരാജയപ്പെടുത്തി.
വികസനം നടപ്പാക്കാന്‍ അമ്പതുവര്‍ഷം മുന്നോട്ടുചിന്തിച്ചുവേണം എന്നായിരുന്നു എ എം പരമന്റെ നിലപാട്. ഇതിന്റെ ഗുണങ്ങള്‍ തൃശൂരും പൂങ്കുന്നവും ഇപ്പോഴും അനുഭവിക്കുന്നുവെന്നത് സാക്ഷ്യം.

കരുണാകരന്‍നമ്പ്യാര്‍ റോഡ് വികസനം പരമേട്ടന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഇത്രയധികം വീതിയില്‍ റോഡുപണിതതിനു അന്നു എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇന്നും മികച്ച റോഡുകളിലൊന്നായി ഇതു നിലകൊള്ളുന്നു. വടക്കേസ്റ്റാന്റിന്റെ നിര്‍മ്മാണം, മുനിസിപ്പല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം, ശക്തന്‍നഗര്‍ നിര്‍മ്മാണം എന്നിവയിലെല്ലാം എ എം പരമന്റെ പ്രചോദനമുണ്ട്. പൂരം പ്രദര്‍ശനം നഗരസഭയുടെ മേല്‍നോട്ടത്തിലായിരുന്നു. നഗരസഭയുടെ വക പ്രദര്‍ശനം നഷ്ടമായതോടെ നിര്‍ത്തുമെന്ന ഘട്ടത്തിലെത്തി. ഇതോടെ പ്രദര്‍ശന ചുമതല ദേവസ്വങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ത്തി പരമേട്ടന്‍ രംഗത്തുവന്നു. ഇന്ന് ലക്ഷങ്ങളുടെ ലാഭത്തോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഏകീകരണത്തോടെ പൂരം പ്രദര്‍ശന കമ്മിറ്റി ഇതിനെ മാറ്റിയെടുത്തതോടെ പരമേട്ടനെന്ന കമ്യൂണിസ്റ്റുകാരന്റെ ധാരണ തെറ്റിയില്ലെന്ന് സമ്മതിക്കേണ്ടിവന്നു.

എണ്ണിയാലൊടുങ്ങാത്ത യൂണിയനുകളുടെ നേതാവ്

പതിനാലാം വയസുമുതല്‍ തൊഴിലാളികളുടെ സ്പന്ദനങ്ങള്‍ അറിഞ്ഞ 78 വര്‍ഷമാണ് പരമേട്ടനെന്ന നേതാവിന്റേത്. ഏതെല്ലാം യൂണിയനുകളുടെ പ്രസിഡന്റും സെക്രട്ടറിയുമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്നത് എണ്ണിയാലൊടുങ്ങില്ല. ഓര്‍ത്തെടുക്കാന്‍ പോലും ആര്‍ക്കുമാവില്ല. 1930-കളില്‍ ലേബര്‍ബ്രദര്‍ഹുഡ് എന്ന സംഘടനസ്ഥാപിച്ച കെ കെ വാര്യരായിരുന്നു പരമേട്ടന്റെ പ്രചോദനശക്തി. സീതാറാം മില്ലിലും മുളങ്കുന്നത്തുകാവ് രാജഗോപാല്‍ മില്ലിലുമാണ് പരമേട്ടന്റെ ആദ്യ കളരി. തൊഴിലാളിസംഘടന പ്രവര്‍ത്തനത്തിന്റെ നഴ്‌സറിയായിരുന്നു ഇവ എന്നുവേണം പറയാന്‍. കേരളത്തില്‍ ആദ്യമായി ആശുപത്രി തൊഴിലാളികളെ സംഘടിപ്പിച്ചതും പരമേട്ടനായിരുന്നു. നഗരസഭാ ശുചീകരണ തൊഴിലാളികളെയും ഒരു കൊടിക്കീഴില്‍ കൊണ്ടുവന്നു. ടെക്‌സ്റ്റൈല്‍സ് മേഖലയിലായിരുന്നു കാര്യമായപ്രവര്‍ത്തനമെങ്കിലും നിരവധി മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. കച്ചവടസ്ഥാപനങ്ങളിലെ തൊഴിലാളികള്‍, മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍, തഴപ്പായനെയ്ത്തുകാര്‍, തോട്ടംതൊഴിലാളികള്‍, ഓട്ടുകമ്പനി തൊഴിലാളികള്‍ ഇങ്ങനെ വിവിധ തരം തൊഴിലാളികളുടെ ഇടയില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചു. നിരവധി സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചു. പൂങ്കുന്നം സീതാറാം മില്ലില്‍ തുടങ്ങിയ തൊഴിലാളിരാഷ്ട്രീയ പ്രവര്‍ത്തനം എഐടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ് സ്ഥാനം വരെ ഉയര്‍ന്നു. ജോയിന്റ് സെക്രട്ടറി, വര്‍ക്കിങ് കമ്മറ്റി അംഗം എന്നീ നീലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഏറെക്കാലം എഐടിയുസി ജില്ല സെക്രട്ടറിയായും പ്രസിഡന്റുമായിരുന്നു. രാജഗോപാല്‍മില്‍, വനജമില്‍, ലക്ഷ്മിമില്‍, അളഗപ്പടെക്‌സ്റ്റൈല്‍സ്, നാട്ടിക കോട്ടണ്‍മില്‍ തുടങ്ങിയവയിലൊക്കെ തൊഴിലാളിപ്രസ്ഥാനം വളര്‍ത്തുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി.
ഏതുതൊഴിലാളിക്കും ഏതുസമയവും കടന്നുചെല്ലാവുന്ന ഇടമായിരുന്നു പരമേട്ടന്റെ വീട്. പരിഹരിക്കപ്പെടാനാവാത്ത തൊഴില്‍ പ്രശ്‌നങ്ങളുമായാണ് തൊഴിലാളികള്‍ പരമേട്ടനെ തേടിയെത്തുക. പരമേട്ടന്‍ ഇല്ലെങ്കില്‍ പോലും ചെല്ലുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കി പരമേട്ടന്റെ അമ്മ അവര്‍ക്കെല്ലാം തണലേകും. വിവിധ തലമുറയില്‍പെടുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി വന്നതും ഈ വീട്ടില്‍ തന്നെയായിരുന്നു. എല്ലാറ്റിലും സൗമ്യതയായിരുന്നു പരമേട്ടന്റെ മുഖമുദ്ര.