Saturday
14 Dec 2019

ഇടതുപക്ഷത്തിന്റെ ദാര്‍ശനിക നേതൃത്വം

By: Web Desk | Tuesday 2 July 2019 10:35 PM IST


കേരള ജനതയെ ജ്ഞാനത്തിലേക്കും കര്‍മ്മങ്ങളിലേക്കും ആനയിച്ച താത്വികാചാര്യനാണ് കെ ദാമോദരന്‍. മലയാളിയുടെ സൈദ്ധാന്തിക മണ്ഡലങ്ങളില്‍ അദ്ദേഹം ഉയര്‍ത്തിവിട്ട സംവാദനങ്ങളുടെ മഹാപ്രവാഹങ്ങള്‍ ഇന്നും അപ്രസക്തമാവാതെ ഇരമ്പിക്കൊണ്ടിരിക്കുന്നു. കേരളത്തെ സൃഷ്ടിച്ച തിളച്ചു മറിയുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദാര്‍ശനിക നേതൃത്വം എന്ന നിലയില്‍ കെ ദാമോദരന്റെ വ്യക്തിത്വം സമുജ്ജ്വല പ്രഭാവത്തോടെ നിറഞ്ഞു നിന്നിരുന്നു. കെ ദാമോദരന്റെ 42-ാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്.
ഏറനാട്ടിലെ വളരെ സമ്പന്നമായ കുടുംബത്തില്‍ ജനിച്ച കെ ദാമോദരന്‍ കോഴിക്കോട് സാമൂതിരി കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1931-ല്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ ഉപ്പ് നിയമലംഘന സമരത്തില്‍ പങ്കെടുക്കുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. ജയില്‍വാസം കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ കോളജില്‍ തുടര്‍പഠനം അനുവദിച്ചില്ല. അദ്ദേഹം കാശി വിദ്യാപീഠത്തില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. അവിടെവച്ച് ഇന്ത്യന്‍ പുരോഗമന സാഹിത്യത്തിന്റെ കുലപതിയായ മുന്‍ഷി പ്രേംചന്ദിനെ പരിചയപ്പെട്ടതാണ് കെ ദാമോദരന്റെ ജീവിതത്തിലെ വഴിത്തിരിവ്. കാശി വിദ്യാപീഠത്തിലെ അളവറ്റ ഗ്രന്ഥശേഖരത്തില്‍ നിന്ന് പുരോഗമന ആശയങ്ങളും മാര്‍ക്‌സിയന്‍ ചിന്തയും അദ്ദേഹം സ്വായത്തമാക്കി. അവിടത്തെ പഠനകാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് സഖാക്കളുമായി ബന്ധപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പാര്‍ട്ടി തീരുമാനം അനുസരിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിനായി കോഴിക്കോട്ട് മടങ്ങിയെത്തി. 1937-ല്‍ സിപിഐ ജനറല്‍ സെക്രട്ടറി എസ് വി ഘാട്ടെ പാര്‍ട്ടി ഘടകം കേരളത്തില്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് വിളിച്ചുചേര്‍ത്തവരില്‍ കെ ദാമോദരന്‍, പി കൃഷ്ണപിള്ള, എന്‍ സി ശേഖര്‍, ഇഎംഎസ് എന്നിവരാണ് ഉണ്ടായിരുന്നത്. ഈ ആലോചനാ യോഗത്തിന്റെ ഫലമായാണ് 1939-ലെ പിണറായി പാറപ്പുറത്ത് നടന്ന സമ്മേളനം.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് മലബാറില്‍ തുടക്കമിട്ടത് കെ ദാമോദരനായിരുന്നു. തൊഴിലാളി സംഘടനാ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്ത കെ ദാമോദരന്‍ പൊലീസ് മര്‍ദ്ദനങ്ങള്‍ക്കും ഏഴു വര്‍ഷം നീണ്ട ജയില്‍വാസത്തിനും ഇരയായി.
മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും ഭാരതീയ തത്വചിന്തയും ആധികാരികതയോടെ അവതരിപ്പിക്കാനും സന്ദര്‍ഭോചിതമായി വ്യാഖ്യാനിക്കാനുമുള്ള അപാര സിദ്ധി കെ ദാമോദരന് ഉണ്ടായിരുന്നു. നിശിതമായ വിമര്‍ശനത്തിന്റെ കുറിക്കുകൊള്ളുന്ന അസ്ത്രങ്ങള്‍കൊണ്ട് പ്രതിയോഗിയെ അസ്തപ്രജ്ഞനാക്കുന്ന അദ്ദേഹത്തിന്റെ തൂലിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദിശാബോധം നല്‍കുന്നതില്‍ വഹിച്ച പങ്ക് അതിമഹത്താണ്.
ഏത് ദര്‍ശനത്തിന്റേയും അടിസ്ഥാന ശിലയായി മനുഷ്യത്വത്തെ പ്രതിഷ്ഠിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കെ ദാമോദരന്റെ പ്രതിഭാ ശേഷിയുടെ നിറമാര്‍ന്ന സാക്ഷാത്കാരമാണ് പല ഭാഷകളിലേയും വിവര്‍ത്തനം ചെയ്യപ്പെട്ട് പ്രശസ്തമായ ‘മനുഷ്യന്‍’ എന്ന പഠന ഗ്രന്ഥം. മനുഷ്യന്‍ എന്ന ഒരേയൊരു സത്യത്തെ നിസ്തന്ത്രം അന്വേഷിച്ച ദീര്‍ഘയാത്രയായിരുന്ന കെ ദാമോദരന്റെ ജീവിതത്തെപ്പറ്റി ഒ എന്‍ വി എഴുതിയ കവിതയുടെ പേരും ‘മനുഷ്യന്‍’ എന്നാണ്.
തീക്ഷ്ണമായ നൈതിക ജാഗ്രതയോടെ മലയാളിയുടെ സമരോത്സുകതയ്ക്ക് മുനയും മൂര്‍ച്ചയും നല്‍കുകയായിരുന്നു കെ ദാമോദരന്‍. പ്രത്യയശാസ്ത്രംകൊണ്ട് ഒരു പ്രസ്ഥാനത്തിന് മുന്നേറാനുള്ള ചരിത്ര പാതകള്‍ വെട്ടിത്തുറന്ന ചിന്തകനും പോരാളിയുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടി, തൊഴിലാളി സമര സംഘാടകനായി മാറിയ കെ ദാമോദരന്‍ 1937-ല്‍ രചിച്ച ‘പാട്ടബാക്കി’ നാടകം അടിയാളരുടെ ദുര്‍വിധിയുടെ ശിരോരേഖയെ തിരുത്തിക്കുറിക്കുകയായിരുന്നു.
സാഹിത്യം, ധനതത്വം, നരവംശശാസ്ത്രം, ധാര്‍മ്മിക മൂല്യങ്ങള്‍, ദര്‍ശനം, മതങ്ങള്‍, ചരിത്രം എന്നിങ്ങനെ ഏത് വിഷയത്തെ വിലയിരുത്തുമ്പോഴും വര്‍ഗസമര മൂല്യത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. 1964-ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് മികച്ച ഒരു പാര്‍ലമെന്റേറിയന്‍ ആണെന്ന് തെളിയിച്ചു.

കെ ദാമോദരന്‍ അവസാനമായി നല്‍കിയ അഭിമുഖത്തില്‍ പറയുന്നു: ”ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ഭൂതകാലം മുഴുവന്‍ നിഷേധിക്കേണ്ട വീക്ഷണം ഞാന്‍ നിരാകരിക്കുന്നു. വൈരുധ്യങ്ങളും തെറ്റുകളുമെല്ലാമിരിക്കെത്തന്നെ, സോഷ്യലിസത്തിനും വിപ്ലവത്തിനും വേണ്ടി സമരം ചെയ്യുകയും സഹനമേല്‍ക്കുകയും ചെയ്ത നൂറുകണക്കിന്, ആയിരക്കണക്കിനുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയിലുണ്ട്. ഒട്ടനവധി കര്‍ഷക സമരങ്ങളും ട്രേഡ് യൂണിയന്‍ സമരങ്ങളും നടത്തിയ ഒന്നാംതരം കലാപകാരികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അനുഭവത്തെ ആകപ്പാടെ എഴുതിത്തള്ളിക്കൂടാ. രാജ്യത്തിന്റെ എല്ലാ കമ്മ്യൂണിസ്റ്റ് ശക്തികളേയും മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ യോജിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു”.

ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം ആവശ്യമായിരിക്കുന്നു. അതിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. വര്‍ഗീയതക്ക് എതിരെ ഉയര്‍ന്നുവരുന്ന ജനകീയ പ്രസ്ഥാനത്തിന് കെ ദാമോദരന്റെ സ്മരണ കരുത്തു പകരട്ടെ.

Related News