ആത്മപ്രണയത്തിന്‍റെ ഒപ്പുകടലാസ്

Web Desk
Posted on May 31, 2018, 9:41 pm
പ്രമേയങ്ങളെ മുദ്രാവാക്യങ്ങളാക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ മാധവിക്കുട്ടിയെ ഒരിക്കലും
കാണാനിടയില്ല. അകത്തളത്തിലെ ഏകാന്തതയിലും നഗരജീവിതത്തിന്റെ തിക്കിലും തിരക്കിലും
ഒറ്റപ്പെടുന്ന സ്ത്രീകളെക്കുറിച്ച് അവര്‍ എഴുതി. ജീവിതത്തിന്റെ ചൂടുള്ള അവരുടെ
കഥാനായികമാര്‍ പ്രണയം തേടി അലയുകയായിരുന്നു. ”ഞങ്ങള്‍ക്ക് സ്വന്ഥരായി
വിശ്രമിക്കുവാന്‍ ഒരിടമുണ്ടായിരുന്നില്ല. എങ്കിലും ആ വെയിലില്‍ കൈകോര്‍ത്തു നടന്നിരുന്ന
ഞങ്ങള്‍ ദേവലോകവാസികളായിരുന്നു. മനുഷ്യലോകത്തില്‍ വഴിതെറ്റി വന്നെത്തിയ ദൈവങ്ങള്‍.”

പി ജെ വര്‍ഗീസ് മലമേല്‍

മലയാള സാഹിത്യത്തിന് സമാനതകളില്ലാത്ത ആദരവും യശസ്സും നേടിത്തന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി. അപൂര്‍വമായ ഭാവനയില്‍ എല്ലാം തികഞ്ഞ് മലയാളത്തിന്‍റെ വിസ്മയമായി വിളങ്ങിയ വിദഗ്ധയായ കലാകാരി.
സ്ത്രീകള്‍ക്ക് ശക്തമായ ആന്തരികലോകം സമ്മാനിച്ച ഈ എഴുത്തുകാരി സ്‌നേഹത്തെ സൗന്ദര്യമായും സൗന്ദര്യത്തെ സ്‌നേഹമായും ആവിഷ്‌കരിച്ച് കപടസദാചാരത്തിന്‍റെ അരങ്ങില്‍ നില്‍ക്കാതെ അവഗണിക്കപ്പെട്ട ജീവിതത്തിന്‍റെ അണിയറയില്‍ നിന്നുകൊണ്ട് ഒരുപാട് കഥാപാത്രങ്ങളെ സൃഷ്ടിച്ചു.
ഭാവഭദ്രതയിലെന്നപോലെ രൂപഭദ്രതയിലും മാധവിക്കുട്ടിയുടെ രചനകള്‍ മികവാര്‍ന്നു നിന്നു. അവരുടെ ഓരോ രചനയും വ്യത്യസ്തമായിരുന്നു. ഒന്നും ആവര്‍ത്തിക്കുന്നില്ല. ഓരോ കഥയും നമ്മുടെ പിടിയില്‍നിന്ന് അകന്നുമാറിക്കൊണ്ടിരുന്നു. ഓരോ കൃതിയും വളരെ താഴ്ന്ന സ്വരത്തില്‍ ശ്രുതിയില്‍ ഏതോ വലിയ രഹസ്യം നമ്മോട് മന്ത്രിച്ചുകൊണ്ട് തെളിഞ്ഞും മറഞ്ഞും മാഞ്ഞുപോകുന്നു. വീണ്ടുമൊരു വലിയ സത്യമായി മടങ്ങിവരുന്നു. എല്ലാ കഥകളും നമ്മെ നൊമ്പരപ്പെടുത്തുന്നു. നമ്മെ അസ്വസ്ഥമാക്കുന്നു. കഥാപ്രപഞ്ചത്തിലെ ഇരുണ്ട നിഗൂഢതകളാണ് അവരുടെ ഓരോ രചനകളെയും ചൂഴ്ന്നുനില്‍ക്കുന്നത്. എന്നാല്‍ നമ്മുടെ പ്രതീക്ഷകള്‍ ഒരിക്കലും അസ്തമിക്കുന്നില്ല. എല്ലാ നൊമ്പരങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും അപ്പുറത്തുനിന്നുകൊണ്ട് സ്‌നേഹത്തിന്റെ നിത്യപ്രകാശം ആത്മാവിലേക്ക് പ്രസരിച്ച് തുടങ്ങും.
രാത്രിയില്‍ വിജനമായ തെരുവില്‍ മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന മുപ്പെത്താത്ത പഴമായിരുന്നു അവര്‍ക്ക് പ്രണയം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വെള്ളം, വായു, വെളിച്ചം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളെപ്പോലെതന്നെ സ്‌നേഹവും മറ്റൊരു അടിസ്ഥാനാവശ്യമായി ഈ എഴുത്തുകാരി കണക്കാക്കുന്നു. പുരുഷനോട് മാത്രം തോന്നിയ ഒരു വികാരമായിരുന്നില്ല അവര്‍ക്ക് പ്രണയം. പകിട്ടേറിയ വസ്ത്രങ്ങളെയും കമനീയ ആഭരണങ്ങളെയും സ്ഥലങ്ങളെയും വര്‍ണച്ചാര്‍ത്തണിഞ്ഞ പ്രകൃതിയെയും അവര്‍ പ്രണയിച്ചു. പുതുമഴയെയും, വേരുകള്‍ തേടുന്ന ഭൂമിയെയും ഇളംചൂടിനെയും മഞ്ഞുകാല സായാഹ്നത്തെയും തണുത്ത കാറ്റ് ചീറിയടിക്കുന്ന ജാലകച്ചില്ലുകളെയും അവര്‍ പ്രണയിച്ചു. സ്‌നേഹം തേടിയുള്ള യാത്രകള്‍ക്കിടയില്‍ പ്രണയത്തിന്‍റെ വഴിയമ്പലങ്ങളില്‍ ചെന്നെത്തി അവര്‍ പാഞ്ഞു: സ്‌നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണെന്ന്.
ജീവിതം ഹ്രസ്വവും പ്രണയം അതിനെക്കാള്‍ ഹ്രസ്വവുമായിരിക്കുന്നതെന്താണെന്ന് അവര്‍ ചിന്തിക്കുന്നു. ”ഓരോ സത്യവും ഓരോ ചോദ്യത്തിലൂടെയാണ് അവസാനിക്കുന്നത്. ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ വരുന്നതിനുമുമ്പ് നീങ്ങിപ്പോകുന്നവര്‍ ഭാഗ്യവാന്മാരാണ്. സന്ദേഹങ്ങളാല്‍ മാന്തിക്കീറലുകളേല്‍ക്കാതെ നീലനിശബ്ദതയില്‍ വസിക്കുന്ന സമര്‍ഥന്മാരാണവര്‍ ഈശ്വരന്. നമ്മുടെ സ്‌നേഹം വേണമെന്ന് വല്ല ഉറപ്പും ഉണ്ടോ? പ്രണയമെന്നാല്‍ ദൈവം തന്നെയാണ്. പ്രണയത്തിലൂടെ മാധവിക്കുട്ടി ദൈവത്തെയും തേടുകയായിരുന്നു. തന്‍റെ പുരുഷന്റെ സാന്നിധ്യത്തില്‍ ഒരു കാമുകന്‍റെ അഭാവം ശരിക്കും അനുഭവിച്ചറിഞ്ഞ അവര്‍ തന്‍റെ അനുഭവങ്ങളും ദുരന്തങ്ങളുമൊക്കെ ഏറ്റുപറയുന്നുണ്ട്. ‘ഞാന്‍ പാപിയാണ്, വിശുദ്ധയാണ് കാമുകിയാണ് വഞ്ചിക്കപ്പെട്ടവളാണ് ഏകാകിനിയും മദ്യപാനിയും അമ്മയും ഭാര്യയുമാണ്… തുടങ്ങി ഈ ലോകം ഉറയിലിട്ട വാളെന്നപോലെ പെണ്ണിനെ ഇറുക്കിവരിഞ്ഞു കെട്ടിയിരിക്കുകയാണ്. തന്‍റെ ബോധകലാപങ്ങളും പെണ്‍ജന്മവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുടരെത്തുടരെ അന്വേഷിച്ചുകൊണ്ട് ഭൂമിയിലെല്ലായിടവും കയറിയിറങ്ങിയ കടല്‍ത്തിരപോലെ അവര്‍ ജീവിച്ചു. സഹജമായ ശക്തിദൗര്‍ബല്യങ്ങളുള്ള സാധാരണ മനുഷ്യര്‍ക്കിടയില്‍ ചിന്തിക്കുന്ന തലച്ചോറും വികാരം നിറഞ്ഞ മനസുമുള്ള സ്ത്രീയെന്ന സവിശേഷ വ്യക്തിത്വത്തെ അവര്‍ കാണിച്ചുതന്നു. അവരുടെ കാതല്‍വൃക്ഷം വെണ്മയായിരുന്നു. പുരുഷനെ വെറുത്തും സ്‌നേഹിച്ചും സ്‌നേഹിക്കപ്പെട്ടും ഏതോ വിളക്കുമാടത്തിലിരുന്ന് അവര്‍ വേദനിച്ചുകൊണ്ട് പാടി.
”അവനും ഞാനും ഒന്നായപ്പോള്‍
ഞങ്ങള്‍ സ്ത്രീയോ പുരുഷനോ ആയിരുന്നില്ല.”
”ഇന്ന് ഞാനെന്‍റെ കണ്ണട
ഉപേക്ഷിച്ചുപോന്നു.
ഇതൊരു അന്ധമായ നടത്തമായിത്തീരാന്‍”.
ദ്വന്ദ്വവ്യക്തിത്വങ്ങള്‍ എന്നും എപ്പോഴും മാധവിക്കുട്ടിയെ ഭരിച്ചുകൊണ്ടിരുന്നു. ”എന്‍റെയുള്ളില്‍ രണ്ടുപേര്‍ ജീവിക്കുന്നുണ്ടെന്ന്” അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍റെ പ്രവൃത്തികളെ ശ്ലാഘിക്കുന്ന ഒരാളും വെറുക്കുന്ന മറ്റൊരാളും. ഒരാള്‍ കാറ്റിനൊപ്പം പറക്കാന്‍ ചിറക് വിടത്തുമ്പോള്‍ മറ്റൊരാള്‍ കാല്‍വിരലില്‍ പിടിച്ചുവലിച്ച് വീണ്ടും അവളെ ഭൂമിയിലേക്ക് വീഴ്ത്തുന്നു. ഈ വൈരുധ്യങ്ങള്‍ അവരുടെ കഥകളിലും കവിതകളിലും ജീവിതത്തിലുമെല്ലാം പ്രതിഫലിച്ചുകൊണ്ടിരുന്നു. മറ്റ് എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തമായി അനുഭവങ്ങളെ അതേ തീവ്രതയില്‍ വായനക്കാരുടെ മുന്നല്‍ മാധവിക്കുട്ടി കാഴ്ചവെച്ചു. അതേതീവ്രതയില്‍ വായനക്കാരും അത് സ്വീകരിച്ചു. അതുകൊണ്ടുതന്നെ ഭാവപൂര്‍ണമായ അവരുടെ ഒത്തിരി കൃതികള്‍ വിശ്വസാഹിത്യത്തില്‍ ഇടം കണ്ടെത്തി.

മലയാളികളുടെ കഥാനുഭവങ്ങളില്‍ ചാരുതയായി മാറിയ അവരുടെ കഥകളൊക്കെ കവിതകളായിരുന്നു. കവിത നിറഞ്ഞു തുളുമ്പിയ കഥകള്‍ എഴുതിയെഴുതി പിന്നെ ശരാശരി മലയാളികളുടെ സാഹിത്യാനുഭവങ്ങളില്‍ ഞെട്ടലായി മാറിയ ‘എന്‍റെ കഥയും എഴുതി. മലയാളത്തില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച എന്റെ കഥ’യില്‍ മാധവിക്കുട്ടി നിഷ്‌കളങ്കമായി ലൈംഗികതയുടെ നിഗൂഢവും തീക്ഷ്ണവുമായ അനുഭവലോകത്തിന്‍റെ വൈരുധ്യങ്ങള്‍ വായനക്കാരുടെ മുന്നില്‍ ആവിഷ്‌കരിച്ചു. അലയടിച്ചാര്‍ക്കുന്ന മനസിനുള്ളിലെ തീരാമോഹങ്ങളും തീവ്രതൃഷ്ണകളും ഒരു മാന്ത്രിക വിദ്യയിലെന്നപോലെ അക്ഷരങ്ങളില്‍ ലയിപ്പിച്ച മോഹമുദ്രയായ മാധവിക്കുട്ടിക്ക് ലൈംഗികത സ്ത്രീപുരുഷബന്ധങ്ങളിലെ ആന്തരികമായ ഊര്‍ജപ്രവാഹത്തിന്‍റെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു. ”ഞാനീ ലോകത്തിലെ ഏറ്റവും ആരോഗ്യവതിയായ സ്ത്രീയായിരുന്നപ്പോള്‍ കലങ്ങിമറിഞ്ഞൊഴുകുന്ന ഒരു നദിപോലെയായിരുന്നു. എന്തും കീഴടക്കാന്‍ എനിക്കുള്ള ശക്തിയെക്കുറിച്ച് ഞാന്‍ ബോധവതിയായിരുന്നു. എന്‍റെ ചുണ്ടുകള്‍ മധുരമാണെന്നും എന്‍റെ ഗന്ധം വശ്യമാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു.” തനിക്കുതന്നെ പ്രഹേളികയായി ജീവിതാവസാനം വരെ നിലകൊണ്ട അവര്‍ പരശ്ശതം വൈരുധ്യങ്ങളുമായി തന്‍റെ ഉള്ളിലിരുന്നു കലഹക്കുന്നു. പല വ്യക്തിത്വങ്ങളുമായി പൊരുത്തപ്പെടാനുള്ള നീണ്ടൊരു ശ്രമമായിരുന്നു അവരുടെ ജീവിതം. ആഴക്കടലും നീലാകാശവും കണ്ടുമുട്ടുന്ന അതിര്‍ത്തിയില്‍ ചിറകിട്ടടിക്കുന്ന പരുന്തിനെപ്പോലെ അവര്‍ പറന്നുകൊണ്ടിരുന്നു. പ്രണയമെന്ന മായാവിഭ്രമത്തിന് താനിപ്പോഴും അര്‍ഹയാണോ എന്നവര്‍ സംശയിക്കുന്നു. സ്‌നേഹത്തിനുവേണ്ടി ആകാശ മേഘങ്ങളുടെയൊപ്പം യാത്ര ചെയ്യാനും പാതാളച്ചെളിയില്‍ തളര്‍ന്നു വീഴാനും അവരുടെ മനസ് ഒരുക്കമായിരുന്നു.
പ്രമേയങ്ങളെ മുദ്രാവാക്യങ്ങളാക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ മാധവിക്കുട്ടിയെ ഒരിക്കലും കാണാനിടയില്ല. അകത്തളത്തിലെ ഏകാന്തതയിലും നഗരജീവിതത്തിന്റെ തിക്കിലും തിരക്കിലും ഒറ്റപ്പെടുന്ന സ്ത്രീകളെക്കുറിച്ച് അവര്‍ എഴുതി. ജീവിതത്തിന്റെ ചൂടുള്ള അവരുടെ കഥാനായികമാര്‍ പ്രണയം തേടി അലയുകയായിരുന്നു. ”ഞങ്ങള്‍ക്ക് സ്വന്ഥരായി വിശ്രമിക്കുവാന്‍ ഒരിടമുണ്ടായിരുന്നില്ല. എങ്കിലും ആ വെയിലില്‍ കൈകോര്‍ത്തു നടന്നിരുന്ന ഞങ്ങള്‍ ദേവലോകവാസികളായിരുന്നു. മനുഷ്യലോകത്തില്‍ വഴിതെറ്റി വന്നെത്തിയ ദൈവങ്ങള്‍.”

”ആ ഭ്രാന്തന്‍റെ താളം പെട്ടെന്ന് എന്‍റെ കാലുകളെ സ്വീകരിച്ചു. ഞാന്‍ എന്‍റെ മുടി അഴിച്ചിട്ടു. ലോകത്തിന്‍റെ ഏകാന്തമായ വെണ്‍മാടത്തില്‍ ഞാന്‍ നൃത്തം ചെയ്യുകയാണെന്ന് എനിക്ക് തോന്നി. മനുഷ്യന്‍റെ അവസാനത്തെ ഉന്മത്തമായ നൃത്തം.” മരണവും പ്രണയവും ഇഴയിട്ടു നില്‍ക്കുന്നതായിരുന്നു അവരുടെ കഥകളും കവിതകളും. താന്‍ സ്‌നേഹിച്ച ചെറുപ്പക്കാരനെ നിരാശപ്പെടുത്തേണ്ടി വന്നതിലുള്ള ദുഃഖത്തോടെ ആദ്യരാത്രിയില്‍ ജനാലയ്ക്കരികില്‍ ചെന്ന് നിന്ന് വിദൂരതയിലെ മൃദുവായ ചെണ്ടമേളം കേട്ട് തേങ്ങുകയും വശ്യമായ തന്‍റെ സൗന്ദര്യവുമായി സ്‌നേഹത്തിനുവേണ്ടി ഉഴറിനടന്ന് അവസാനം സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു പുരുഷനെയും കണ്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയും ഏകാന്തതയിലിരുന്ന് സ്വപ്‌നം കാണുകയും ചെയ്ത മാധവിക്കുട്ടി ഒരു മാലാഖയെപ്പോലെ പാറി നടന്ന് ആമിയായും കമലയായും ജീവിച്ച് മതിവരാതെ കമലസുരയ്യയായും ജീവിച്ചു. മാധവിക്കുട്ടി ‘എന്‍റെ കഥ’ പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്നാണ് ഇവിടുത്തെ ശബ്ദമില്ലാത്ത ഒരു വിഭാഗം ആളുകള്‍ മനസിലാക്കിയത്. ഇതിന്‍റെ ആദ്യഭാഗത്ത് പതിഞ്ഞ സ്വരത്തില്‍ ഉയരുന്ന പക്ഷിയുടെ കരച്ചില്‍ കേരളക്കരയ്ക്കപ്പുറം ലോകത്തിന്‍റെ പല കോണുകളിലും പ്രതിധ്വനിച്ചതിന്‍റെ രഹസ്യവും ഇതുതന്നെയാവാം. ഈ കഥ ആരംഭിക്കുന്നത് ഒരു കുരുവിയുടെ രക്തത്തിന്‍റെ ഓര്‍മപുതുക്കലിലൂടെയാണ്. ”കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്‍റെ മുറിയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്ക് പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയില്‍ ചെന്നടിച്ചു കിളി തെറിച്ചുപോയി ജാലകത്തിന്‍റെ സ്ഫടികത്തില്‍ തട്ടി നിമിഷങ്ങളോളം അതിന്മേല്‍ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചില്‍ നിന്ന് രക്തം വാര്‍ന്നു സ്ഫടികത്തിന്മേല്‍ പടര്‍ന്നു. ഇന്ന് എന്റെ രക്തം ഈ കടലാസിലേക്ക് വാര്‍ന്നു വീഴട്ടെ, ആ രക്തം കൊണ്ട് ഞാന്‍ എഴുതട്ടെ…”
സ്ത്രീ തൃഷ്ണയെ കാമോദ്ദീപമാക്കുന്ന സദാചാരവിരുദ്ധതയെ ന്യായീകരിക്കുന്ന ഈ കൃതിയില്‍ പെണ്ണിന് പ്രത്യേകമായി വായിക്കാനായി തന്‍റെ ശരീരത്തെയും ആത്മാവിനെയും മാധവിക്കുട്ടി നഗ്നമാക്കി നിലവിലിരുന്ന ആദര്‍ശവനിതാസങ്കല്‍പങ്ങളെ ഊരിയെറിഞ്ഞു. ഓരോ സ്ത്രീയെയും ഒരു ജീവിതസഖാവിനെപ്പോലെ അവര്‍ തഴുകിത്തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
ആത്മപ്രണയത്തിന്‍റെ ഒപ്പുകടലാസായിരുന്നു മാധവിക്കുട്ടി 2009 മെയ് 31ന് ഈ ലോകത്തോട് വിട പറഞ്ഞു:
”ഞാന്‍ മരിക്കുമ്പോള്‍
എന്റെ മാംസവും അസ്ഥിയും
ദൂരെയെറിഞ്ഞു കളയരുത്
അവ കൂനകൂട്ടിവയ്ക്കുക
അവ അവയുടെ ഗന്ധത്താല്‍ പറയട്ടെ-
ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നെന്ന്”