Web Desk

കൊച്ചി:

February 03, 2021, 4:41 pm

ഹൃദയത്തിനു മുകളിലെ തൈറോയ്ഡ് മുഴ നീക്കി; ലക്ഷദ്വീപുകാരിക്ക് ഇത് പുതുജീവൻ

Janayugom Online

തൈറോയ്ഡ് മുഴ അമിതമായി വളർന്ന് കഴുത്തും നെഞ്ചിൻകൂടും കവിഞ്ഞ് ശ്വാസനാളത്തെ അടച്ചു കളഞ്ഞ അപൂർവ ഗുരുതരാവസ്ഥ നേരിട്ട ലക്ഷദ്വീപ് സ്വദേശിനി വഹീദാ ബീഗമിന് (31) ഒടുവിൽ പുതുജീവൻ. തൈറോഡ് മുഴ വളർന്ന് ശ്വാസവും ഹൃദയമിടിപ്പും നിലച്ച അവസ്ഥയിലാണ് ഇക്കഴിഞ്ഞ ജനുവരി 23‑ന് വെന്റിലേറ്റർ സഹായത്തോടെ രോഗിയെ ഹെലികോപ്ടറിൽ കൊച്ചി വി പിഎസ് ലേക്ക്ഷോർ ഹോസ്പിറ്റലിലെത്തിച്ചത്.

ലക്ഷദ്വീപിൽ നിന്ന് പുറപ്പെടും മുമ്പ് അവിടുത്തെ സീനിയർ അനസ്തീഷ്യോളജിസ്റ്റ് ഡോ. ചിദംബരം വഹീദയുടെ അടഞ്ഞ ശ്വാസനാളത്തിലേയ്ക്ക് ട്യൂബ് കടത്തി ശ്വാസം നൽകിയതിന്റെ ബലത്തിലാണ് സംഘം ലക്ഷദ്വീപിൽ നിന്ന് യാത്ര തിരിച്ചത്. . അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഹെലികോപ്ടറിൽ കടൽ കടത്തി കൊച്ചിയിൽ എത്തിക്കുന്ന ദൗത്യം ഡോ. ഖലീൽ ഖാൻ, ഡോ. റിഫാൻ, ഡോ. അനൂഷ്, ബാബു എന്നിവർ നിർവഹിച്ചു. വിപിഎസ് ലേക്ക്ഷോറിൽ എത്തിച്ചയുടൻ വെന്റിലേറ്ററിലായിരിക്കെത്തന്നെ ഹോസ്പിറ്റലിലെ മിനിമലി ഇൻവേസിവ് സർജറി വിഭാഗത്തിൽ രോഗിയെ ശസ്തക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കഴുത്തു മുഴുവൻ നിറഞ്ഞ വലിയ മുഴ ശ്വാസനാളത്തിന് സ്ഥാനചലനം വരുത്തുകയും നെഞ്ചിൻ കൂടിന്റെ മുൻഭാഗത്തുകൂടി ഉള്ളിലേയ്ക്ക് വളർന്ന് ഹൃദയത്തേയും പ്രധാന രക്തധമനികളെയും അമർത്തിയിരിക്കുന്നതായാണ് സിടി സ്കാൻ പരിശോധനയിൽ കണ്ടത്.

അങ്ങനെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റൈയും പ്രവർത്തനങ്ങളും അപകടാവസ്ഥിയിലായിരുന്നു. ഈ വലിയ മുഴ നീക്കം ചെയ്താൽ മാത്രമേ രോഗിയെ രക്ഷിക്കാനാകൂ എന്ന് മനസിലാക്കിയെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മിനിമലി ഇൻവേസിവ് സർജറി വിഭാഗം മേധാവി ഡോ. ആർ പത്മകുമാർ പറഞ്ഞു. സാധാരണയായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് തൈറോയ്ഡ്ഗ്രന്ഥിയും മുഴകളും നീക്കം ചെയ്യുന്നത്. എന്നാൽ ഈ രോഗിയുടെ കാര്യത്തിൽ കഴുത്തും നെഞ്ചിന്റെ മധ്യഭാഗവും പൂർണമായി തുറക്കേണ്ടി വന്നു. ഒപ്പം ഹൃദയത്തിന്റെയും ധമനികളുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് വലിയ ട്യൂമർ നീക്കം ചെയ്തത്. ശ്വാസനാളത്തിന്റെ വിവിധ ഭാഗങ്ങളിലും ചുറ്റുമുള്ള പേശികളിലും ഉറച്ചുപോയ വലിയ മുഴ അതീവ സാഹസികമായാണ് നീക്കം ചെയ്ത്. ശസ്ത്രക്രിയയിലുടനീളം ഹൃദയത്തിന്റെ പ്രവർത്തനത്തിലും ശ്വസനത്തിലും പ്രയാസങ്ങളുണ്ടായി. ഗുരുതരമായ രക്തസ്രാവവും മറ്റൊരു ഭീഷണിയായിരുന്നു. എന്തായാലും പ്രാധാന്യമേറിയ ഞരമ്പുകളും ഗ്രന്ഥികളും കേടുവരാതെ ശസ്ത്രക്രിയ പൂർത്തീകരിച്ചു.

മൂന്നു ദിവസത്തെ വെന്റിലേറ്റർ പിന്തുണയ്ക്കു ശേഷം രോഗി സാധാരണ നിലയിലെത്തി. നല്ല രീതിയിൽ സംസാരിക്കാനും ആഹാരം കഴിക്കാനും രോഗിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ബയോപ്സി റിപ്പോർട്ട് അനുസരിച്ച് തുടർ ചികിത്സ ലഭ്യമാക്കാനാണ് തീരുമാനം. മിനിമലി ഇൻവേസിവ് സർജറി വിഭാഗം മേധാവി ഡോ. ആർ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘത്തിൽ സീനിയർ സർജൻ ഡോ. മധുകര പൈ, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. സുജിത്ത്, നഴ്സുമാരായ സറിൻ, ജയലക്ഷ്മി, ടിൻസി, സൗമ്യ എന്നിവർ പങ്കെടുത്തു. ഡോ. ജയസൂസൻ അനസ്തേഷ്യയ്ക്ക് നേതൃത്വം നൽകി. ആശുപത്രി സിഇഒ എസ്. കെ അബ്ദുള്ള, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. മോഹൻ മാത്യു എന്നിവരുടെ സമയോചിതമായ ഇടപെടലുകളും അതീവ ഗുരുതാവസ്ഥയിലായിരുന്ന രോഗിയെ രക്ഷിക്കാൻ സഹായിച്ചെന്നും ഡോ. പത്മകുമാർ പറഞ്ഞു. രോഗിയെ സുരക്ഷിതമായി എത്തിക്കുന്നതിൽ ഡോ. കൃഷ്ണ, തേജാ, അബ്ദുൾ വഹാബ്, ഡോ. പ്രേമ്ന, ഡോ. നിമ്മി എന്നിവരുടേയും സഹായങ്ങൾ നിർണായകമായി. തൈറോയ്ഡ് മുഴകൾ ഗുരുതരാവസ്ഥയിലാകുന്നതിനു മുൻപുതന്നെ രോഗികൾ ചികിത്സ തേടണമെന്നാണ് ഈ അനുഭവം പഠിപ്പിക്കുന്നതെന്നും ഡോ. പത്മകുമാർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY: Removed thy­roid tumor above heart; This is new life for the Lak­shad­weep girl