March 21, 2023 Tuesday

ഫാസിസ്റ്റ് വാഴ്ചക്കാലത്ത് നവോത്ഥാന നായകരുടെ പ്രസക്തി

പ്രൊഫ. മോഹന്‍ദാസ്
March 18, 2023 4:45 am

”മലബാറില്‍ കണ്ടതായ സാമൂഹ്യ മൂല്യച്യുതിയുടെ ആഴം അളക്കുക പ്രയാസം തന്നെ. സവര്‍ണ മേധാവിത്വത്തിന്റെ കൊടും ക്രൂരതകള്‍ക്കിരയായ അവര്‍ണ സമുദായത്തിന് പൊതുനിരത്തിലൂടെ വഴി നടക്കുവാനുള്ള അവകാശത്തെപ്പോലും നിഹനിച്ചിരുന്ന പ്രദേശം. ഇംഗ്ലീഷുകാരെയോ മുസ്‌ലിം നാമധാരികളെയോ പോലും അംഗീകരിക്കുവാന്‍ സവര്‍ണ വിഭാഗങ്ങള്‍ ഒരു മടിയും കാണിക്കുന്നില്ല. ഇക്കൂട്ടര്‍ ഭ്രാന്തന്മാര്‍ തന്നെ. അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളും”. 1892ല്‍ കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്റെ വാക്കുകളായിരുന്നു ഇവ. പതിനെട്ട്, പത്തൊമ്പതാം ആണ്ടിലെ കേരള ചരിത്രം പരിശോധിച്ചാല്‍ മേല്‍ പറഞ്ഞതില്‍ അതിശയോക്തി ലവലേശമില്ലെന്ന് കണ്ടെത്തുവാന്‍ പ്രയാസമില്ല. അക്കാലത്തെ കേരളം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ജാതി ഭ്രാന്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ഈ കൊച്ചു കേരളം. അസ്‌‌പൃശ്യരായിരുന്ന തൊഴിലാളി വര്‍ഗത്തിന്റെ നരകതുല്യമായ ജീവിതം, അലസന്മാരും ജന്മികളും സുഖലോലുപരുമായിരുന്ന വരേണ്യവര്‍ഗം സാമൂഹ്യമായും സാമ്പത്തികമായും സ്വയം തടിച്ചുകൊഴുക്കുന്നതില്‍ ഉപയുക്തമാക്കിയപ്പോള്‍ ജാതീയമായ വേര്‍തിരിവിന്റെ അഗാധതലങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട ഒരു സമൂഹമായി മാറി അന്നത്തെ അധഃസ്ഥിത വര്‍ഗങ്ങള്‍. ഭൂപ്രഭുക്കന്മാരുടെ കൈകളിലെ കാര്‍ഷിക ഉപകരണങ്ങള്‍ മാത്രമായിരുന്നു അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഏറ്റവും താഴെത്തട്ടില്‍ കിടന്നിരുന്ന ഈ അധഃസ്ഥിത വര്‍ഗം. പൊതുനിരത്തില്‍ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഇവര്‍ തൊണ്ണൂറ്റി ആറ് അടിവരെ അകലം പാലിക്കണമായിരുന്നു.

സ്ത്രീകള്‍ക്ക് കല്ലുമാല കൊണ്ടു മാത്രമെ സ്വന്തം മാറിടം മറയ്ക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളു. മണ്ണിന്റെ മക്കളായ ഈ ദളിതരെ വില്‍ക്കുവാനും വാങ്ങുവാനും വരെ പ്രഭുക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തില്‍ നിന്നും മനുഷ്യനെ മനുഷ്യനായി കണക്കാക്കുന്ന ഒരു സാമൂഹ്യ ചുറ്റുപാടിലേക്ക് അധഃസ്ഥിത വര്‍ഗത്തിന് നടന്നടുക്കുവാന്‍ ദശാബ്ദങ്ങള്‍ തന്നെ വേണ്ടിവന്നു എന്നുള്ളത് ചരിത്രവസ്തുത. ഈ ദുരവസ്ഥയില്‍ നിന്നും തന്റെ സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അരയും തലയും മുറുക്കി രംഗത്തുവന്ന നേതാവായിരുന്ന പിന്നീട് ‘മഹാത്മ’ എന്ന പേരില്‍ അറിയപ്പെട്ട അയ്യന്‍കാളി ജനിച്ചിട്ട് 2023ല്‍ 160 വര്‍ഷം തികയുകയാണ്. ചരിത്രം വളച്ചൊടിച്ചും സനാതന ധര്‍മ്മത്തെ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിച്ചും ഒരു നവീന ചരിത്രം സൃഷ്ടിക്കുവാന്‍ കോപ്പുകൂട്ടുന്ന ഇന്നത്തെ സാഹചര്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ ചിന്താധാരകള്‍ക്ക് ഏറ്റവും പ്രസക്തി വര്‍ധിക്കുകയാണ്. ക്ഷേത്രങ്ങളെയും ദൈവങ്ങളെയും ആചാരങ്ങളെ പോലും തങ്ങളുടെ ഉദ്യമങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന ഇക്കാലത്ത് അയ്യന്‍കാളിമാരുടെ ഉദയം സ്വപ്നം കാണുകയാണ് നാം. ജാതിവിവേചനത്തിന്റെയും ജന്മി ക്രൂരതകളുടെയും നടുക്കാണ് അയ്യന്‍കാളി വളര്‍ന്നത്. താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസ അവകാശത്തെ നിഷേധിച്ച്, ഉയര്‍ന്ന വിഭാഗങ്ങളുടേതുപോലെ വസ്ത്രം ധരിക്കാനുള്ള അവകാശത്തെ നിഷേധിച്ച്, ക്ഷേത്ര പ്രവേശനവും പൊതുനിരത്തിലൂടെ സഞ്ചരിക്കുവാനുള്ള അവകാശവും നിഷേധിച്ച്, കൊല്ലാക്കൊല ചെയ്യപ്പെട്ടിരുന്ന ഒരു സമുദായത്തിലെ അംഗം എന്ന നിലയില്‍ ചെറുപ്പത്തിലേതന്നെ സ്വാതന്ത്ര്യത്തിനും സമാനതയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി അദ്ദേഹത്തിന്റെ മനസ് കൊതിച്ചിരുന്നു.


ഇതുകൂടി വായിക്കൂ: ജനാധിപത്യ വ്യവസ്ഥയുടെ സുരക്ഷയും പ്രതിപക്ഷ ഐക്യനിരയുടെ അനിവാര്യതയും


മനുഷ്യത്വ രഹിതമായ ജാതി വിവേചനത്തിന്റെ മൃഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ഒരു ഐതിഹാസിക സമരമാണ് പില്‍ക്കാലത്ത് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്. വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ മാത്രമേ തന്റെ സമുദായ അംഗങ്ങളെ മാനസിക പരിവര്‍ത്തനത്തില്‍ സജ്ജരാക്കുവാന്‍ കഴിയുകയുള്ളു എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് 1904 ല്‍ വെങ്ങാനൂര്‍ എന്ന പ്രദേശത്ത് അദ്ദേഹം ഒരു വിദ്യാലയം സ്ഥാപിച്ചത്. എന്നാല്‍ അരിശം മൂത്ത യാഥാസ്ഥിതിക വര്‍ഗം ആ സരസ്വതീ നിലയം അഗ്നിക്കിരയാക്കി. വിദ്യാഭ്യാസം തങ്ങള്‍ക്ക് അന്യമാണെന്ന് കരുതിയ ഇക്കൂട്ടര്‍ പില്‍ക്കാലത്ത് ബുദ്ധമതക്കാരുടെയും ക്രിസ്ത്യന്‍ മിഷണറിമാരുടെയും ആകര്‍ഷണ വലയില്‍പ്പെട്ടതിനെ, കേവലം മതപരിവര്‍ത്തനം എന്ന സംജ്ഞയില്‍ ഒതുക്കുന്നത് ശരിയായിരിക്കില്ല. ഹിന്ദുമത വിശ്വാസിയായിരുന്ന സദാനന്ദ സ്വാമികള്‍ ജാതി വെറിക്കെതിരെ ഇക്കാലത്ത് നടത്തിയ പ്രഭാഷണങ്ങള്‍ ബധിരകണ്ഠങ്ങളിലാണ് പതിച്ചത്. തുടര്‍ന്ന് സദാനന്ദ സ്വാമികളും അയ്യന്‍കാളിയും തിരുവനന്തപുരത്തേക്ക് കാല്‍നട ജാഥ നടത്തുകയും സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയും ചെയ്തു. അധഃസ്ഥിതരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ശ്രീ അയ്യന്‍കാളി, സാധുജന പരിപാലന സംഘത്തിന് ജന്മം നല്‍കിയത്. സമാന ദുഃഖിതരായ മറ്റു സമുദായങ്ങളെയും കൂട്ടി അദ്ദേഹം വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവിതാംകൂറില്‍ ആരംഭം കുറിച്ചു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ 1907 ല്‍ കീഴാളര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സേവനം സാധ്യമാക്കുന്ന ഉത്തരവ് സമ്പാദിച്ചെങ്കിലും ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത ജാതീയരുടെ ഉടമസ്ഥതയിലായിരുന്നതിനാല്‍ വിദ്യാഭ്യാസമെന്ന സ്വപ്നം പിന്നെയും അകലെ അവശേഷിക്കുകയാണുണ്ടായത്.

തുടര്‍ന്ന് അദ്ദേഹം നടത്തിയ സഹന സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി അയ്യന്‍കാളി അവഗണിക്കാനാവാത്തവിധത്തിലുള്ള ഒരു നേതാവായി വളര്‍ന്നുവന്നു. ഇക്കാര്യം മനസിലാക്കിയ അധികാരികള്‍, അദ്ദേഹത്തെ 1911 ഡിസംബര്‍ അഞ്ചിന് സാധുജന പരിപാലന നേതാവെന്ന നിലയില്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ദളിതര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവുമായി സ്വസമുദായത്തിലെ കുട്ടികളെയും കൊണ്ട് പല വിദ്യാലയങ്ങളിലും ചെന്നെങ്കിലും പ്രവേശനം നല്‍കുവാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് കണിയാപുരം, കഴക്കൂട്ടം, പുല്ലാട്, ചെന്നിത്തല തുടങ്ങി പല സ്ഥലങ്ങളിലും ധാരാളം രക്തം ചിന്തിയ സമരങ്ങള്‍ അരങ്ങേറി. സമ്പന്ന പ്രഭുത്വ മേലാളന്മാരുടെ ഉദരപൂരണത്തിനായി, വയലേലകളില്‍ കഠിനാധ്വാനം ചെയ്തിരുന്ന കീഴാളര്‍ക്ക്, സഞ്ചാരസ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവും ലഭിക്കുന്നതിനായി കര്‍ഷകത്തൊഴിലാളികള്‍, അവരുടെ തൊഴില്‍ മേഖലകളില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു വര്‍ഷക്കാലത്തോളം വയലേലകള്‍ തരിശു കിടന്നിട്ടും മേലാളന്മാര്‍ അവകാശങ്ങള്‍ അനുവദിക്കുവാന്‍ തയ്യാറായില്ല. അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ച പ്രഭുത്വ ഗുണ്ടാ വിഭാഗങ്ങളുടെ ക്രൂരതകള്‍ സമൂഹത്തില്‍ അസമാധാനത്തിന്റെ വിത്തുകള്‍ വിതച്ചു.


ഇതുകൂടി വായിക്കൂ: ഡോ. വി വി വേലുക്കുട്ടി അരയൻ, കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ നവോത്ഥാന നായകൻ


രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായപ്പോഴാണ് വിഷയം രമ്യതയിലാക്കുവാന്‍ അധികാരിവര്‍ഗം തയ്യാറായത്. തുടര്‍ന്ന് 1914 മേയ് മാസത്തില്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണുണ്ടായത്. ദളിത് സമരചരിത്രങ്ങള്‍ക്ക് നേതൃത്വം നല്കിയ അയ്യന്‍കാളിയുടെ കാലഘട്ടം (1863–1941) കേരള ചരിത്രത്തിന്റെ ഏടുകളില്‍ എന്നും തിളങ്ങിനില്‍ക്കും. ആരാലും ശ്രദ്ധിക്കപ്പെടാതെ ജാതിമത പ്രഭുത്വ കോമരങ്ങളുടെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന ഒരുപറ്റം മനുഷ്യരെ, ദുരിതക്കയത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മഹനീയ സ്ഥാനം വഹിച്ച അദ്ദേഹം പില്‍ക്കാലത്ത് ‘മഹാത്മ’ എന്ന പേരില്‍ അറിയപ്പെട്ടു. സമുദായശ്രേണിയുടെ ഏറ്റവും താഴേത്തട്ടിലായിരുന്ന ഒരു സമുദായത്തില്‍ പിറന്നു എന്ന ഒറ്റക്കാരണം കൊണ്ട് സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ശ്രീ അയ്യന്‍കാളിക്ക് ചരിത്രാന്വേഷികളെന്ന മേല്‍ക്കുപ്പായമിട്ട പല പണ്ഡിതന്മാരും നല്‍കിയിട്ടില്ല. അധ്വാന വര്‍ഗത്തിന്റെ സമരാവേശം സന്നിവേശിപ്പിച്ച, നിരന്തര പോരാട്ടങ്ങളുടെയും സഹനസമരങ്ങളുടെയും നടുവില്‍ ജനസഞ്ചയത്തിന്റെ രക്തക്കറ പുരണ്ടപ്പോഴാണ് കവികളും സാഹിത്യകാരന്മാരും തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റിത്തുടങ്ങിയത്. മഹാകവി കുമാരനാശാന്‍ തന്റെ തൂലിക ‘ദുരവസ്ഥ’ (1922ല്‍) ക്കുവേണ്ടി ചലിപ്പിച്ചത്. ചണ്ഡാലഭിക്ഷുകിയും അതുപോലുള്ള ദളിത ദുരിത പര്‍വങ്ങളുടെ ഉത്ഭവവും അക്കാലത്തെ സാമൂഹ്യ വിപത്തിനെ കാവ്യവല്‍ക്കരിച്ചു. അന്നത്തെ കേരളത്തിലെ ദുഷിച്ചു നാറിയ സാമൂഹ്യ വ്യവസ്ഥിതിയില്‍ സാരമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും തുടര്‍ന്നുവന്ന മറ്റ് പരിഷ്ക്കര്‍ത്താക്കളും അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. അടിമത്വത്തിന്റെയും ജാതിയുടെ പേരിലുള്ള വിവേചനത്തിന്റെയും നുകത്തിനടിയില്‍ നിന്നും അധഃസ്ഥിതരെ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ഇത്തരം ശ്രമങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങളാണ് സൃഷ്ടിച്ചത്.

1936ലെ ക്ഷേത്രപ്രവേശന വിളംബരം പോലുള്ളവ ഇക്കാര്യത്തിലെ നാഴികക്ക ല്ലുകളാണ്. സമത്വസുന്ദരമായ ഒരു സാമൂഹ്യ ഘടന സ്വപ്നം കണ്ടിരുന്ന മഹാത്മ അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീടു വന്ന തലമുറയ്ക്ക് വലിയ മുതല്‍ക്കൂട്ടായി ഭവിച്ചു. പിന്നീട് കേരളം കണ്ട സാമൂഹ്യ പരിഷ്കരണ സമരങ്ങളുടെ അടിസ്ഥാനമായി മാറി. വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം എന്നിവ മുന്‍കാലങ്ങളില്‍ നടന്ന ജനവിരുദ്ധതയുടെ പ്രതിഫലനങ്ങളായിരുന്നു. ദളിതരെയും മനുഷ്യവര്‍ഗമായി കണക്കാക്കുന്ന ഒരു സമൂഹം കേരളത്തില്‍ വളര്‍ന്നുവരുവാന്‍ അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടുപലകയായി തീര്‍ന്നു. ജാതി-മത വെറിയന്മാരുടെ പുതിയ ഒരു വര്‍ഗം ഇപ്പോള്‍ വടക്കന്‍ പ്രദേശത്ത്, താണ്ഡവങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു എന്നത് അയ്യന്‍കാളിയെപ്പോലുള്ള മഹാത്മാക്കളുടെ കാലഘട്ടം അനിവാര്യമാക്കുന്നുണ്ട്. ഐതിഹാസിക സമരങ്ങളുടെ ഫലമായി നാം നേടിയെടുത്ത സമത്വ സ്വാതന്ത്ര്യം ഇന്ന് അപകടത്തിലായിരിക്കുന്നു. ഗോമാതാവിന്റെ പേരിലും പഴയകാല ഹൈന്ദവ അനാചാരങ്ങളുടെ പേരിലും സവര്‍ണ മേധാവിത്വം പുതിയ കുപ്പിയില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ദളിതര്‍ പ്രവേശിച്ചാല്‍ ചുട്ടുകൊല്ലുന്ന രീതിവരെ പുനപ്രവേശനം നേടിയതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദളിതര്‍ ചുട്ടെരിക്കപ്പെടുന്നതും ദാഹജലത്തിനായി കേഴുന്നവരെ അകറ്റിനിര്‍ത്തുന്നതും ഒക്കെ പുതിയ രീതിയില്‍ തിരിച്ചുവരുന്നതായി ഭയപ്പെടേണ്ടിയിരിക്കുന്നു. രാജ്യം വീണ്ടും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കപ്പെട്ടു. സവര്‍ണ മേധാവിത്തം വീണ്ടും അടിച്ചേല്പിക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരത നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്നു. കേന്ദ്ര ഏജന്‍സികളെയും നീതിന്യായ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു പുതിയ ഫാസിസ്റ്റ് ഭരണക്രമം കെട്ടിപ്പടുക്കുന്നതിനുള്ള ഉദ്യമങ്ങള്‍ നടക്കുന്നിടത്താണ് അയ്യന്‍കാളിമാരുടെ പ്രസക്തി വര്‍ധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.