Janayugom Online
Pardhiv patel

രഞ്ജി പോരാട്ടം;ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം നാളെ ഗുജറാത്തിനെ നേരിടും

Web Desk
Posted on January 14, 2019, 9:17 pm

കല്‍പറ്റ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കേരളം നാളെ ഗുജറാത്തിനെ നേരിടും. വയനാട് കൃഷ്ണഗിരി ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയത്തില്‍ രാവിലെ 9.30 മുതലാണ് മത്സരം. നോക്കൗട്ട് മോഹങ്ങള്‍ അസ്തമിച്ചെന്ന് കരുതിയിടത്തുനിന്നാണ് ഹിമാചല്‍ പ്രദേശിനെതിരെ സ്വപ്‌നവിജയം നേടിയ കേരളം ചരിത്രത്തിലാദ്യമായി സെമിസ്വപ്‌നം കണ്ടാണ് നാളെ മുതല്‍ കളത്തിലിറങ്ങുന്നത്. നേരത്തേ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി മത്സരങ്ങളില്‍ ഫലമുണ്ടായത് മത്സരത്തിന്റെ ആവേശം വര്‍ധിപ്പിക്കും. പതിറ്റാണ്ടുകളായി നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങള്‍ കൈവശംവെക്കുന്ന രഞ്ജി കിരീടം ആദ്യമായി കേരളത്തിലെത്തിക്കാന്‍ ഇനി അവശേഷിക്കുന്നത് മൂന്ന് വിജയങ്ങള്‍ മാത്രമാണ്.
കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശിനെതിരെ വിജയം നേടിയ ആവേശവും ഒത്തൊരുമയും ഫോമും നിലനിര്‍ത്താനായാല്‍ കേരളത്തിന് കിരീടം അപ്രാപ്യമല്ല. പാക്കിസ്താന്‍ സീനിയര്‍ ടീമിനെ പരിശീലിപ്പിച്ച കോച്ച് ഡേവ് വാട്ടമോറിന്റെ കീഴില്‍ മികച്ച പ്രകടനം തുടരുന്ന കേരളത്തിന്റെ പ്രതീക്ഷ അതിഥി താരമായ ജലജ് സക്‌സേനയാണ്. മികച്ച മത്സര പരിചയമുള്ള സഞ്ജുസാംസണ്‍, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കൊപ്പം വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ യുവരക്തങ്ങള്‍ ചേരുന്നതോടെ കേരളത്തിന്റെ വീര്യം വര്‍ധിക്കും. അതേസമയം എതിര്‍ടീമായ ഗുജറാത്തിനെ വിലകുറച്ച് കാണാനുമാവില്ല.ദേശീയ താരങ്ങളായ പാര്‍ത്ഥിവ് പട്ടേല്‍, അക്ഷര്‍ പട്ടേല്‍,പിയൂഷ് ചൗള തുടങ്ങിയവര്‍ അണിനിരക്കുന്ന ഗുജറാത്ത് കേരളത്തിന് കനത്ത വെല്ലുവിളിയാവും ഉയര്‍ത്തുക.ഇവര്‍ക്കൊപ്പം പ്രിയങ്ക് പാഞ്ചാല്‍,മെഹുല്‍ പട്ടേല്‍, റുജുല്‍ ഭട്ട് എന്നിവരുമുണ്ട്. സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യവും സ്‌റ്റേഡിയത്തില്‍ നേരത്തേ കളിച്ചുള്ള പരിചയവും കാണികളുടെ പിന്തുണയും കേരളത്തിന് അനുകൂലമാവുമെങ്കിലും കണക്കുകളില്‍ ഗുജറാത്ത് തന്നെയാണ് മുന്നില്‍.രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം വന്‍വിജയമാക്കി കൂടുതല്‍ മത്സരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസിര്‍ മച്ചാന്‍ പറഞ്ഞു.

ടീമുകള്‍
കേരളം: സചിന്‍ ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, വി.എ. ജഗദീഷ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി. നിധീഷ്, വിനൂപ് മനോഹരന്‍, പി. രാഹുല്‍, ജലജ് സക്‌സേന, കെ.സി. അക്ഷയ്, കെ.ബി. അരുണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, അക്ഷയ് ചന്ദ്രന്‍.

ഗുജറാത്ത്: പാര്‍ഥിവ് പട്ടേല്‍ (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചാല്‍, മെഹുല്‍ പട്ടേല്‍, റുജുല്‍ ഭട്ട്, പിയൂഷ് ചൗള, സിദ്ധാര്‍ഥ് ദേശായി, ചിന്തന്‍ ഗജ, സമിത് ഗോഹല്‍, മന്‍പ്രീത് ജുനേജ, റൂഷ് കലാരിയ, ക്ഷിതിജ് പട്ടേല്‍, ഭാര്‍ഗവ് മേറായ്, അര്‍സന്‍ നഗ്‌വാസ്‌വാല, കരണ്‍ പട്ടേല്‍, ധ്രുവ് റാവല്‍, ഹാര്‍ദിക് പട്ടേല്‍, കഥന്‍ ഡി പട്ടേല്‍, അക്ഷര്‍ പട്ടേല്‍.

stadium

മത്സരം നടക്കുന്ന കൃഷ്ണ ഗിരി സ്‌റ്റേഡിയം