December 2, 2022 Friday

മരക്കാറിലെ സാമൂതിരിയെക്കൂടി കാണാൻ നമുക്കു കാത്തിരിക്കാം

രേണു രാമനാഥ്
October 12, 2021 1:07 pm

തന്റെ എഴുപത്തി മൂന്നാം വയസിൽ നെടുമുടി വേണു നമ്മെ വിട്ടുപോകുമ്പോൾ മാഞ്ഞുപോകുന്നത് ഒരു കാലഘട്ടമാണ്. അല്ലെങ്കിൽ ആയൊരു കാലഘട്ടത്തിന്റെ അവസാനത്തെ താളുകളിലൊന്നാണ്. കാവാലം നാരായണപ്പണിക്കരിലൂടെ അരങ്ങിന്റെ ലോകത്തെ കണ്ടറിഞ്ഞെത്തി, അവിടന്ന് ചലച്ചിത്രലോകത്തേക്ക് കടന്നുപോയ ഒരു വലിയകൂട്ടം മനുഷ്യരുണ്ടായിരുന്നുവല്ലോ. എഴുപതുകളിലെയും എൺപതുകളിലെയും വെള്ളിത്തിരകളിൽ മോഹവും മോഹഭംഗവും നിരാശയും സ്വപ്നവും പടർത്തിയൊഴിച്ച ഒരു കൂട്ടം മനുഷ്യർ. മലയാളസിനിമയിലെ വല്ലാത്തൊരു കാലമായിരുന്നു ആ ദശകങ്ങൾ.

ആലപ്പുഴ ജില്ലയിലെ നെടുമുടിയെന്ന കുട്ടനാടൻ ഗ്രാമത്തിൽ അധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച വേണുഗോപാൽ നെടുമുടി വേണുവായി മാറിയത്, കുട്ടനാടിന്റെ താളങ്ങളിലൂടെയും ഈണങ്ങളിലൂടെയും തന്നെയായിരുന്നു. അച്ഛൻ പഠിപ്പിച്ചിരുന്ന നെടൂമുടി എൻഎസ്എസ് സ്കൂളിലും പിന്നെ ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിലും ആലപ്പുഴ എസ്ഡി കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോഴേക്കും സ്കൂൾ യുവജനോത്സവ വേദികളിൽ മൃദംഗവും ഘടവും വായിച്ച് വേണുഗോപാൽ കലയുടെ വഴികളിലേക്ക് യാത്ര തുടങ്ങിയിരുന്നു. എസ്ഡി കോളജിൽ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരുന്ന ഫാസിലുമൊത്ത് സുഹൃത്തുക്കളെയും പരിചയക്കാരെയും അപരിചിതരെപ്പോലും അനുകരിക്കൽ, വൈകുന്നേര നേരമ്പോക്കിൽ നിന്ന് കല്യാണവീടുകളിലും മറ്റും അവതരിപ്പിക്കുന്ന പ്രൊഫഷണൽ കലാപരിപാടിയായി വേണുഗോപാലും ഫാസിലും വികസിപ്പിച്ചെടുത്തു. മിമിക്രി ഔദ്യോഗികമായി രംഗപ്രവേശം ചെയ്യുന്നതിനും മുമ്പായിരുന്നു അത്.

ഫാസിൽ പിന്നീട് എംഎ ഇക്കണോമിക്സ് പഠിക്കാൻ പോയപ്പോൾ വേണുഗോപാൽ മലയാളം ബിഎ പഠനത്തിന് ശേഷം ചമ്പക്കുളത്തെ ശ്രീവിദ്യാ പാരലൽ കോളജിൽ പഠിപ്പിക്കാൻ തുടങ്ങി. ആ സമയത്ത് വേണുവും സുഹൃത്തുക്കളും ചേർന്ന് ഒരു പ്രാദേശിക നാടകമത്സരത്തിനവതരിപ്പിച്ച നാടകം ജഡ്ജ് ചെയ്യാനെത്തിയ കാവാലം നാരായണപ്പണിക്കരുടെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെയാണ് കാവാലത്തിന്റെ നാടകസംഘമായ ‘സോപാന‘ത്തിൽ വേണു എത്തുന്നത്. കാവാലം കളരിയിൽ നാടകപരിശീലനവും ആലപ്പുഴ ജവഹർ ബാലഭവനിൽ നാടക ക്ലാസെടുക്കലുമൊക്കെയായി നടക്കുന്ന സമയത്താണ് വേണു കാവാലത്തിന്റെ ‘ദൈവത്താർ‘ എന്ന നാടകത്തിലഭിനയിക്കുന്നത്. ‘ദൈവത്താർ‘ അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ കാവാലം ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കു താമസം മാറ്റി. അതോടെ വേണുവും തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരത്തെ സോപാനത്തിൽ എത്തിച്ചേരാത്ത കലാകാരന്മാർ ഉണ്ടായിരുന്നില്ല. ജി അരവിന്ദൻ, ഗോപി, കൃഷ്ണൻ കൂട്ടിനായർ, ജഗന്നാഥൻ, കൈതപ്രം തുടങ്ങി ഒരുപാടുപേർ ആ സാംസ്കാരിക സൗഹൃദവൃത്തത്തിൽ പങ്കാളികളായി. ആ കൂട്ടുകെട്ടിൽ നിന്നാണ് കേരളം കണ്ട ഏറ്റവും കരുത്തുറ്റ ചില നാടകങ്ങളും ചലച്ചിത്രങ്ങളും രൂപംകൊണ്ടതും. 1978ൽ ജി അരവിന്ദന്റെ ‘തമ്പ്‘ നെടുമുടി വേണു എന്ന ചലച്ചിത്രനടന് ജന്മംകൊടുത്തു. ഇതിനിടയിൽ, കലാകൗമുദിക്കുവേണ്ടി ഫീച്ചറുകൾ എഴുതിക്കൊണ്ട് പത്രപ്രവർത്തകന്റെ വേഷവും കെട്ടി. ഫിലിം ജേണലിസ്റ്റെന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് പ്രേംനസീർ, സംവിധായകൻ ഭരതൻ തുടങ്ങിയവരുമായുള്ള സൗഹൃദം ഉടലെടുക്കുന്നത്. ‘തമ്പും’, പിന്നീട് ഭരതന്റെ ‘ആരവ’വും കഴിഞ്ഞിട്ടും വേണു അഭിനയത്തിനു മുഴുവൻ സമയവും കൊടുക്കാൻ തയ്യാറായിരുന്നില്ല എന്നതാണു കൗതുകകരമായ വസ്തുത.

അരവിന്ദന്റെയും അടൂരിന്റെയും ജോൺ എബ്രഹാമിന്റെയും മോഹന്റെയും ഭരതന്റെയും പത്മരാജന്റെയും ലെനിൻ രാജേന്ദ്രന്റെയും കെ ജി ജോർജിന്റെയുമൊക്കെ ചിത്രങ്ങൾ നെടുമുടി വേണുവെന്ന നടനില്ലാതെ ആലോചിക്കാൻ കഴിയില്ലല്ലോ. മലയാളത്തിലെ അവാങ് ഗാർദ് ചിത്രങ്ങളിൽ മാത്രമല്ല, കമേഴ്സ്യൽ സിനിമയിലും ഒരേപോലെ നിറഞ്ഞുനിന്നു, നെടുമുടി വേണു. അഞ്ഞൂറോളം സിനിമകൾ. മൂന്നു ദേശീയ പുരസ്കാരങ്ങൾ, ആറു സംസ്ഥാന പുരസ്കാരങ്ങൾ, പിന്നെ എണ്ണിയാലൊടുങ്ങാത്ത മറ്റു പുരസ്കാരങ്ങളും ബഹുമതികളും. ചലച്ചിത്ര ട്രിലജിയായ ‘ആണും പെണ്ണും‘ ആയിരുന്നു അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. മണിരത്നത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പട്ട തമിഴിലെ ‘നവരസ‘യിലും നെടുമുടിയുണ്ടായിരുന്നു. ഇനിയും റിലീസ് ചെയ്യാത്ത ‘മരക്കാർ‘ ആയിരിക്കും അവസാന ചിത്രം. മരക്കാറിലെ സാമൂതിരിയെക്കൂടി കാണാൻ നമുക്കു കാത്തിരിക്കാം. നെടുമുടി വേണുവില്ലാത്ത, കാവാലം കളരിയില്ലാത്ത, ഒരു കാലത്തിലേക്കാണ് കോവിഡാനന്തര ലോകത്തിലെ മലയാള സിനിമ നടന്നുനീങ്ങാൻ പോകുന്നത്. അത് മറ്റൊരു കാലമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.