Web Desk

ന്യൂഡൽഹി

June 08, 2020, 9:09 pm

അവശ്യ സാധന ഭേദഗതി ചട്ടം പിൻവലിക്കണം: ബിനോയ് വിശ്വം

Janayugom Online

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച അവശ്യ സാധന ഭേദഗതി ചട്ടം പിൻവലിക്കണമെന്നും കാർഷിക സമ്പദ്‌വ്യവസ്ഥയിൽ വൻകിട കോർപ്പറേറ്റുകളെക്കാൾ ഭൂരിഭാഗം കർഷകർക്ക് പ്രയോജനപ്പെടുംവിധം കൂടുതൽ സമഗ്രവും സുസ്ഥിരവുമായ മാറ്റങ്ങൾ നടപ്പിലാക്കണമെന്നും സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ജനസംഖ്യയിലെ പകുതിയിലധികം വരുന്നവർ ആശ്രയിക്കുന്ന കാർഷിക മേഖല എണ്ണമറ്റ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നത് കർഷകരുടെ ദുരിതം വർധിക്കുന്നതിന് കാരണമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചിരിക്കുന്ന കർഷക ആത്മഹത്യ ഇതിന്റെ ദൃഷ്ടാന്തമാണ്. രണ്ടു മാസത്തിലധികം നീണ്ട ലോക്ഡൗൺ ഈ സാഹചര്യത്തെ കൂടുതൽ രൂക്ഷമാക്കി. ഈയൊരുഘട്ടത്തിലാണ് രാജ്യത്തുടനീളമുള്ള കർഷകർക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ നയപരമായ മൂന്ന് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചിട്ടുളള്ളത്.

എന്നാൽ കാർഷിക മേഖലയിലെ കോർപ്പറേറ്റുകൾക്ക് മാത്രം ഗുണകരമാകുന്നതാണ് ഈ തീരുമാനങ്ങൾ എന്നതാണ് യാഥാർത്ഥ്യം. തങ്ങളെ കൊള്ളയടിക്കുന്ന കോർപ്പറേറ്റ് താൽപ്പര്യങ്ങളിൽ നിന്ന് നാമമാത്ര കർഷകർക്ക് യാതൊരുസംരക്ഷണവുമില്ല. അവശ്യ സാധന ഭേദഗതി ചട്ടങ്ങളിലെ നിർദ്ദിഷ്ട ഭേദഗതികളും കാർഷിക ഉൽപാദന വിപണി സമിതിക്ക് പുറത്ത് മാർക്കറ്റുകൾ ആരംഭിക്കുന്നതും എല്ലാ കർഷകർക്കും ഗുണം ചെയ്യുമെന്നത് കൃത്യമായ സംഗതിയല്ല. അതുകൊണ്ട് കോർപ്പറേറ്റുകൾക്കും സ്വകാര്യമേഖലയ്ക്കും ഗുണം ചെയ്യുന്ന ചട്ട ഭേദഗതി നീക്കം പിൻവലിക്കണമെന്ന് കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ENGLISH SUMMARY:repeal of essen­tial com­mod­i­ty amend­ment act: binoy viswam
You may also like this video