പ്രവാസികളെ ഈ ഘട്ടത്തിൽ തിരിച്ച് കൊണ്ടുവരാനാകില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്. പ്രവാസികൾ തിരിച്ചെത്തിയാൽ അവർക്കായി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ലോക്ഡൗണിനെത്തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് ഓരോ എംബസികളിലും നൽകുന്ന സഹായങ്ങൾ വ്യക്തമാക്കി കേന്ദ്രസർക്കാർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ എന്നിവർക്കു നൽകുന്ന സഹായങ്ങൾ പ്രത്യേകിച്ചു വ്യക്തമാക്കി ഏപ്രിൽ 24 നകം വിശദമായ റിപ്പോർട്ട് നൽകണം.
പ്രവാസികളെ നാട്ടിലെത്തിച്ചാൽ ക്വാറന്റൈൻ ചെയ്യുന്നതിനു സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സംസ്ഥാന സർക്കാരും വിശദീകരണം നൽകണം. എത്ര കിടക്കകൾ, ഡോക്ടർമാർ, വെന്റിലേറ്ററുകൾ, ശ്വസന സഹായ ഉപകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട്ട വിശദമായ റിപ്പോർട്ടാണ് നൽകേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ടി ആർ രവി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ നിരവധി തവണ ബന്ധപ്പെട്ടതായി കേരളത്തിന് വേണ്ടി ഹാജരായ അഡീ. അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ ബോധിപ്പിച്ചു.
തിരിച്ചുവരുന്നവർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നേരത്തേ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. കോവിഡ് ഭീഷണിയെത്തുടർന്ന് യാത്രാ വിലക്ക് നിലവിൽ വന്നതോടെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി ഫെഡറേഷൻ ജനറല്‍ സെക്രട്ടറി പി പി സുനീർ , യുഎഇ യുവകലാസാഹിതി പ്രസിഡന്റ് ബാബു വടകര, ദുബായിലെ കേരള മുസ്ലിം കൾച്ചറൽ സെന്റർ പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ എന്നിവരടക്കം നൽകിയ ഹർജികളാണ് പരിഗണിക്കുന്നത്. വിദേശത്തുള്ളവരെ എത്രയും നേരത്തെ എത്തിക്കണമെന്നാണ് കോടതിയുടെ നിലപാടെന്നും പ്രവാസികളുടെ ദുരിതത്തിൽ ഉത്കണ്ഠയുണ്ടെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജികൾ ഏപ്രിൽ 24 ന് വീണ്ടും പരിഗണിക്കും.
ENGLISH SUMMARY: Repeatedly center the stance; No expatriate can be brought
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.