തൊഴിലാളി വിരുദ്ധ നയങ്ങളുടെ ആവര്‍ത്തനം

Web Desk
Posted on July 14, 2019, 10:54 pm

കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ തീരുമാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. വന്‍കിട വ്യവസായശാലകളുടെ ഉടമകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമാണ് എല്ലാ തീരുമാനങ്ങളുമെന്നത് യാദൃച്ഛികമല്ല. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്തുതന്നെ ഇത്തരം തീരുമാനങ്ങള്‍ തുടങ്ങിയതാണെങ്കിലും രണ്ടാമതും അധികാരത്തിലെത്തിയ ശേഷം മത്സരബുദ്ധിയോടെയാണ് തീരുമാനങ്ങളെടുക്കുന്നത്. അധികാരത്തിലെത്തിയിട്ട് രണ്ടുമാസം തികയാന്‍ പോകുന്നതേയുള്ളൂവെങ്കിലും ഇതിനിടയില്‍ അരഡസനോളം തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് പുറമേയാണിത്.
വ്യത്യസ്ത തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു നിയമസംഹിതകളായി മാറ്റാനുള്ള തീരുമാനം ബജറ്റിലും ആവര്‍ത്തിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ഗുണവും ഉടമകള്‍ക്കല്ലാതെ തൊഴിലാളികള്‍ക്ക് ലഭിക്കില്ല. സ്ഥിരം തൊഴിലാളികള്‍, സ്ഥിരമായ വേതനം, വേതന തുല്യത, ആരോഗ്യപരിരക്ഷ, സാമൂഹ്യ സുരക്ഷിതത്വം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനും ഉടമകള്‍ക്ക് ഇഷ്ടം പോലെ തൊഴിലാളികളെ പിരിച്ചുവിടാനും കരാര്‍വല്‍ക്കരണം നിയമവിധേയമാക്കുന്നതിനുമൊക്കെയാണ് ഈ നീക്കം സഹായകമാവുക. ദശകങ്ങള്‍ നീണ്ട സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലാതാകുമെന്നു മാത്രമല്ല പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ആവശ്യങ്ങളും അവകാശങ്ങളും നേടുകയെന്നത് ഇനിമുതല്‍ ദുഷ്‌കരമായി തീരുകയും ചെയ്യും. സംഘടനാ സ്വാതന്ത്ര്യം പോലും ഉടമകളുടെ ഔദാര്യമായി തീരുന്ന വ്യവസായ അന്തരീക്ഷമാണ് നാലുനിയമസംഹിതകളിലൂടെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. അതുകൊണ്ടുതന്നെയാണ് ബിജെപി ആഭിമുഖ്യമുള്ള തൊഴിലാളി സംഘടനയ്ക്ക് പോലും ഇതിനെതിരെ പരസ്യമായി രംഗത്തുവരേണ്ടി വന്നത്.
തൊഴിലാളികള്‍ക്ക് രോഗചികിത്സ ഉറപ്പുവരുത്തുന്ന ഇഎസ്‌ഐ പദ്ധതിയില്‍ ഉടമകളുടെ വിഹിതം കുറച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത് രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു. ഉടമകളുടെ വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം ചെയ്തത്. ഇതിലൂടെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും പദ്ധതിയിലേക്ക് എത്തുന്ന തുകയില്‍ കുറവുണ്ടാകുമെന്നതിനാല്‍ തന്നെ ക്രമേണ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഇടയാകുമെന്നുറപ്പാണ്.
ഇത്തരം തൊഴിലാളി വിരുദ്ധ നടപടികളുടെ തുടര്‍ച്ചയായാണ് കുറഞ്ഞ വേതനം 178 രൂപയാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസം തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വേതനം 600 രൂപയെങ്കിലുമായി നിശ്ചയിക്കണമെന്ന വിവിധ ശുപാര്‍ശകളും തീരുമാനങ്ങളും നിലനില്‍ക്കേയാണ് അതിന്റെ മൂന്നിലൊന്നുപോലുമില്ലാത്ത തുക നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സുകളുടെയും അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) കണ്‍വന്‍ഷനുകളും അംഗീകരിച്ച തീരുമാനങ്ങളൊന്നും കേട്ടഭാവം നടിക്കാതെയാണ് ഇത്തരത്തിലൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല കുറഞ്ഞ വേതനത്തില്‍ 25 ശതമാനത്തിന്റെ ആനുപാതികവര്‍ധന വരുത്തണമെന്ന സുപ്രീംകോടതി വിധിയും നിലനില്‍ക്കുന്നുണ്ട്. 1957 ല്‍ ചേര്‍ന്ന പതിനഞ്ചാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സാണ് (ഐഎല്‍സി) കുറഞ്ഞ വേതനം സംബന്ധിച്ച മാനദണ്ഡത്തിന് രൂപം നല്‍കിയത്. 2012 ലും 2015 ലും നടന്ന 44, 46 ഐഎല്‍സികളും ഈ മാനദണ്ഡങ്ങള്‍ ആവര്‍ത്തിച്ചു. തൊഴിലാളി, ഭാര്യ, രണ്ടു മക്കള്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഭക്ഷണം, വസ്ത്രം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കണക്കാക്കി വേണം വേതനം നിശ്ചയിക്കേണ്ടത്. 2,700 കലോറി ഭക്ഷണം, വസ്ത്രം, വീട്ടുവാടക, ഇന്ധനം, വൈദ്യുതി ചെലവ് എന്നിവയെല്ലാം പരിഗണിച്ചാവണം കുറഞ്ഞ വേതനം പുതുക്കേണ്ടതെന്നായിരുന്നു തീരുമാനം. 2016 ല്‍ നരേന്ദ്രമോഡി സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടിലും കുറഞ്ഞ വേതനം 18,000 രൂപയായിരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാന്‍ തയ്യാറായില്ല. എന്തിന് 447 രൂപയായി നിശ്ചയിക്കുമെന്ന തങ്ങളുടെ തന്നെ പ്രഖ്യാപനം മറന്നുകൊണ്ടാണ് 178 രൂപ കുറഞ്ഞ വേതനമെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഒന്നാംമോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനം, ചരക്കുസേവന നികുതി തുടങ്ങിയ നടപടികളും വിവിധ കാലയളവില്‍ കൈക്കൊണ്ട തൊഴിലാളിവിരുദ്ധ സമീപനങ്ങളും കൊണ്ട് നേരത്തേതന്നെ തികച്ചും അരക്ഷിതമായ സ്ഥിതിയിലാണ് തൊഴില്‍മേഖല. കോടിക്കണക്കിനാളുകള്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടം വന്‍തോതിലായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് നിലവിലുള്ള തൊഴില്‍പോലും സുരക്ഷിതമല്ലാതാക്കുന്ന തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ ജീവിത സുരക്ഷിതത്വത്തിനപ്പുറം ഉടമകളുടെ താല്‍പര്യങ്ങള്‍ക്കുമാത്രം പരിഗണന നല്‍കുന്ന ഈ തീരുമാനങ്ങള്‍ രാജ്യത്തിന്റെ ഉല്‍പാദനമേഖലയില്‍ അസന്തുഷ്ടി വളര്‍ത്തും. അതില്‍ നിന്ന് രൂപപ്പെടുന്ന വന്‍ പ്രക്ഷോഭങ്ങള്‍ക്ക് വരുംനാളുകളില്‍ രാജ്യം സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.