സ്വന്തം ലേഖകൻ

ന്യൂഡൽഹി

January 17, 2020, 9:47 pm

അധിപൻ താൻ തന്നെയെന്ന് ആവർത്തനം; അതിരുവിട്ട് ആരിഫ്

Janayugom Online

പദവിയുടെ മഹത്വം ആവർത്തിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന മുഖ്യമന്ത്രിയെ പേരെടുത്ത് വിളിച്ച് വെല്ലുവിളിക്കുന്നു. കേന്ദ്രസർക്കാരിന്റെയും ആർഎസ്എസിന്റെയും പൗരത്വ ഭേദഗതി അജണ്ടയെ പിൻപറ്റിയാണ് ഡൽഹിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനെതിരെ വീണ്ടും ആക്രോശം മുഴക്കിയത്. ഗവർണർ പദവിയുടെ ഭരണഘടനാപരമായ അധികാരം സംബന്ധിച്ചായിരുന്നു ഇന്നലെയും ആരിഫിന്റെ അതിരുവിട്ട പ്രസ്താവനകൾ.

സംസ്ഥാനത്തിന്റെ ഭരണത്തലവൻ താൻ തന്നെയാണ്. ഭരണഘടന, നിയമങ്ങൾ, ചട്ടങ്ങൾ എന്നിവ പാലിച്ചാകണം സംസ്ഥാന സർക്കാർ ഭരണം നടത്തേണ്ടത്. നിങ്ങൾ എത്ര ഉന്നതനായാലും അതിനും മുകളിലാണ് നിയമം. ഭരണഘടനയെ അതിന്റെ എല്ലാ അർത്ഥത്തിലും പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണ്. രാജ്യത്തെ ഭരണഘടന അനുശാസിക്കും പ്രകാരം ഒരു സംസ്ഥാനത്ത് ഗവർണർക്കാണ് മുഖ്യസ്ഥാനമെന്നും ആരിഫ് ആവർത്തിച്ചു. കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു അറിയിപ്പും ഉണ്ടായില്ലെന്നാണ് ഗവർണറുടെ വാദം. പൗരത്വം നിയമം സംബന്ധിച്ച് സംസ്ഥാനത്തിനു റോളില്ല. ഇത് കേന്ദ്രത്തിന്റെ വിഷയമാണ്. ഒരാളുടെ ശിക്ഷയിൽ ഇളവനുവദിക്കാൻ ഗവർണറുടെ അനുമതിയില്ലാതെ സാധിക്കില്ലെന്നതുപോലെ ഇക്കാര്യത്തിലും ഗവർണറുടെ അനുമതി ആവശ്യമാണ്. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ ഏതെങ്കിലുംതരത്തിലുള്ള ഉത്തരവു പുറപ്പെടുവിക്കുന്നതിനു മുമ്പ് ചട്ടങ്ങൾപ്രകാരം ഗവർണറുടെ അനുമതി തേടേണ്ടതുണ്ട്.

നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനും സഭയെ സമൺ ചെയ്യാനും ഗവർണറുടെ അനുമതി ആവശ്യമാണ്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രമേയം പാസാക്കാൻ നിയമസഭയ്ക്ക് അധികാരം ഇല്ലെന്നിരിക്കെ അതു ചെയ്യുകയാണുണ്ടായത്. കോടതിയിൽ പോകാനുള്ള ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ഗവർണറുടെ അനുമതി തേടണമായിരുന്നുവെന്നും ആരിഫ് പറയുന്നു. കേസുമായി സുപ്രീം കോടതിയെ സമീപിച്ചതു സംബന്ധിച്ച് സംസ്ഥാന സർക്കാരിൽനിന്നും റിപ്പോർട്ടു തേടുമെന്നും ആരിഫ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. കേന്ദ്രത്തെ ഇക്കാര്യങ്ങൾ അറിയിക്കേണ്ട സാഹചര്യം നിലവിലില്ല. സ്വന്തം നിലയിൽ കാര്യങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതിനായില്ലെങ്കിൽ മാത്രമേ തുടർനടപടികൾ തീരുമാനിക്കൂ. അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല.

മാധ്യമങ്ങൾക്കുമുന്നിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന സംസ്ഥാന ഗവർണർ ഡൽഹിയിലെത്തിയപ്പോഴും രാഷ്ട്രീയ പ്രസംഗം തന്നെയാണ് നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസംബ്ലി ചേർന്ന് പണവും സമയവും പാഴാക്കുകയാണ് സംസ്ഥാനം ചെയ്തതെന്നാണ് പുതിയ ഭാഷ്യം. കേരളത്തിലെ ജനങ്ങൾ ദേശസ്നേഹികളാണെന്നും തനിക്ക് ഏറെ സ്നേഹം സംസ്ഥാനത്തെ ജനങ്ങൾ ചൊരിയുന്നുണ്ടെന്നും പറഞ്ഞ ആരിഫ്, ഭരണഘടനാപരമായി സംസ്ഥാനത്തെ മേധാവി താൻ തന്നെയാണെന്ന് ആവർത്തിച്ചാണ് അവസാനിപ്പിച്ചത്.